എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. എന്റെ ഏകയും വിലയേറിതുമായ മകൾ ഏഞ്ചലിനെ നഷ്ടപ്പെട്ടപ്പോൾ, നിങ്ങൾക്കറിയാവുന്നതുപോലെ, എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നു അത്. എന്നാൽ ഈ ഭയാനകമായ നഷ്ടത്തിനിടയിലും, നാം ധ്യാനിക്കാൻ പോകുന്ന ഇന്നത്തെ വാഗ്‌ദത്തമനുസരിച്ച്, ദൈവം എന്നെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഇന്ന് നമുക്ക് നൽകപ്പെട്ടിരിക്കുന്ന വാഗ്‌ദത്തം എന്താണ്? അത് മത്തായി 6:33-ൽ നിന്നാണ്, അത് ഇപ്രകാരം പറയുന്നു, “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” അതെ, എന്റെ സുഹൃത്തേ, നിങ്ങൾ ദൈവത്തെ അന്വേഷിക്കുകയാണെങ്കിൽ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് ലഭിക്കും.

"ഓ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു... എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടു" എന്ന് പറഞ്ഞുകൊണ്ട് കരഞ്ഞുകൊണ്ടിരിക്കരുത്. എന്റെ എല്ലാ വേദനകൾക്കും നഷ്ടങ്ങൾക്കും ഇടയിൽ, ഞാൻ യേശുവിനെ നോക്കാൻ പഠിച്ചു. ഞാനും എന്റെ കുടുംബവും യേശുവിൽ മാത്രം കണ്ണുകൾ ഉറപ്പിച്ചിരിക്കുന്നു, ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. അവൻ ഞങ്ങൾക്ക് ധാരാളം മക്കളെ തന്നിരിക്കുന്നു. നിങ്ങൾ I യോഹന്നാൻ 2:16 വായിച്ചാൽ, അത് ഇപ്രകാരം പറയുന്നു, "ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇവ ലോകത്തിലുള്ളതു." കൂടാതെ സങ്കീർത്തനം 143:3 നമ്മെ ഓർമ്മിപ്പിക്കുന്നത് " ഇവയിലൂടെ പിശാച് നമ്മെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു" എന്നാണ്.

അതെ, പിശാച് അലറുന്നു, ആരെ വിഴുങ്ങണമെന്ന് തിരയുന്നു. എന്നാൽ യേശുവിന്റെ രക്തത്തിന് നിങ്ങളെ ശുദ്ധീകരിക്കാനും ജഡത്തിന്റെ എല്ലാ മോഹങ്ങളിൽ നിന്നും പുറത്തുകൊണ്ടുവരാനും കഴിയും. നിങ്ങൾക്ക് സമാധാനമോ സന്തോഷമോ ഇല്ലെങ്കിൽ, യേശുവിന്റെ അടുക്കൽ വരിക. യേശുവിന്റെ കുരിശിങ്കലേക്ക് വരിക. അവിടെ നിങ്ങൾക്ക് സമാധാനവും സന്തോഷവും ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളും ലഭിക്കും. ലൂക്കൊസ് 10:42-ൽ, മാർത്തയുടെയും ലാസറിന്റെയും സഹോദരിയായ മറിയയെക്കുറിച്ച് നാം വായിക്കുന്നു. അവൾ ദൈവത്തിന്റെ സാന്നിധ്യം തേടി അവനോടു പറ്റിനിന്നു. അതുകൊണ്ടാണ് അവൾ നല്ല അംശം തിരഞ്ഞെടുത്തത്. വേദപുസ്തകത്തിൽ പറയുന്നതുപോലെ അന്ധകാരം നിറഞ്ഞവരായി അനേകർ യേശുവിന്റെ അടുക്കൽ വന്നു. എന്നാൽ ദൈവത്തിൻറെ സാന്നിധ്യവും ദൈവവചനവും അവരെ ആകർഷിച്ചു. എല്ലാ ഇരുട്ടുകളിൽ നിന്നും അവർ ലോകത്തിൻറെ വെളിച്ചത്തിലേക്ക് പ്രവേശിച്ചു. ഇപ്പോൾ തന്നെ, നിങ്ങളുടെ എല്ലാ അന്ധകാരങ്ങളിൽ നിന്നും നിങ്ങൾക്ക് പുറത്തുവരാൻ കഴിയും. ദൈവം നിങ്ങൾക്ക് സമാധാനവും സന്തോഷവും അവന്റെ എല്ലാ സമൃദ്ധമായ അനുഗ്രഹങ്ങളും നൽകും.

PRAYER:
പ്രിയപ്പെട്ട സ്വർഗ്ഗീയ പിതാവേ, മുമ്പെ അങ്ങയുടെ രാജ്യവും നീതിയും അന്വേഷിച്ചുകൊണ്ട് തുറന്ന ഹൃദയത്തോടെ ഞാൻ അങ്ങയുടെ മുമ്പാകെ വരുന്നു. കർത്താവേ, ദുഃഖവും പ്രലോഭനവും അന്ധകാരവും നിറഞ്ഞ ഈ ലോകത്തിൽ, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ധമായ അനുഗ്രഹത്തിന്റെയും ഏക ഉറവിടമായി ഞാൻ അങ്ങയെ കാണുന്നു. കർത്താവേ, യേശുവിന്റെ വിലയേറിയ രക്തത്താൽ എന്നെ ശുദ്ധീകരിക്കണമേ. ജഡത്തിന്റെ മോഹത്തിൽ നിന്നും, ജീവനത്തിന്റെ പ്രതാപത്തിൽ നിന്നും, അങ്ങയുടെ വെളിച്ചത്തിൽ നിന്ന് എന്നെ അകറ്റാൻ ശ്രമിക്കുന്ന ശത്രുവിന്റെ എല്ലാ തന്ത്രങ്ങളിൽ നിന്നും എന്നെ വിടുവിക്കേണമേ. മറിയയെപ്പോലെ, എല്ലാറ്റിനുമുപരി, നല്ലഅംശം, അങ്ങയുടെ സാന്നിധ്യം, തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കണമേ. എന്റെ പാത വേദനാജനകമോ അവ്യക്തമോ ആയിരിക്കുമ്പോൾ പോലും, അങ്ങയുടെ വചനത്തെ മുറുകെപ്പിടിച്ച് അങ്ങയുടെ സത്യത്തിൽ നടക്കാൻ എന്നെ പ്രാപ്തയാക്കണമേ. അങ്ങയുടെ സന്തോഷം എന്റെ ബലമായിരിക്കട്ടെ. അങ്ങയുടെ സമാധാനം എന്റെ ഹൃദയത്തെ കാത്തുസൂക്ഷിക്കട്ടെ. അങ്ങയുടെ സ്നേഹം എന്നെ ദിവസവും അങ്ങുമായുള്ള ആഴമേറിയ ബന്ധത്തിലേക്ക് നയിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.