എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നമുക്ക് II കൊരിന്ത്യർ 9:8-നെ കുറിച്ച് ചിന്തിക്കാം, അത് ഇപ്രകാരം പറയുന്നു, “നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകി വരുമാറു നിങ്ങളിൽ സകലകൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു." ഓർക്കുക, ദൈവം നിങ്ങൾക്ക് സമൃദ്ധമായ അനുഗ്രഹങ്ങൾ വർഷിക്കാൻ ആഗ്രഹിക്കുന്നു.

കൊലൊസ്സ്യർ 1:10 - ൽ കർത്താവിന് യോഗ്യമാകുംവണ്ണം നടക്കാനും എല്ലാ വിധത്തിലും അവനെ പ്രസാദിപ്പിക്കാനും സകല സൽപ്രവൃത്തികളിലും ഫലം കായ്ക്കാനും ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരാനുമായി നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ കർത്താവിന് യോഗ്യമായ രീതിയിൽ നടക്കുമ്പോൾ, നിങ്ങൾ അവനെ പൂർണ്ണമായി പ്രസാദിപ്പിക്കുകയും ദൈവമുമ്പാകെ മാനത്തിൻ്റെ പാത്രമായിത്തീരുകയും ചെയ്യും. റോമർ 9:22-23 ൽ, രണ്ട് തരം പാത്രങ്ങളെ പരാമർശിക്കുന്നു: "കോപപാത്രം", "കരുണാപാത്രം".

"കോപപാത്രം" നമ്മെ നാശത്തിലേക്ക് നയിക്കുന്നു. എന്നാൽ "കരുണാപാത്രം" കൊണ്ട് നിറയുമ്പോൾ, നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ മഹത്വം ഉണ്ടാകും. ഹല്ലേലൂയാ! "കരുണാപാത്രം" ആയിത്തീരുന്നത് എത്ര മഹത്തായ ജീവിതമാണ്. ഇത് സംഭവിക്കുന്നതിന്, നാം കർത്താവിനെ പൂർണ്ണമായി പ്രസാദിപ്പിച്ചുകൊണ്ട് അവന് യോഗ്യരായി നടക്കണം. സങ്കീർത്തനം 23:5 പറയുന്നു, "നിങ്ങളുടെ പാനപാത്രം നിറഞ്ഞു കവിയുന്നതുപോലെ നിങ്ങൾ നടക്കണം." നിങ്ങൾ കവിഞ്ഞൊഴുകുന്ന പാത്രമായിത്തീരും. റോമർ 2:7 പറയുന്നു, " നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവൻ കൊടുക്കും." അതെ, സുഹൃത്തേ, ഇപ്പോൾ കർത്താവ് നിങ്ങളെ ഒരു "മഹത്വത്തിൻ്റെ പാത്രമായി" അനുഗ്രഹിക്കാൻ പോകുന്നു.

നിങ്ങൾ ദയവായി നിങ്ങളുടെ ജീവിതം കർത്താവിന് സമർപ്പിക്കുമോ? അവന്റെ കൈകളിൽ, നിങ്ങൾക്ക് സകലവും മനോഹരമാകും. അവൻ നിങ്ങളെ മഹത്വത്തിന്റെ പാത്രമായി നിറയ്ക്കപ്പെടുന്ന  സൗന്ദര്യമുള്ള ഒരു വ്യക്തിയാക്കി മാറ്റും.

Prayer:
പ്രിയ സ്വർഗ്ഗീയ പിതാവേ, അങ്ങ് എനിക്ക് വാഗ്‌ദത്തം ചെയ്യുന്ന മഹത്തായ ജീവിതത്തിന് ഞാൻ നന്ദിയുള്ളവളാണ്. ദയവായി എന്നെ അനുഗ്രഹത്തിൻ്റെ ഒരു പാത്രമായി, അങ്ങയുടെ സാന്നിധ്യം വഹിക്കുന്നതും, അങ്ങയുടെ മഹത്വം നിറഞ്ഞതുമായ ഒരു പാത്രമായി, അങ്ങയുടെ കാരുണ്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഒരു പാത്രമായി, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ നിറഞ്ഞു കവിയുന്ന ഒരു പാത്രമായി എന്നെ വാർത്തെടുക്കേണമേ. എൻ്റെ ജീവിതത്തിൽ അങ്ങയെ അപ്രീതിപ്പെടുത്തുന്ന എന്തും അവസാനിപ്പിച്ച് എന്നെ അങ്ങിൽ ഒരു പുതിയ സൃഷ്ടിയാക്കേണമേ. ദയവായി എന്നെ നയിക്കുകയും അങ്ങയുടെ ദൃഷ്ടിയിൽ പ്രസാദകരമായ ഒരു പാത്രമാകാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.