എന്റെ സുഹൃത്തേ, കർത്താവിനെ സ്തുതിക്കുവിൻ! ഇന്നത്തെ വാഗ്‌ദത്ത വാക്യം സങ്കീർത്തനം 138:8-ൽ നിന്നുള്ളതാണ്, “യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും.” ഇന്ന് നിങ്ങളുടെ ജീവിതത്തിലെ എന്തെങ്കിലും കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ധൈര്യപ്പെടുക! കർത്താവ് ഭാഗികമായ സഹായം വാഗ്ദാനം ചെയ്യുന്നില്ല - 50%, 70% അല്ല, മറിച്ച് 100% പൂർണത കർത്താവ് വാഗ്ദാനം ചെയ്യുന്നു.

"കർത്താവേ, ഞാൻ തുടർച്ചയായി പരാജയങ്ങളെ അഭിമുഖീകരിക്കുന്നു. എന്റെ വഴിത്തിരിവ് എപ്പോൾ വരും?" എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ ഇന്ന്, ആ പൂർണത നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. അതിനാൽ ധൈര്യമായിരിക്കുക! യേശുവിൽ 100% വിശ്വാസം പുലർത്തുക, നിങ്ങൾക്ക് 100% പൂർണത തിരികെ ലഭിക്കും. കൊച്ചുകുട്ടികൾക്ക് ദൈവത്തിൽ വലിയ വിശ്വാസമുണ്ടെന്ന് അവർ എപ്പോഴും പറയാറുണ്ട്. കാറ്റിയുടെ ജീവിതത്തിൽ ഞാൻ ഇത് അടുത്തിടെ കണ്ടു. ഉയർന്ന സോഫകളിൽ നിന്ന് നിലത്തേക്ക് ചാടാൻ അവൾ പഠിച്ചതേയുള്ളൂ. എന്നാൽ ഓരോ ചാട്ടത്തിനും മുമ്പ് അവൾ പറയുന്നു, "കർത്താവായ യേശുവേ, എന്നെ സഹായിക്കണമേ". അപ്പോൾ, അവൾ സുരക്ഷിതമായി താഴേക്ക് ചാടുകയും സന്തോഷത്തോടെ ഓടിവന്ന് എന്നോട് ഇങ്ങനെ പറയുകയും ചെയ്യുന്നു, "അമ്മേ, യേശു എന്നെ സഹായിച്ചതിനാൽ എനിക്ക് പരിക്കേറ്റിട്ടില്ല!" അത്രയും ലളിതവും ശിശുസമാനവുമായ വിശ്വാസമാണിത്.

ഇന്ന്, നിങ്ങൾ ഒരു ചെറിയ വിശ്വാസം പോലും മുറുകെപ്പിടിക്കുകയാണെങ്കിൽ, കർത്താവ് നിങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പൂർത്തീകരിക്കും. അനുയോജ്യമായ ഒരു ജീവിതപങ്കാളിക്കായി നിങ്ങൾ കാത്തിരിക്കുകയാണോ? ദൈവം ശരിയായ വ്യക്തിയെ ശരിയായ സമയത്ത് കൊണ്ടുവരും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നിങ്ങളെ അലട്ടുന്നുണ്ടോ? ശരിയായ സമയത്ത് അവൻ ശരിയായ തുക നൽകും. ഇസ്രായേൽ പ്രാർത്ഥനാ ഗോപുരം വാങ്ങാൻ ഞങ്ങൾ ആഗ്രഹിച്ചപ്പോൾ സംഭവിച്ചത് ഇതാണ്. ഇസ്രായേലിൽ ഒരു സ്ഥലം കണ്ടെത്തുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ സമയപരിധിക്ക് തൊട്ടുമുമ്പ്, ഞങ്ങൾക്ക് ആവശ്യമായ കൃത്യമായ തുക കർത്താവ് നൽകി! ഇന്ന്, ആ പ്രാർത്ഥനാ ഗോപുരത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകൾ അനുഗ്രഹിക്കപ്പെടുന്നു. അതെ, തികഞ്ഞ അനുഗ്രഹം! അതിനാൽ, എന്റെ സുഹൃത്തേ, ഇന്ന് യേശുവിൽ നിന്ന് ആ പൂർണ്ണ അനുഗ്രഹം സ്വീകരിക്കുക!

PRAYER:
വിലയേറിയ കർത്താവേ, അങ്ങ് എനിക്കുവേണ്ടി സമാപ്തിവരുത്തുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിൽ ആശ്രയിച്ചുകൊണ്ട് ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, എന്റെ ജീവിതത്തിൽ ഭാഗികമായല്ല, 100% പൂർണ്ണമായ അനുഗ്രഹങ്ങൾ അങ്ങ് കൊണ്ടുവരുമെന്ന് അറിഞ്ഞുകൊണ്ട്, എന്റെ ആശങ്കകളും പരാജയങ്ങളും അങ്ങയുടെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു. കർത്താവേ, ശരിയായ സമയത്തും ശരിയായ രീതിയിലും അങ്ങ് എന്നെ സഹായിക്കുമെന്ന് വിശ്വസിച്ചുകൊണ്ട്, ഒരു പൈതലെന്നപോലെ അങ്ങിൽ ആശ്രയിക്കാൻ എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. ഓരോ കാലതാമസത്തിനും എനിക്ക് ക്ഷമ നൽകണമേ; ഓരോ അനിശ്ചിതത്വത്തിനും എനിക്ക് സമാധാനം നൽകണമേ; ഓരോ ആവശ്യത്തിനും, അങ്ങയുടെ പൂർണ്ണമായ കരുതൽ അയയ്ക്കണമേ. എന്റെ നന്മയ്ക്കായി തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിച്ചതിനും, കടുകുമണിയോളം വലുപ്പമുള്ള എന്റെ  വിശ്വാസത്തിൽ നിന്ന് പൂർണത കൊണ്ടുവന്നതിനും യേശുവേ, അങ്ങേക്ക് നന്ദി. കൃതജ്‌ഞതയും പ്രതീക്ഷയും നിറഞ്ഞ ഹൃദയത്തോടെ ഇന്ന് ഞാൻ അങ്ങയുടെ പൂർണ്ണ അനുഗ്രഹം സ്വീകരിക്കുന്നു. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.