എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന്, ആവർത്തനപുസ്‌തകം 1:11-ൽ നിന്ന് ഞങ്ങൾ നിങ്ങൾക്കായി ഒരു പ്രത്യേക വാഗ്‌ദത്തം സ്വീകരിച്ചിട്ടുണ്ട്. അത് ഇപ്രകാരം പറയുന്നു, “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ആയിരം ഇരട്ടിയാക്കി, അനുഗ്രഹിക്കുമാറാകട്ടെ.” നാമെല്ലാവരും അനുഗ്രഹിക്കപ്പെടാനും നമ്മുടെ ജീവിതത്തിൽ വർദ്ധനവ് കാണാനും ആഗ്രഹിക്കുന്നു, അല്ലേ? ഇന്ന്, ദൈവം നിങ്ങളെ ആയിരം മടങ്ങ് വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു! എന്നാൽ ഈ ദൈവിക വർദ്ധനവ് നമുക്ക് എങ്ങനെ ലഭിക്കും?
ഒന്നാമതായി, 'ആദ്യം ദൈവത്തെ അന്വേഷിക്കുക'. ദൈവത്തിൻറെ വർദ്ധനവ് നേടുന്നതിനുള്ള ആദ്യപടി അവനുമായി ഒരു ബന്ധം പുലർത്തുകയും നമ്മുടെ പദ്ധതികൾ അവൻറെ ഇഷ്ടത്തിന് സമർപ്പിക്കുകയും ചെയ്യുക എന്നതാണ്. മത്തായി 6:33 പ്രസ്താവിക്കുന്നതുപോലെ, "മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." അതെ, ദൈവം നമ്മെ അനേകം ദാനങ്ങൾ, സമ്പത്തുകൾ, ഭൗതിക അനുഗ്രഹങ്ങൾ എന്നിവയാൽ അനുഗ്രഹിക്കുന്നു. എന്നാൽ അനുഗ്രഹങ്ങളിലല്ല, ആദ്യം നമ്മുടെ ഹൃദയം അവനിൽ കേന്ദ്രീകരിക്കപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നു. എല്ലാ നന്മയുടെയും ദാതാവാണ് അവൻ! ഇന്ന്, ആദ്യം നിങ്ങളെ തന്നിൽ നിറയ്ക്കാൻ ദൈവത്തോട് അഭ്യർത്ഥിച്ചുകൊണ്ട് ആരംഭിക്കുക. അവനുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ വളരുമ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം അവൻ നൽകും.
രണ്ടാമതായി, 'ദൈവത്തിൻറെ കൽപ്പനകൾ അനുസരിക്കുക'. ദൈവത്തെ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്കാണ് ദൈവത്തിന്റെ അനുഗ്രഹം. ആവർത്തനം 28: 1 പറയുന്നു, " നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ടു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകല കല്പനകളും പ്രമാണിച്ചുനടന്നാൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സർവ്വജാതികൾക്കും മീതെ ഉന്നതമാക്കും." അതെ, അനുസരണം എല്ലായ്പ്പോഴും എളുപ്പമല്ല. നമ്മുടെ സ്വന്തം ആഗ്രഹങ്ങൾക്ക് പകരം ദൈവത്തിൻ്റെ വഴികൾ പിന്തുടരുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം, എന്നാൽ അവൻ്റെ പദ്ധതികൾ നമ്മുടേതിനേക്കാൾ വളരെ വലുതാണ്. നാം അവനെ പൂർണ്ണമായും അനുസരിക്കുമ്പോൾ, അവൻ തൻറെ ഏറ്റവും ഉയർന്ന അനുഗ്രഹങ്ങൾ നമ്മുടെമേൽ ചൊരിയുന്നു.
