പ്രിയ സുഹൃത്തേ, സദൃശവാക്യങ്ങൾ 22:11-ൽ വേദപുസ്തകം പറയുന്നതുപോലെ, “ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ." നാം ദൈവവചനത്താൽ നിറയണം. അപ്പോൾ മാത്രമേ നമ്മുടെ വായ് കൃപയുള്ള വാക്കുകൾ സംസാരിക്കുകയുള്ളൂ. മത്തായി 12:34-ൽ വേദപുസ്തകം പറയുന്നത് അതാണ് - " ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു." ഒരു വ്യക്തി പരിശുദ്ധാത്മാവിനാൽ നിറയുമ്പോൾ, അവന്റെ വായ് ദൈവവചനത്താൽ നിറയുന്നു. അപ്പോൾ മാത്രമേ ഒരു വ്യക്തി പ്രവചന വചനം സംസാരിക്കൂ. അതെ, ഒരു വ്യക്തി അക്ഷരാർത്ഥത്തിൽ പരിശുദ്ധാത്മാവിനാൽ കൊണ്ടുപോകപ്പെടുന്നു, ആ വ്യക്തി പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരിക്കുന്നു. യേശു ഈ ലോകത്തിലായിരുന്നപ്പോൾ, അവൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞിരുന്നു. യോഹന്നാൻ 3:34-ൽ, കർത്താവ് അവന് ആത്മാവിനെ അളവുകൂടാതെ നൽകിയതായി നാം കാണുന്നു, അതിനാലാണ് ലൂക്കൊസ് 4:22-ൽ കാണുന്നതുപോലെ കർത്താവ് ലാവണ്യ വാക്കുകൾ പറഞ്ഞത്.
എന്നാൽ ലൌകികജീവിതം നയിക്കുന്ന ഒരു മനുഷ്യൻ എങ്ങനെ സംസാരിക്കും? സങ്കീർത്തനം 55:21 ൽ വേദപുസ്തകം പറയുന്നു: "അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകൾ ആയിരുന്നു." പലപ്പോഴും, നാമും ആ മുഖസ്തുതി വാക്കുകളാൽ വഞ്ചിക്കപ്പെടുന്നു. നാം അവരോടൊപ്പം ചേരുകയും ചിലപ്പോൾ ലോകത്തിലേക്ക് പോകുകയും ചെയ്യുന്നു, എന്നാൽ പിന്നീട് പരിശുദ്ധാത്മാവിനാൽ നിറയപ്പെടാനും എല്ലായ്പ്പോഴും പരിശുദ്ധാത്മാവിനാൽ ഭരിക്കപ്പെടുന്നതിനും നാം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. റോമർ 8:6-ൽ വേദപുസ്തകം പറയുന്നു, " ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ." ലൌകികരുടെ വാക്കുകളാൽ വഞ്ചിക്കപ്പെടരുത്. മറുവശത്ത്, സങ്കീർത്തനം 51:10-ൽ ദാവീദ് ചെയ്തതുപോലെ ദൈവത്തോട് നിലവിളിക്കുക, "ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ." കൃപയുള്ള വാക്കുകൾ സംസാരിക്കാൻ ശുദ്ധമായ ഹൃദയം നമുക്ക് വളരെ പ്രധാനമാണ്. ശുദ്ധമായ ഹൃദയം ദൈവത്തിന്റെ സത്യത്താൽ നിറഞ്ഞ ഹൃദയമാണ്. ദൈവത്തിന്റെ സത്യം ഹൃദയത്തെ ശുദ്ധീകരിക്കുകയും വിശുദ്ധജീവിതം നയിക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യുന്നു, മത്തായി 12:33 ൽ പറയുന്നതുപോലെ, "ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു."
