എന്റെ പ്രിയ സുഹൃത്തേ, ഇന്ന് ദൈവവചനത്തെയും അവൻ നമുക്കുവേണ്ടി നൽകിയ വാഗ്ദത്തത്തെയും കുറിച്ച് ധ്യാനിക്കുന്നത് സന്തോഷകരമാണ്. എന്നാൽ അതിനുമുമ്പായി, ദമ്പതികൾക്കായുള്ള എസ്ഥേർ പ്രാർത്ഥനാ ഗ്രൂപ്പ് ആരംഭിച്ചിട്ട് ഇന്ന് 8-ാം വർഷം തികയുന്നു. ദമ്പതികൾ പ്രാർത്ഥനയിൽ ഒരുമിച്ചുകൂടി കർത്താവിനെ സേവിക്കുന്നതിനായി എന്റെ മുത്തശ്ശി ശ്രീമതി. സ്റ്റെല്ലാ ദിനകരനാണ് ഇത് ആരംഭിച്ചത്. അതിനാൽ, നിങ്ങൾക്കും ഈ ശുശ്രൂഷയിൽ പങ്ക് ചേരാം, ഈ ശുശ്രൂഷയ്ക്കായി പ്രാർത്ഥിക്കാം, അങ്ങനെ അത് വികസിച്ച് ഒരു അനുഗ്രഹമായിത്തീരും. ഇന്ന്, സങ്കീർത്തനം 140:13-ൽ നിന്ന് ദൈവം നമുക്ക് ഒരു പ്രത്യേക അനുഗ്രഹം വാഗ്ദാനം ചെയ്യുന്നു, “നേരുള്ളവർ നിന്റെ സന്നിധിയിൽ വസിക്കും." എല്ലായ്പ്പോഴും ദൈവത്തിന്റെ സന്നിധിയിൽ വസിക്കുന്നതും അവന്റെ സാന്നിധ്യം നിരന്തരം അനുഭവിക്കുന്നതും എത്ര വലിയ അനുഗ്രഹമാണ്! നിങ്ങളുടെ ഉള്ളിൽ അത്തരമൊരു അഗാധമായ സന്തോഷം ഉണ്ടെന്നും നിങ്ങളുടെ ഹൃദയത്തിലെ സമാധാനം തകർക്കാൻ ഒന്നിനും കഴിയില്ലെന്നും സങ്കൽപ്പിക്കുക. നാമെല്ലാവരും അതിനായി കൊതിക്കുന്നു, അല്ലേ? നേരുള്ളവർക്ക് അത്തരമൊരു അനുഗ്രഹം ലഭിക്കുമെന്ന് ഈ വാക്യം പറയുന്നു. അതിനാൽ നമുക്ക് ഇപ്രകാരം ദൈവത്തോട് യാചിക്കാം, "കർത്താവേ, ഞങ്ങൾക്ക് എപ്പോഴും അങ്ങയുടെ സന്നിധിയിൽ വസിക്കാൻ കഴിയുന്ന വിധത്തിൽ ഞങ്ങളെ നേരുള്ളവരാക്കേണമേ."
ആരാണ് നേരുള്ളവർ? സങ്കീർത്തനം 1:2 പറയുന്നതുപോലെ, രാവും പകലും യഹോവയുടെ വചനം ധ്യാനിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നേരുള്ളവർ. ദൈവത്തിന്റെ വചനങ്ങൾ കേൾക്കുന്നതിൽ അവർ ആനന്ദിക്കുന്നു. നേരുള്ളവർ തങ്ങളുടെ ജഡത്തിന്റെ ആഗ്രഹങ്ങളെ ത്യജിക്കുകയും ദൈവത്തിന്റെ ദൃഷ്ടിയിൽ ശരിയായത് മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നു. പാപത്തിന്റെ സുഖങ്ങൾ നമ്മുടെ ജഡത്തിലേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ട്, എന്നാൽ "എനിക്ക് അത് വേണ്ട. ഞാൻ ശുദ്ധനായിരിക്കണം, ദൈവത്തിന് അനുയോജ്യമായത് ചെയ്യണം" എന്ന് പറയുന്നവരാണ് നേരുള്ളവർ. ഇവരാണ് കർത്താവിന്റെ ജനം. "ഞാൻ കർത്താവിനെ ധിക്കരിക്കുകയില്ല. അവനെ അനുസരിക്കാതിരിക്കുക എന്നത് എന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നു. ഞാൻ എല്ലായ്പ്പോഴും അനുസരിക്കും, അവന്റെ ഇഷ്ടം ശ്രദ്ധിക്കും" എന്ന് പറഞ്ഞ് ദൈവഹിതം ചെയ്യാനും അത് പൂർത്തിയാക്കാനും മാത്രം തീരുമാനിക്കുന്നവർ കൂടിയാണ് അവർ. അത്തരം ആളുകൾ ദൈവത്തിന്റെ മുന്നിൽ നേരുള്ളവരാണ്.
