എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ  യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നമുക്ക് യെശയ്യാവ് 30:21-ലെ വാഗ്‌ദത്ത വാക്യത്തെക്കുറിച്ച് ധ്യാനിക്കാം, അത് ഇപ്രകാരം പറയുന്നു, “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: 'വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ' എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും." നമ്മുടെ കർത്താവായ യേശുക്രിസ്തു നമുക്കെല്ലാവർക്കും മുന്നിൽ മാതൃകാപരമായ ഒരു ജീവിതം നയിച്ചു. നിങ്ങൾ മർക്കൊസ് 1:35 വായിക്കുകയാണെങ്കിൽ, അതികാലത്തു ഇരുട്ടോടെ അവൻ ഒരു നിർജ്ജനസ്ഥലത്തു ചെന്നു തന്റെ പിതാവായ കർത്താവിനെ അന്വേഷിക്കുമെന്ന് നാം വായിക്കുന്നു. അപ്പോൾ പിതാവായ കർത്താവ് അവനോട് ഇപ്രകാരം പറയും, "വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ." എന്റെ വിലയേറിയ സുഹൃത്തേ, നിങ്ങളും അതുപോലെ ചെയ്യുക. അതിരാവിലെ എഴുന്നേറ്റ് മുട്ടുകുത്തി കർത്താവിനെ നോക്കി, "കർത്താവേ, ഇതാ ഞാൻ, എന്തു ചെയ്യണമെന്ന് എന്നെ പഠിപ്പിക്കേണമേ" എന്ന് പറയുക. അപ്പോൾ അവൻ ഇങ്ങനെ പറയും, "വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ." എന്റെ പ്രിയ സുഹൃത്തേ, എത്ര മഹത്തായ ജീവിതമാണിത്.

നമ്മുടെ പൂർവ്വപിതാക്കന്മാർ കർത്താവിനെ ഇതേ രീതിയിൽ അന്വേഷിച്ചിരുന്നുവെന്ന് ആവർത്തനം 30:20 - ൽ പറയുന്നു. സങ്കീർത്തനം 27:1 വായിച്ചാൽ, ദാവീദും ഇപ്രകാരം കർത്താവിനെ അന്വേഷിച്ചുവെന്ന് നിങ്ങൾക്ക് കാണാം. "യഹോവ എന്റെ ജീവന്റെ ബലം ആകുന്നു" എന്ന് അവൻ പറയുന്നു. യെശയ്യാവ് 64:4-ൽ വചനം പറയുന്നു, "നീയല്ലാതെ ഒരു ദൈവം തന്നേ കാത്തിരിക്കുന്നവന്നു വേണ്ടി പ്രവർ‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല." എന്റെ സുഹൃത്തേ, ദൈവസന്നിധിയിൽ കാത്തിരിക്കുന്ന പതിവ് നിങ്ങൾക്കുണ്ടോ? രാവിലെ എത്ര മണിക്കാണ് നിങ്ങൾ എഴുന്നേൽക്കുന്നത്? രാവിലെ പത്ത് മണിക്കാണോ? എന്റെ സുഹൃത്തേ, ഇന്ന് നിങ്ങളുടെ ജീവിതം പരിശോധിക്കുക, പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുക.

അതിരാവിലെ യേശു പിതാവിനെ അന്വേഷിച്ചതുപോലെ, നിങ്ങളും അങ്ങനെ ചെയ്താൽ നിങ്ങളുടെ ജീവിതം ദൈവത്തിന്റെ സാന്നിധ്യത്താൽ നിറയും. എവിടെ പോകണമെന്നും എന്തുചെയ്യണമെന്നും കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്നും അവൻ നിങ്ങളെ പഠിപ്പിക്കും. എല്ലാം അവൻ നിങ്ങളെ പഠിപ്പിക്കും! അവൻ നിങ്ങളുടെ ജീവിതത്തെ അനുഗൃഹീതമാക്കും. നിങ്ങൾ ഇപ്പോൾ തന്നെ നിങ്ങളുടെ ജീവിതം അവന്റെ മുമ്പിൽ സമർപ്പിക്കുകയും അവനിൽ നിന്ന് ഈ അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുമോ?

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, സ്നേഹത്തോടെ സംസാരിക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു ദൈവമായതിന് അങ്ങേക്ക് നന്ദി. യേശു ഈ ഭൂമിയിലായിരുന്നപ്പോൾ അതിരാവിലെ അങ്ങ് അവനെ നയിച്ചതുപോലെ, എല്ലാ ദിവസവും രാവിലെ എന്നെയും നയിക്കണമേ. "വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ" എന്ന് പറയുന്ന അങ്ങയുടെ ശബ്ദം കേൾക്കാൻ എന്റെ കാതുകൾ തുറക്കണമേ. മറ്റെന്തിനേക്കാളും മുമ്പ് അങ്ങയെ അന്വേഷിക്കാനും അങ്ങയുടെ സന്നിധിയിൽ കാത്തിരിക്കാനും അങ്ങ് എനിക്കായി നിശ്ചയിച്ച പാതയിൽ നടക്കാനും എന്നെ പഠിപ്പിക്കേണമേ. എന്റെ സ്വന്തം ആഗ്രഹങ്ങളാൽ ഞാൻ ഒരിക്കലും വഴിതെറ്റിപോകാതിരിക്കാനും മറിച്ച് അങ്ങയെ പൂർണ്ണമായി വിശ്വസിക്കാനും എന്നെ സഹായിക്കേണമേ. എന്റെ ഹൃദയത്തെ അങ്ങയുടെ ജ്ഞാനത്താലും എന്റെ ചുവടുകളെ അങ്ങയുടെ സമാധാനത്താലും നിറയ്ക്കേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.