എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു! സദൃശവാക്യങ്ങൾ 4:20–22-ൽ കർത്താവ് പറയുന്നു, "മകനേ, എന്റെ വചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികൾക്കു നിന്റെ ചെവി ചായിക്ക. അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക. അവയെ കിട്ടുന്നവർക്കു അവ ജീവനും അവരുടെ സർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു."

അതെ, എന്റെ പ്രിയ ദൈവപൈതലേ, എല്ലാ ദിവസവും ദൈവവചനം വായിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ? ആവർത്തനം 8:3, മത്തായി 4:4, ലൂക്കൊസ് 4:4 എന്നിവയിൽ, "മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു" എന്ന് തിരുവെഴുത്ത് വ്യക്തമായി പറയുന്നു. സങ്കീർത്തനം 119:105-ൽ ഇങ്ങനെ പറയുന്നു, "നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു." ദൈവവചനം വെളിച്ചവും മാർഗനിർദേശവും മാത്രമല്ല നൽകുന്നത്. അത് സന്തോഷവും ജ്ഞാനവും നൽകുന്നു. സങ്കീർത്തനം 119:92 പറയുന്നതുപോലെ, "നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നു." സങ്കീർത്തനം 119:99-ൽ, "എന്റെ സകലഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു," - എന്തുകൊണ്ട്? കാരണം ഞാൻ അതിനെക്കുറിച്ച് കൂടുതൽ ധ്യാനിക്കുന്തോറും, എന്റെ ഗ്രാഹ്യത്തിൽ ഞാൻ കൂടുതൽ വളരും.

സങ്കീർത്തനം 119:107-ൽ നിന്നുള്ള ഒരു മനോഹരമായ വാക്യം കൂടി ഞാൻ ഉദ്ധരിക്കട്ടെ. അത് പറയുന്നു, "ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ." അതെ! ഓ, ദൈവവചനം നിങ്ങളുടെ ആത്മാവിനും, മനസ്സിനും, ശരീരത്തിനും എത്രമാത്രം ഉണർവ്വ് നൽകുന്നു. ആകയാൽ, എന്റെ പ്രിയ സുഹൃത്തേ, എല്ലാ ദിവസവും ദൈവവചനം വായിക്കേണ്ടത് എത്ര പ്രധാനമാണ്? അത് ആരോഗ്യം, സമാധാനം, ജ്ഞാനം, സന്തോഷം എന്നിവ നൽകുന്നു. ഇപ്പോൾ, നിങ്ങളുടെ ജീവിതം പരിശോധിക്കുക. നിങ്ങൾക്ക് സ്വന്തമായി വേദപുസ്തകം ഉണ്ടോ? ഓരോ ദിവസവും ദൈവവചനം വായിക്കാൻ നിങ്ങൾ എത്ര സമയം ചെലവഴിക്കുന്നു? കർത്താവ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്.

നിങ്ങൾ ദിവസവും ദൈവവചനം വായിക്കുന്നുണ്ടെങ്കിൽ, കർത്താവ് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും, നിങ്ങൾ എത്ര അനുഗ്രഹീതമായ ജീവിതം നയിക്കും! നിങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിൽ, ഇന്നുതന്നെ ആരംഭിക്കുക. പുതിയൊരു പേജ് തുറക്കുന്ന ദിവസമാകട്ടെ ഇത്. ഇന്നുമുതൽ, കർത്താവിന്റെ ജീവനുള്ള വചനത്തിലൂടെ നിങ്ങൾക്ക് ആരോഗ്യവും സമാധാനവും സന്തോഷവും ലഭിക്കട്ടെ.

PRAYER:
കൃപയും സ്നേഹവുമുള്ള പിതാവേ, ജീവനുള്ളതും ശക്തവും സജീവവുമായ അങ്ങയുടെ വചനത്തിന്റെ ദാനത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ഇന്ന്, ഞാൻ എന്റെ ഹൃദയം തുറക്കുകയും അങ്ങയുടെ ശബ്ദത്തിലേക്ക് എന്റെ ചെവികൾ ചായിക്കുകയും ചെയ്യുന്നു. അങ്ങയുടെ വചനങ്ങൾ എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഒളിപ്പിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, അപ്പം കൊണ്ടു മാത്രമല്ല, അങ്ങിൽ നിന്ന് വരുന്ന ഓരോ വചനം കൊണ്ടും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവുമാകട്ടെ. അത് എന്നെ നയിക്കുകയും എന്നെ ശക്തിപ്പെടുത്തുകയും സന്തോഷം കൊണ്ട് നിറയ്ക്കുകയും ചെയ്യട്ടെ. അങ്ങയുടെ വചനം എന്റെ ശരീരത്തിന് രോഗശാന്തിയും എന്റെ മനസ്സിന് സമാധാനവും എന്റെ ആത്മാവിന് ജ്ഞാനവും നൽകട്ടെ. കർത്താവേ, എല്ലാ ദിവസവും അങ്ങയുടെ വചനം വായിക്കാൻ എനിക്ക് പരിശീലനവും വിശപ്പും നൽകണമേ. എന്റെ ജീവിതം ഫലപ്രദവും അനുഗ്രഹീതവുമാക്കണമേ. തിരുവെഴുത്തുകളുടെ നിധിക്ക് നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.