അതിലുപരിയായി, തങ്ങളുടെ നഷ്ടങ്ങൾക്കിടയിലും ജീവിതത്തിലെ കുറവുകൾക്കിടയിലും ത്യാഗപൂർവം നൽകുന്നവരാണ് നേരുള്ളവർ. അവർ കർത്താവിനെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് സന്തോഷത്തോടെ നൽകുന്നു. അവസാനമായി, എല്ലായ്പ്പോഴും കർത്താവിനോട് നന്ദിയുള്ളവരാണ് നേരുള്ളവർ. ഏറ്റവും മോശമായ സാഹചര്യങ്ങളിൽ പോലും അവർ "കർത്താവിന് നന്ദി" എന്ന് പറയുന്നത് തുടരുകയും "കർത്താവ് ഇപ്പോഴും എനിക്ക് നന്മ ചെയ്യും" എന്ന് പറഞ്ഞ് അവരുടെ വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇവരാണ് ദൈവം ഇഷ്ടപ്പെടുന്ന നേരുള്ളവർ. രാവും പകലും അവന്റെ മഹത്വപൂർണ്ണമായ സാന്നിധ്യത്തിൽ വസിക്കാനായി നമ്മെ അത്തരം നേരുള്ള ആളുകളാക്കി മാറ്റാൻ ഇന്ന് നമുക്ക് കർത്താവിനോട് അപേക്ഷിക്കാം.
PRAYER:
പ്രിയ കർത്താവേ, നേരുള്ളവർ അങ്ങയുടെ സന്നിധിയിൽ വസിക്കുമെന്ന വാഗ്ദത്തത്തിന് അങ്ങേയ്ക്ക് നന്ദി. എല്ലാ ദിവസവും അങ്ങയോടൊപ്പം നടന്ന്, ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവേ, എന്നെ നേരുള്ളവനും ഹൃദയത്തിൽ ശുദ്ധനും ആത്മാവിൽ അനുസരണയുള്ളവനും ത്യാഗത്തിൽ സന്തോഷമുള്ളവനും ആക്കേണമേ. ജഡിക മോഹങ്ങൾ ഉപേക്ഷിച്ച് അങ്ങയുടെ ദൃഷ്ടിയിൽ ഉചിതമായത് തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കണമേ. എല്ലാ സമയത്തും നന്ദിയുള്ളവനായിരിക്കാനും ഇല്ലായ്മയുടെ സമയങ്ങളിൽ പോലും സന്തോഷത്തോടെ നൽകാനും എന്നെ പഠിപ്പിക്കേണമേ. രാവും പകലും അങ്ങയുടെ വചനത്തിൽ ആനന്ദിക്കാനും അങ്ങയുടെ ഇഷ്ടം നിറവേറ്റുന്നതിനായി ജീവിക്കാനും ദയവായി എന്നെ പ്രാപ്തനാക്കണമേ. അങ്ങ് എന്റെ ഹൃദയത്തിൽ സ്ഥാപിച്ചിരിക്കുന്ന സമാധാനത്തെ യാതൊന്നും തകർക്കാതിരിക്കട്ടെ. അങ്ങയുടെ സാന്നിധ്യത്തിൽ എന്നേക്കും വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.