പ്രിയ സുഹൃത്തേ, ഇന്ന് നാം സദൃശവാക്യങ്ങൾ 11:30 ധ്യാനിക്കാൻ പോകുന്നു. വേദപുസ്തകം ഇപ്രകാരം പറയുന്നു, "നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു." അവൻ അവരെ നിത്യതയ്ക്കായി വിളിച്ചുകൂട്ടുന്നു. ആത്മാക്കളെ നേടുന്നവരെ ദൈവം സ്നേഹിക്കുന്നു. ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിന്റെ പ്രഭപോലെ പ്രകാശിക്കും. അതിലുപരിയായി, അനേകരെ നീതിയിലേക്ക് തിരിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെ എന്നേക്കും പ്രകാശിക്കും. ചാൾസ് സ്പർജിയൻ ഇങ്ങനെ പറയുന്നു, "ആത്മാവിനെ ജയിക്കുന്നവൻ പ്രാർത്ഥനയുടെ കലയിൽ പ്രാവീണ്യം നേടേണ്ടവനാണ്." ഒരു ആത്മാവിനെ നേടുന്നതിനുമുന്‍പായി, നാം ആദ്യം ക്രിസ്തുവിനെ നേടണം. നമുക്ക് എങ്ങനെ ക്രിസ്തുവിനെ നേടാനാകും? എല്ലാ ദിവസവും പ്രാർത്ഥനയ്ക്കായി സമയം നിശ്ചയിക്കുമ്പോൾ, ദൈവം നമ്മിൽ പ്രസാദിക്കുന്നു. ആദ്യം നാം സത്യത്തിൽ ജീവിക്കണം. ഓർക്കുക, നിങ്ങൾ നിങ്ങൾക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നത്, മറിച്ച് നിങ്ങൾ ദൈവത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ദൈവമില്ലാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.
ഞങ്ങളുടെ പിതാവ്, സഹോദരൻ. D.G.S. ദിനകരൻ പലപ്പോഴും എന്നോട് ഇങ്ങനെ പറയാറുണ്ട്: " ഇവാഞ്ചലിൻ, ശുശ്രൂഷ ചെയ്യുന്നതിന് മുമ്പ്, പ്രാർത്ഥന കൂടാതെ ഈ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്. നിനക്ക് കഴിയുമെങ്കിൽ, നീ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും വേണം. " അതെ അദ്ദേഹം അങ്ങനെ പറയുമായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇന്നും അങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അപ്രകാരം ചെയ്യുമ്പോൾ മറ്റുള്ളവർക്ക് ഞങ്ങൾ ഒരു അനുഗ്രഹമായിതീരുന്നു. "ശൂന്യമായ പാത്രങ്ങൾ വളരെയധികം ശബ്ദമുണ്ടാക്കുന്നു" എന്ന് പഴഞ്ചൊല്ല് പറയുന്നു. പ്രാർത്ഥനയില്ലാതെ, നാം വെറുതെ നിലവിളിക്കും, കുറച്ച് വാക്കുകൾ പറയും, എന്നാൽ പ്രാർത്ഥനയിലൂടെ നമുക്ക് ആത്മാക്കളെ നേടാനാകും. അതുകൊണ്ടാണ് വേദപുസ്തകം പറയുന്നത്, "നീതിമാന്നു ജീവവൃക്ഷം പ്രതിഫലം." സൌജന്യമായി കൊടുക്കുക. മറ്റുള്ളവരെ ഉന്മേഷിപ്പിക്കുന്നവൻ ഉന്മേഷം പ്രാപിക്കും. യേശു തന്നെ പറയുന്നു, "വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം."
ഒരാൾ സൌജന്യമായി നൽകുന്നു, അത് കൂടുതൽ സമ്പന്നമായി വളരുന്നു. മറ്റൊരാൾ താൻ നൽകേണ്ടത് തടഞ്ഞുവെക്കുകയും ദാരിദ്ര്യം മാത്രം അനുഭവിക്കുകയും ചെയ്യുന്നു. നന്മ ചെയ്യുന്നതിൽ നാം തളർന്നുപോകരുത്. നിങ്ങളുടെ നല്ല പ്രവർത്തനങ്ങൾ തുടരുക. കാരണം, തക്കസമയത്ത് നിങ്ങൾ കൊയ്യും. പ്രിയ സുഹൃത്തേ, പിന്മാറരുത്. നല്ല പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുക. "നീതിമാന്നു ജീവവൃക്ഷം പ്രതിഫലം" എന്ന് വേദപുസ്തകം പറയുന്നത് അതാണ്. ജ്ഞാനിയായവൻ ജീവൻ രക്ഷിക്കുന്നു. യാക്കോബ് 5:20-ൽ വേദപുസ്തകം പറയുന്നു, "പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും." പ്രിയ സുഹൃത്തേ, കർത്താവിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരുക. നിത്യതയ്ക്കായി ആത്മാക്കളെ ശേഖരിച്ചുകൊണ്ടിരിക്കുക. കർത്താവ് നിങ്ങളെ ഒരു ഫലവൃക്ഷമാക്കി മാറ്റട്ടെ.
PRAYER:
സ്നേഹവാനായ കർത്താവേ, മറ്റുള്ളവർക്ക് ജീവൻ നൽകുന്ന ഫലം പുറപ്പെടുവിക്കാൻ എന്നെ വിളിച്ചതിന് അങ്ങേക്ക് നന്ദി. അനേകം ആത്മാക്കളെ അങ്ങയുടെ രാജ്യത്തിലേക്ക് നയിക്കാൻ കഴിയേണ്ടതിന് നീതിയിലും ജ്ഞാനത്തിലും നടക്കാൻ എന്നെ സഹായിക്കണമേ. പ്രാർത്ഥനയിൽ വിശ്വസ്തതയും അങ്ങയുടെ സത്യത്തിൽ വേരൂന്നിയതും സ്നേഹത്തിൽ സമ്പന്നവുമായിരിക്കാൻ എന്നെ പഠിപ്പിക്കണമേ. എന്റെ ജീവിതം മറ്റുള്ളവർക്ക് ചൈതന്യം പകരുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ചെയ്യട്ടെ. നന്മ ചെയ്യുന്നതിൽ ഒരിക്കലും തളർന്നുപോകാതിരിക്കാനും എന്നാൽ എന്റെ ജീവിതത്തിൽ തക്കസമയത്ത് അങ്ങ് ഒരു വിളവെടുപ്പ് കൊണ്ടുവരുമെന്ന് അറിഞ്ഞുകൊണ്ട് പ്രത്യാശയോടെ മുന്നോട്ട് പോകാനും എന്നെ ശക്തിപ്പെടുത്തേണമേ. കർത്താവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുന്ന ഫലവൃക്ഷമായി എന്നെ മാറ്റണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.