പ്രിയ സുഹൃത്തേ, സങ്കീർത്തനം 91:15 പറയുന്നത് പോലെ, “അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ അവനോടുകൂടെ ഇരിക്കും; ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.” നാം അവനെ വിളിച്ചപേക്ഷിക്കുമ്പോഴെല്ലാം കർത്താവ് നമുക്ക് ഉത്തരം നൽകുന്നു. അതുപോലെ, യാക്കോബ് 5:16-ൽ ഒരു നീതിമാൻ വിളിച്ചപേക്ഷിച്ചാൽ, കർത്താവ് ഉടനെ പ്രതികരിക്കും എന്ന് പറഞ്ഞിരിക്കുന്നു. ഏലിയാ പ്രവാചകൻ വളരെ നീതിമാൻ ആയിരുന്നു. യാക്കോബ് 5:17-18-ൽ പറയുന്നു, "ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു." ഏലിയാവിന്, ദൈവം ഒരു സുഹൃത്തിനെപ്പോലെയായിരുന്നു. മഴ ആവശ്യമുള്ളപ്പോൾ അവൻ ദൈവത്തോട് പ്രാർത്ഥിച്ചു, കർത്താവ് ഉടനെ ഉത്തരം നൽകി. ഒരു സുഹൃത്തിനെപ്പോലെ അവനെ വിളിക്കുക. ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കുക. പ്രിയ സുഹൃത്തേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് കർത്താവ് സന്തോഷത്തോടെ ഉത്തരം നൽകും. പുറപ്പാട് 33:11 ലെ പോലെ, "ഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതു പോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു." മോശെയ്ക്ക് ദൈവവുമായി അടുത്ത ബന്ധവും അവനുമായി പ്രത്യേക അടുപ്പവും ഉണ്ടായിരുന്നു. എപ്പോഴും ദൈവത്തോട് സംസാരിച്ചുകൊണ്ടേയിരിക്കുക.

ഈയിടെ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഞങ്ങൾ ഒരു വിമാനത്തിൽ കയറിയെങ്കിലും ഭർത്താവിൻ്റെയും എൻ്റേയും സീറ്റ് നമ്പർ വ്യത്യസ്തമായിരുന്നു. ഞങ്ങൾ ബോർഡിംഗ് കാർഡ് നോക്കിയപ്പോഴാണ് അത് കണ്ടത്, അതിനാൽ മറ്റൊരു സീറ്റിലേക്ക് മാറാൻ ഞങ്ങൾ ഒരു യാത്രക്കാരനോട് അഭ്യർത്ഥിച്ചു. അദ്ദേഹം വളരെ മാന്യനായി കാണപ്പെട്ടു. അദ്ദേഹം ഇരിപ്പിടത്തിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നില്ലെന്ന് എനിക്കറിയാം, കാരണം അദ്ദേഹം അതിൽ മുറുകെ പിടിച്ചിരുന്നു. ആ നിമിഷം, ഞാൻ നിശബ്ദമായി പ്രാർത്ഥിച്ചു, "കർത്താവേ, ഈ മനുഷ്യൻ്റെ ഹൃദയം ചലിപ്പിക്കേണമേ, അദ്ദേഹം എഴുന്നേറ്റു മറ്റൊരു സീറ്റിലേക്ക് മാറട്ടെ." ഉടനെ, എന്തോ സംഭവിച്ചു. അദ്ദേഹം  എഴുന്നേറ്റു, വിമാനത്തിൻ്റെ മറുവശത്തേക്ക് നീങ്ങി, ഒടുവിൽ ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു ഇരുന്നു. ഞാൻ എന്താണ് പ്രാർത്ഥിച്ചതെന്ന് എൻ്റെ ഭർത്താവിന് അറിയില്ലായിരുന്നു, പക്ഷേ ദൈവത്തിന് അറിയാമായിരുന്നു. എത്ര നല്ല ദൈവമാണ് നമുക്കുള്ളത്, അല്ലേ? നാം എന്ത് യാചിച്ചാലും കർത്താവ് തരും.

നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ചെറിയ ഉദാഹരണമാണിത്. ഇത് നിസ്സാരമെന്ന് തോന്നുമെങ്കിലും ദൈവം നമ്മുടെ എല്ലാ പ്രാർത്ഥനകളും
ശ്രദ്ധയോടെ കേൾക്കുന്നു. ജീവനുള്ള ദൈവത്തിനോടുള്ള ഒരു ആത്മാവിൻ്റെ നിലവിളിയാണ് യഥാർത്ഥ പ്രാർത്ഥന. നമ്മൾ എന്തിന് പ്രാർത്ഥിക്കണം? ദൈവം എപ്പോഴും കൂടെയുണ്ടാകാൻ നാം പ്രാർത്ഥിക്കുന്നു. ഇതാണ് നമ്മുടെ ആത്മാവിൻ്റെ ആഗ്രഹം, അല്ലേ? ഉത്തരം വരുമ്പോൾ, നമുക്ക് കൃത്യമായി ദൈവത്തിൻ്റെ സാന്നിധ്യം അനുഭവപ്പെടുന്നു. അപ്പോൾ നമുക്ക് പ്രോത്സാഹനം ലഭിക്കുകയും എല്ലാ തിന്മകളിൽനിന്നും നമ്മെത്തന്നെ കാത്തുസൂക്ഷിച്ചുകൊണ്ട് കൂടുതൽ നീതിയും വിശുദ്ധിയും ഉള്ളവരായിത്തീരുകയും ചെയ്യുന്നു. ആവർത്തനപുസ്‌തകം 4:7-ൽ വേദപുസ്തകം പറയുന്നതുപോലെ, "നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?" സങ്കീർത്തനം 34:18-ൽ "ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ" എന്ന് പറയുന്നു. ഹൃദയം തകർന്ന ആത്മാക്കൾ, ദൈവം തങ്ങൾക്ക് സമീപമായി ഉണ്ടായിരിക്കാൻ വളരെ തീവ്രമായി ആഗ്രഹിക്കുന്നു. പ്രാർത്ഥനാ മഹോത്സവങ്ങളിൽ തങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന് അപേക്ഷിച്ച് ആളുകൾ ദൈവത്തോട് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. "കർത്താവേ, എനിക്ക് ഈ ലോകത്ത് ആരുമില്ല, എനിക്ക് അങ്ങയെ വേണം കർത്താവേ" എന്ന് അവർ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സമയങ്ങളിൽ, കർത്താവ് അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കുന്നു, അവർ സന്തോഷത്താൽ നിറയുന്നു. കർത്താവ് ഇന്ന് നിങ്ങളോട് അരുളിച്ചെയ്യുന്നു: "നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ നിങ്ങൾക്കു ഉത്തരമരുളും; കഷ്ടകാലത്തു ഞാൻ നിങ്ങളോടുകൂടെ ഇരിക്കും; ഞാൻ നിങ്ങളെ വിടുവിച്ചു മഹത്വപ്പെടുത്തും." ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

PRAYER:

പ്രിയ കർത്താവേ, എനിക്ക് ഉത്തരം നൽകുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിൽ വിശ്വസിച്ചുകൊണ്ട് ഞാൻ ഇന്ന് അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അങ്ങ് പറഞ്ഞതുപോലെ എന്നെ വിടുവിച്ചു മഹത്വപ്പെടുത്തുവാൻ കഷ്ടകാലങ്ങളിൽ അങ്ങ് എന്നോടൊപ്പം  ഉണ്ടായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.  ഏലിയാവിന്റെയും മോശെയുടെയും പ്രാർത്ഥന അങ്ങ് കേട്ടതുപോലെ, എൻ്റെ പ്രാർത്ഥനകളും അങ്ങ് കേൾക്കുന്നുവെന്ന് എനിക്കറിയാം. ഞാൻ അപേക്ഷിക്കുന്നതെല്ലാം അങ്ങ് ശ്രദ്ധയോടെ കേൾക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ട് ഒരു സ്നേഹിതനെപ്പോലെ അങ്ങയെ സമീപിക്കാൻ എനിക്ക് ആത്മവിശ്വാസം നൽകേണമേ. കർത്താവേ, എൻ്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കുകയും അങ്ങയുടെ സന്തോഷം എന്നിൽ കവിഞ്ഞൊഴുകുകയും ചെയ്യട്ടെ. എല്ലാ തിന്മകളിൽനിന്നും എന്നെ കാത്തുസൂക്ഷിച്ചുകൊണ്ട് നീതിമാനും വിശുദ്ധനുമായി നിലകൊള്ളാൻ എന്നെ സഹായിക്കേണമേ. അങ്ങ് എപ്പോഴും, പ്രത്യേകിച്ച് എൻ്റെ ഹൃദയം തകർന്നപ്പോൾ സമീപത്തുണ്ടായിരുന്നതിന് നന്ദി. അങ്ങയുടെ വിശ്വസ്തതയ്ക്കും അങ്ങയെ വിളിച്ചപേക്ഷിക്കാനുള്ള വിശേഷഭാഗ്യത്തിനും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എൻ്റെ ആത്മാവ് അങ്ങയോട് നിരന്തരം നിലവിളിക്കട്ടെ, അങ്ങയുടെ സാന്ത്വന സാന്നിദ്ധ്യം ഞാൻ എപ്പോഴും അനുഭവിക്കട്ടെ. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.