എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നാം ഇയ്യോബ് 42:2 ധ്യാനിക്കുന്നു, അത് ഇപ്രകാരം പ്രഖ്യാപിക്കുന്നു: “നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.” ദൈവത്തെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്ത ഒരു മനുഷ്യനായിരുന്നു ഇയ്യോബ്. അവൻ കർത്താവിനോട് അടുത്തു നടന്നു. എന്നിരുന്നാലും, അവന് അചഞ്ചലമായ വിശ്വാസം ഉണ്ടായിരുന്നിട്ടും, ജീവിതത്തിലെ എല്ലാം അവന് നഷ്ടപ്പെട്ടു - അവന്റെ മക്കൾ, ആരോഗ്യം, അവന്റെ എല്ലാ സ്വത്തുക്കൾ, അവന് ഒന്നും തന്നെ അവശേഷിച്ചില്ല. എന്നാൽ തന്റെ ഏറ്റവും വലിയ കഷ്ടപ്പാടിനിടയിലും അവൻ ദൈവത്തോട് നിലവിളിച്ചു, "കർത്താവേ, അങ്ങാണ് എന്റെ പ്രത്യാശ, എന്റെ ഏക പ്രതീക്ഷ!" സദൃശവാക്യങ്ങൾ 28:25 പറയുന്നതുപോലെ, ഇയ്യോബ് ദൈവത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും അവന്റെ വഴികൾ ഉത്സാഹത്തോടെ പിന്തുടരുകയും ചെയ്തു. ഇയ്യോബ് 13:15-ൽ "അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും" എന്ന് അവൻ ധൈര്യത്തോടെ പറയുന്നു, ഇയ്യോബ് 23:10-ൽ "അവൻ എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും" എന്ന് അവൻ പറയുന്നു. ഹല്ലേലൂയാ!

എന്റെ സുഹൃത്തേ, കർത്താവിനോടുള്ള നിങ്ങളുടെ സ്നേഹം എത്ര ആഴത്തിലുള്ളതാണ്? നിങ്ങൾ എല്ലായ്പ്പോഴും അവനെ വിശ്വസിക്കുന്നുണ്ടോ? എല്ലാം നഷ്ടപ്പെട്ടപ്പോഴും, നിങ്ങൾ അവനിൽ ദൃഷ്ടി പതിപ്പിക്കുന്നുണ്ടോ?  അതാണ് ഇയ്യോബ് ചെയ്തത്. സുഹൃത്തുക്കൾ തന്നെ പരിഹസിക്കുകയും കുടുംബം ഉപേക്ഷിക്കുകയും പ്രോത്സാഹിപ്പിക്കാൻ ആരും ഇല്ലാതിരിക്കുകയും ചെയ്തപ്പോഴും അവൻ ദൈവത്തോട് പറ്റിനിൽക്കുകയായിരുന്നു. എന്നിട്ടും അവന്റെ അചഞ്ചലമായ വിശ്വാസം തുടർന്നു, അവൻ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു, "അവൻ എന്റെ ദൈവമാണ്! അവൻ എന്നെ നിരാശപ്പെടുത്തുകയില്ല. അവൻ എന്നെ കൊന്നാലും ഞാൻ അവനിൽ വിശ്വസിക്കും." അവന്റെ ഉറച്ച വിശ്വാസം നിമിത്തം, ദൈവം അവനിൽ പ്രസാദിച്ചു. എല്ലാ എതിർപ്പുകളിൽ നിന്നും എല്ലാ പരീക്ഷണങ്ങളിൽ നിന്നും കർത്താവ് അവനെ ഉയർത്തി, അവനെ സമൃദ്ധമായി അനുഗ്രഹിച്ചു.

എന്റെ സുഹൃത്തേ, ഇന്നും അതേ ദൈവം ഇവിടെയുണ്ട്! അവൻ ജീവനുള്ളവനും സ്നേഹനിധിയുമായ ദൈവമാണ്, നിങ്ങളുടെ ജീവിതത്തിലും അവൻ അതുതന്നെ ചെയ്യാൻ ആഗ്രഹിക്കുന്നു. എല്ലാം നഷ്ടപ്പെട്ടതായി നിങ്ങൾക്ക് തോന്നുന്നുണ്ടോ? "എനിക്ക് പ്രതീക്ഷയില്ല. ആരും എന്നെ സ്നേഹിക്കുന്നില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ല" എന്ന് നിങ്ങൾ പറയുന്നുണ്ടോ? ധൈര്യപ്പെടുക! കർത്താവ് സ്നേഹത്തിന്റെ ദൈവമാണ്. അവനെ നോക്കുക. അവനോടു പറ്റിച്ചേരുക. അവന്റെ വാഗ്‌ദത്തങ്ങൾ മുറുകെ പിടിക്കുക. ഇപ്പോൾ, നിങ്ങൾ അവനിൽ ആശ്രയിക്കുമ്പോൾ, നിങ്ങൾക്ക് അവന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും. നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും!

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങേക്ക് സകലവും ചെയ്യാൻ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് വിശ്വാസം നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, നഷ്ടത്തിന്റെയും നിരാശയുടെയും സമയങ്ങളിൽ പോലും, അങ്ങിൽ മാത്രം എന്റെ കണ്ണുകൾ ഉറപ്പിക്കാൻ എന്നെ സഹായിക്കണമേ. എനിക്ക് എന്ത് സംഭവിച്ചാലും ഞാൻ അങ്ങയോട് പറ്റിനിൽക്കാൻ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിലുള്ള എന്റെ ആത്മവിശ്വാസത്തെ സംശയമോ ഭയമോ നിരുത്സാഹമോ കുലുക്കാതിരിക്കട്ടെ. അങ്ങയുടെ സാന്നിധ്യത്താൽ എന്നെ വലയം ചെയ്യേണമേ, ജീവിതത്തിലെ ഓരോ കൊടുങ്കാറ്റിലും എന്റെ അഭയസ്ഥാനമായിരിക്കേണമേ. കർത്താവേ, എന്റെ കഷ്ടതകളിൽ നിന്ന് എന്നെ ഉയർത്തുകയും അങ്ങയുടെ ദിവ്യഹിതമനുസരിച്ച് എന്നെ അനുഗ്രഹിക്കുകയും ചെയ്യണമേ. എന്റെ വിധിയുടെ നിയന്ത്രണം അങ്ങാണെന്ന് അറിഞ്ഞുകൊണ്ട് എന്റെ ഹൃദയത്തെ സമാധാനം കൊണ്ട് നിറയ്ക്കണമേ. അനുസരണത്തിൽ നടക്കാനും അങ്ങയുടെ വാഗ്‌ദത്തങ്ങൾ മുറുകെ പിടിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ പരിപൂർണ്ണ  പദ്ധതിയിൽ ഞാൻ ആശ്രയിക്കുമ്പോൾ അങ്ങയുടെ മഹത്വം എന്റെ ജീവിതത്തിൽ വെളിപ്പെടട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.