എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം ധ്യാനിക്കാൻ പോകുന്ന വാഗ്ദത്ത വാക്യം സദൃശവാക്യങ്ങൾ 4:18-ൽ നിന്നുള്ളതാണ്. “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു." നീതിമാന്മാരുടെ പാത പ്രകാശവും മഹത്വവും നിറഞ്ഞ പ്രഭാത സൂര്യനെപ്പോലെ പ്രകാശിക്കും. നാം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തിളക്കമുള്ള പ്രകാശമാണ് ഉച്ചവെയിലിലെ സൂര്യന്റെ വെളിച്ചം. എന്നാൽ എങ്ങനെയാണ് നാം അത്തരത്തിൽ പ്രകാശിക്കുന്നതിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്? നമ്മിൽ പലരും ഇരുട്ടിൽ കുടുങ്ങിപ്പോയതായും പാപത്താലും പാപകരമായ ആസക്തിയാലും ചുറ്റപ്പെട്ടിരിക്കുന്നതായും തോന്നിയേക്കാം.

പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളുടെ യാഥാർത്ഥ്യം അതാണെങ്കിൽ, ഇന്ന് തന്നെ നിങ്ങളുടെ മാറ്റത്തിന്റെ ദിനമാണ്. കർത്താവിന്റെ മുമ്പാകെ താഴ്മയുള്ളവരായിരിക്കുക. അപ്പൊ. പ്രവൃത്തികൾ 9-ാം അദ്ധ്യായത്തിൽ, ക്രിസ്തുവിനെതിരായ പ്രവൃത്തികളാൽ നിറഞ്ഞ ജീവിതം നയിച്ച ശൌലിനെക്കുറിച്ച് നാം വായിക്കുന്നു. റോമർ 9:23-ൽ വിവരിച്ചിരിക്കുന്നതുപോലെ അവൻ കോപത്തിന്റെ പാത പിന്തുടർന്നു. അവനെ കോപത്തിന്റെ പാത്രമായി കണക്കാക്കി. എന്നിട്ടും കരുണാസമ്പന്നനായ ദൈവം അവനെ സമീപിച്ചു. യേശു അവനെ പേർ ചൊല്ലി വിളിച്ചു, "നീ എത്രനാൾ എന്നെ ദുഃഖിപ്പിക്കും?" എന്നു ചോദിച്ചു. ആ നിമിഷം ശൌലിന്റെ ഹൃദയത്തെ തുളച്ചു. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച എല്ലാം മാറ്റിമറിച്ചു. ഗലാത്യർ 2:20 ൽ, ആ പരിവർത്തനത്തിന്റെ മനോഹരമായ ഫലം നാം കാണുന്നു: "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു."

ഇതാണ് യഥാർത്ഥ വിജയത്തിലേക്കുള്ള വഴി. നിങ്ങൾ ഇരുട്ടിൽ നഷ്ടപ്പെട്ടാലും, സാത്താന്റെ പാതയിലൂടെ നടന്നാലും, ദൈവത്തിന് നിങ്ങളുടെ ശൌലിനെ പൌലൊസാക്കി മാറ്റാൻ കഴിയും. അതിന് ആവശ്യമുള്ളത് ഹൃദയത്തിൽ നിന്നുള്ള ആത്മാർത്ഥമായ ഈ നിലവിളിയാണ്: "കർത്താവേ, ഞാൻ ഒരു പാപിയാണ്. എന്നോട് ക്ഷമിക്കണം. ഞാൻ ഇരുട്ടിലാണ്. യേശുക്രിസ്തുവേ, അങ്ങയുടെ അത്ഭുതകരമായ പ്രകാശത്തിലേക്ക് എന്നെ കൊണ്ടുവരേണമേ." നിങ്ങൾ നിലവിളിച്ചാൽ അവൻ നിങ്ങളെ കേൾക്കും. അവൻ നിങ്ങളെ നിങ്ങളുടെ ഇരുട്ടിൽ നിന്ന് ഉയർത്തുകയും അവനിൽ നിങ്ങൾക്ക് പുതിയതും ശോഭയുള്ളതുമായ ജീവിതം നൽകുകയും ചെയ്യും.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, ഇന്ന് ഞാൻ അങ്ങയുടെ സന്നിധിയിൽ എളിമയുള്ള ഹൃദയത്തോടെ വരുന്നു. എന്റെ പാപങ്ങളെയും ഞാൻ കടന്നുവന്ന ഇരുട്ടിനെയും ഞാൻ അംഗീകരിക്കുന്നു. എന്നാൽ കർത്താവായ യേശുവേ, അങ്ങ് ശൌലിനെ വിളിച്ച് അവന്റെ ജീവിതം രൂപാന്തരപ്പെടുത്തിയതുപോലെ, എന്നെയും മാറ്റാൻ അങ്ങേക്കു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ ക്ഷമയും കരുണയും ഞാൻ യാചിക്കുന്നു. എന്നെ കഴുകി ശുദ്ധീകരിച്ച് അങ്ങയുടെ അത്ഭുത വെളിച്ചത്തിലേക്ക് കൊണ്ടുവരണമേ. ഇനി ഞാൻ എനിക്കുവേണ്ടി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എന്റെ ജീവിതം അങ്ങേക്ക് സമർപ്പിക്കുന്നു. ക്രിസ്തു എന്നിൽ ജീവിക്കട്ടെ. അങ്ങയുടെ സത്യത്തിൽ ഞാൻ നടക്കുമ്പോൾ എന്റെ പാത കൂടുതൽ പ്രകാശിക്കട്ടെ. കർത്താവേ, എന്നെ സ്നേഹിച്ചതിനും എനിക്കുവേണ്ടി അങ്ങയെതന്നെ സമർപ്പിച്ചതിനും നന്ദി. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.