മൂന്നാമതായി, 'നൽകുന്നതിലൂടെ'. നൽകുക എന്നതാണ് വർദ്ധിപ്പിക്കുന്നതിനുള്ള മറ്റൊരു താക്കോലാകുന്നു. നിങ്ങൾ ചിന്തിച്ചേക്കാം, "എനിക്ക് വളരെ കുറവാണ് ഉള്ളത്. ഞാൻ നൽകിയാൽ എന്റെ പക്കൽ ഒന്നും അവശേഷിക്കില്ല ". "കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും." എന്ന് ലൂക്കൊസ് 6:38-ൽ യേശു പറയുന്നു. നിങ്ങൾ എത്ര നൽകുന്നുവെന്ന് ദൈവം അളക്കുന്നില്ല. നിങ്ങൾ നൽകുന്നതിന് പിന്നിലെ ഹൃദയം അവൻ കാണുന്നു. അത് ഒരു ചെറിയ വഴിപാടായാലും, നിങ്ങളുടെ സമയമായാലും കഴിവുകളായാലും വൈദഗ്ദ്ധ്യങ്ങളായാലും, നിങ്ങൾ സന്തോഷത്തോടെ നൽകുമ്പോൾ, ദൈവം അത് വർദ്ധിപ്പിക്കുകയും മറ്റുള്ളവർക്ക് നിങ്ങളെ ഒരു അനുഗ്രഹമാക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് ദൈവം നിങ്ങളെ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നത്? നിങ്ങൾ ഇങ്ങനെ ചിന്തിച്ചേക്കാം, “എൻ്റെ അനുഗ്രഹം ദൈവത്തിനു മഹത്വം കൈവരുത്തുന്നത് എങ്ങനെ?” ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവം നിങ്ങളെ വർദ്ധിപ്പിക്കുമ്പോൾ, അവന്റെ ശക്തിയും ജ്ഞാനവും നന്മയും നിങ്ങളിലൂടെ വെളിപ്പെടുത്തുന്നു. നിങ്ങളുടെ വിജയം മറ്റുള്ളവർക്കുള്ള സാക്ഷ്യമാണ്! നിങ്ങളുടെ ബിസിനസ്സ് പലരെയും അനുഗ്രഹിക്കും. നിങ്ങളുടെ ജോലി മറ്റുള്ളവർക്ക് പ്രചോദനമാകും. നിങ്ങളുടെ കുടുംബത്തിന്റെ അനുഗ്രഹങ്ങൾ ഭാവി തലമുറകളെ സ്വാധീനിക്കും. നിങ്ങളുടെ സമ്പത്ത് ആവശ്യമുള്ളവർക്ക് നൽകും. നിങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ പ്രത്യാശ കൊണ്ടുവരികയും ലോകത്തിൽ ദൈവത്തിൻറെ പ്രകാശം പ്രകാശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വർദ്ധനവ് നിങ്ങൾക്ക് മാത്രമുള്ളതല്ല. അത് നിങ്ങളുടെ വരും തലമുറകളെ അനുഗ്രഹിക്കും. എന്റെ സുഹൃത്തേ, ദൈവം നിങ്ങളെ അനുഗ്രഹിക്കാനും ആയിരം മടങ്ങ് വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നു! ഇന്ന്, ആദ്യം അവനെ അന്വേഷിക്കാനും അവന്റെ കൽപ്പനകൾ അനുസരിക്കാനും സന്തോഷത്തോടെ നൽകാനും പ്രതിജ്ഞയെടുക്കുക. നിങ്ങൾ ഇത് ചെയ്യുമ്പോൾ, നിങ്ങളുടെ ജീവിതം അനുഗ്രഹങ്ങളാൽ നിറയുകയും നിങ്ങളുടെ വളർച്ചയിലൂടെ നിങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും!
PRAYER:
പ്രിയ കർത്താവേ, അങ്ങ് എന്നെ അനുഗ്രഹിക്കുകയും എന്നെ ആയിരം ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. അങ്ങുമായി കൂടുതൽ ആഴത്തിലുള്ള ബന്ധം തേടിയാണ് ഞാൻ ഇന്ന് അങ്ങയുടെ സന്നിധിയിൽ വരുന്നത്. അനുദിനം അങ്ങയുടെ സന്നിധിയിൽ സമയം ചെലവഴിക്കാനും അങ്ങയുടെ വചനം വായിക്കാനും അങ്ങയുടെ ഇഷ്ടപ്രകാരം നടക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ കൽപ്പനകൾ പൂർണ്ണഹൃദയത്തോടെ അനുസരിക്കാനും അങ്ങയെ ബഹുമാനിക്കുന്ന ഒരു ജീവിതം നയിക്കാനും എന്നെ പഠിപ്പിക്കണമേ. ഞാൻ മറ്റുള്ളവർക്ക് നൽകാനും ജനങ്ങളെ സേവിക്കാനും സന്തോഷത്തോടെ അങ്ങയുടെ രാജ്യം കെട്ടിപ്പടുക്കാനും വേണ്ടി എന്റെ ഹൃദയം ഔദാര്യംകൊണ്ട് നിറയ്‌ക്കേണമേ. കർത്താവേ, അങ്ങ് എന്നെ അനുഗ്രഹിക്കുമ്പോൾ, എൻ്റെ അനുഗ്രഹങ്ങൾ എനിക്ക് ചുറ്റുമുള്ളവരിലേക്ക് ഒഴുകട്ടെ. എന്റെ കുടുംബവും എന്റെ മക്കളും വരും തലമുറകളും അങ്ങയുടെ അനുഗ്രഹത്താലും സ്നേഹത്താലും മൂടപ്പെടട്ടെ. കർത്താവേ, എന്റെ ജീവിതത്തിൽ അങ്ങയുടെ നന്മ വർദ്ധിപ്പിച്ചതിനും എന്നെ അനുഗ്രഹത്തിന്റെ പാത്രമാക്കിയതിനും അങ്ങേയ്ക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.