വേദപുസ്തകത്തിലെ ദാനിയേൽ ദിവസത്തിൽ മൂന്ന് പ്രാവശ്യം ദൈവത്തോട് പ്രാർത്ഥിച്ചിരുന്നു. ഇക്കാരണത്താൽ, ഭാവി ദിനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ദൈവം അവന് നൽകി, അവന് വളരെയധികം ജ്ഞാനവും ഉണ്ടായിരുന്നു. ദാനിയേലിനു അസാധാരണമായ കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞ ദാർയ്യാവേശ്‌രാജാവ് അവനെ തന്റെ രാജ്യത്തിന്റെ ഭരണാധികാരിയാക്കുന്നതിനെക്കുറിച്ച് പോലും ആലോചിച്ചു. എന്നാൽ ദാനിയേലിനോടൊപ്പം പ്രവർത്തിച്ച മന്ത്രിമാർക്ക് അത് ഇഷ്ടപ്പെട്ടില്ല. ദാനിയേലിനെ സിംഹത്തിന്റെ ഗുഹയിലേക്ക് എറിയാനായി അവർ ഒരു നിയമം ഉണ്ടാക്കി. ദാനിയേലിനെ ഗുഹയിൽ ഇട്ടപ്പോൾ, ദാർയ്യാവേശ്‌രാജാവ് വളരെയധികം അസ്വസ്ഥനായി. അവൻ യഥാർത്ഥത്തിൽ ദാനിയേലിന്റെ സുഹൃത്തായിത്തീർന്നു. ആകയാൽ അവനെ സിംഹത്തിന്റെ ഗുഹയിലേക്ക് വലിച്ചെറിയാൻ അവൻ ആഗ്രഹിച്ചില്ല. രാത്രി മുഴുവൻ രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല. അതിരാവിലെ അവൻ സിംഹഗുഹയിലേക്ക് ഓടിച്ചെന്ന് ഉറക്കെ വിളിച്ചു, " ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാൻ പ്രാപ്തനായോ എന്നു ചോദിച്ചു." രാജാവ് ദാനിയേലിനെ അത്രയധികം സ്നേഹിച്ചു. ദൈവവചനം നമ്മുടെ ഹൃദയത്തിൽ ഉണ്ടാകുമ്പോൾ, ദൈവവചനം കൃപയോടെ സംസാരിക്കുമ്പോൾ, രാജാവ് പോലും നമ്മുടെ സുഹൃത്തായി മാറുന്നു. കർത്താവ് നിങ്ങളെ അങ്ങനെ ആക്കട്ടെ. ഇന്ന് നാം ധ്യാനിച്ചതുപോലെ യേശുവിനെ സ്നേഹിക്കുന്ന ശുദ്ധമായ ഹൃദയം കർത്താവ് നിങ്ങൾക്ക് നൽകട്ടെ.
PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, എന്നെ നിറയ്ക്കുകയും രൂപാന്തരപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന അങ്ങയുടെ ജീവനുള്ള വചനത്തിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. കർത്താവേ, അങ്ങ് എന്നിൽ ശുദ്ധമായ ഹൃദയം സൃഷ്ടിക്കുകയും എന്റെ ഉള്ളിൽ ശരിയായ ഒരു ആത്മാവിനെ പുതുക്കുകയും ചെയ്യണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ വാക്കുകൾ എപ്പോഴും അങ്ങയെ പ്രസാദിപ്പിക്കുന്നതും കൃപയുള്ളതുമാകേണ്ടതിന് എന്റെ ഹൃദയം അങ്ങയുടെ സത്യത്താൽ നിറഞ്ഞുകവിയട്ടെ. ലോകത്തിന്റെ മാധുര്യമുള്ള വാക്കുകളാൽ വഞ്ചിക്കപ്പെടാതെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിരന്തരം നയിക്കപ്പെടാൻ എന്നെ സഹായിക്കണമേ. അങ്ങ് യേശുവിനെ അളവില്ലാതെ പരിശുദ്ധാത്മാവിനാൽ നിറച്ചതുപോലെ, ദാനിയേലിന് കൃപയും ജ്ഞാനവും നൽകിയതുപോലെ, അങ്ങയുടെ സത്യത്തിലും വിശുദ്ധിയിലും നടക്കാൻ എന്നെ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ നിറയ്‌ക്കേണമേ. എന്റെ വാക്കുകൾ നല്ല ഫലം നല്‍കുകയും രാജാക്കന്മാരെപ്പോലും സൌഹൃദത്തിലേക്ക് ആകർഷിക്കുകയും ചെയ്യട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.