എൻ്റെ വിലയേറിയ ദൈവപൈതലേ, കർത്താവ് തൻ്റെ വചനത്തിലൂടെ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇന്ന് നാം മത്തായി 5:8-നെക്കുറിച്ച് ധ്യാനിക്കാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു, “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.” അതെ, നമുക്ക് ദൈവത്തെ കാണാനും അവൻ്റെ സാന്നിധ്യം ശക്തമായി അനുഭവിക്കാനും കഴിയും. എന്നാൽ അത്തരമൊരു ആഴത്തിലുള്ള ആത്മീയാനുഭവം ലഭിക്കാൻ നാം കർത്താവിനോടൊപ്പം നടക്കണം. നാം പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുകയും ശുദ്ധമായ ഹൃദയം ഉണ്ടായിരിക്കാൻ ശ്രമിക്കുകയും വേണം. അബ്രഹാമിനും യിസ്ഹാക്കിനും യാക്കോബിനും, കർത്താവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതെങ്ങനെയെന്ന് പഴയനിയമത്തിൽ നാം കാണുന്നു. അവർ അവനോടുകൂടെ നടന്നു, സംസാരിച്ചു, അവരുടെ ജീവിതം അവൻ്റെ മുമ്പാകെ ശുദ്ധമായി തുടർന്നു.
നാമും അതുതന്നെ ചെയ്യണം. നിങ്ങളുടെ ഹൃദയം പരിശോധിക്കാൻ ഒരു നിമിഷം എടുക്കുക. നിങ്ങൾക്ക് ഏതുതരം ഹൃദയമാണ് ഉള്ളത്? അത് കർത്താവിന്റെ മുമ്പിൽ ശുദ്ധമാണോ? ഉല്പത്തി 12:7, 31:13, 26:2, പുറപ്പാട് 3:2 എന്നിവ വായിക്കുമ്പോൾ ഈ വിശ്വസ്തർക്ക് ദൈവവുമായി ആഴത്തിലുള്ള ബന്ധം എങ്ങനെ ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും. അതുപോലെ, പുതിയനിയമത്തിൽ അപ്പൊസ്തലന്മാർ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിച്ചു, അതിനാലാണ് അവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടത്. തന്റെ പശ്ചാത്തലം ഉണ്ടായിരുന്നിട്ടും കർത്താവിനെ ഉത്സാഹപൂർവം അന്വേഷിച്ച ഒരു വിജാതീയനായ കൊർന്നേല്യൊസിനെക്കുറിച്ച് അപ്പൊ. പ്രവൃത്തികൾ 10 നമ്മോട് പറയുന്നു. അവൻറെ ഭക്തി കാരണം, അവനും കുടുംബത്തിനും ദൈവത്തിൻറെ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കുകയും അവൻറെ ബലത്താൽ നിറയുകയും ചെയ്തു.
എന്റെ സുഹൃത്തേ, നിങ്ങളുടെ ശീലങ്ങൾ മാറ്റാനും നിങ്ങളുടെ ചിന്തകൾ പുതുക്കാനുമുള്ള ദിവസമാണ് ഇന്ന്. കർത്താവിനോട് കൂടുതൽ അടുക്കുക. നിങ്ങൾ പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുകയും അവന്റെ മുമ്പിൽ ശുദ്ധമായ ജീവിതം നയിക്കുകയും ചെയ്താൽ നിങ്ങൾ അവനെ കാണും. എനിക്ക് വെറും 16 വയസ്സുള്ളപ്പോൾ, ഞാൻ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിച്ചു, അവൻ എന്നോട് സംസാരിച്ചു. ഞാൻ വഴിതെറ്റിയപ്പോഴെല്ലാം അവൻ എന്നെ തിരുത്തുകയും അവനുമായി അടുത്ത ബന്ധം പുലർത്താൻ എന്നെ നയിക്കുകയും ചെയ്തു. ഇന്ന് നിങ്ങൾക്കും ഈ അനുഗ്രഹം ലഭിക്കും. ഇപ്പോൾ തന്നെ, നിങ്ങളുടെ ജീവിതം അവന് സമർപ്പിക്കുക. കർത്താവ് നിങ്ങളുടെ ഹൃദയത്തെ പരിവർത്തനം ചെയ്യുകയും നിങ്ങളുടെ ചിന്തകൾ പുതുക്കുകയും തൻറെ സമൃദ്ധമായ അനുഗ്രഹങ്ങളാൽ നിങ്ങളുടെ ജീവിതം നിറയ്ക്കുകയും ചെയ്യും. നിങ്ങളോടൊപ്പം നടക്കാനും നിങ്ങളോട് സംസാരിക്കാനും അവൻ ആഗ്രഹിക്കുന്നു. അതിനാൽ, നിങ്ങളുടെ ഹൃദയം തുറന്ന് അവനോട് അടുക്കുക.
PRAYER:
വിലയേറിയ പിതാവേ, അങ്ങയുടെ ദൃഷ്ടിയിൽ ശുദ്ധമായിരിക്കാൻ കൊതിക്കുന്ന വിനീതഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. എല്ലാ അശുദ്ധിയിൽ നിന്നും എന്നെ ശുദ്ധീകരിക്കുകയും എൻ്റെ ഹൃദയത്തെ അങ്ങയുടെ ദിവ്യ സാന്നിധ്യം കൊണ്ട് നിറയ്ക്കുകയും ചെയ്യണമേ. അങ്ങയെ ഉത്സാഹത്തോടെ അന്വേഷിക്കാനും എല്ലാ ദിവസവും അങ്ങയോടൊപ്പം നടക്കാനും എന്നെ സഹായിക്കണമേ. അബ്രഹാമിനും യിസ്ഹാക്കിനും യാക്കോബിനും അപ്പൊസ്തലന്മാർക്കും അങ്ങയോട് കൂട്ടായ്മയുണ്ടായിരുന്നതുപോലെ, എന്നെ അങ്ങയോട് കൂടുതൽ അടുപ്പിക്കേണമേ. അങ്ങേക്ക് അനിഷ്ടമായ എല്ലാറ്റിൽനിന്നും ശുദ്ധവും സ്വതന്ത്രവുമായ ഒരു ഹൃദയത്തെ എന്നിൽ സൃഷ്ടിക്കേണമേ. എന്റെ ചിന്തകളും വാക്കുകളും പ്രവർത്തനങ്ങളും അങ്ങയുടെ വിശുദ്ധിയും സ്നേഹവും പ്രതിഫലിപ്പിക്കട്ടെ. അങ്ങയുടെ മഹത്തായ സാന്നിധ്യം അനുഭവിക്കുന്നതിൽ നിന്ന് എന്നെ വേർതിരിക്കുന്ന എന്തും നീക്കം ചെയ്യേണമേ. കൊർന്നേല്യൊസിനെപ്പോലെ എൻ്റെ ഭക്തി, എൻ്റെ ജീവിതത്തിലും കുടുംബത്തിലും സമൃദ്ധമായ അനുഗ്രഹങ്ങൾ നൽകട്ടെ. നീതിയിൽ നടക്കാൻ എന്നെ പഠിപ്പിക്കേണമേ, അങ്ങനെ എനിക്ക് അങ്ങയെ കൂടുതൽ ആഴത്തിൽ അറിയാൻ കഴിയും. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.