എൻ്റെ വിലയേറിയ സുഹൃത്തേ, വേദപുസ്തകം നമുക്ക് ഇപ്രകാരം ഉറപ്പുനൽകുന്നു, “നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു” (റോമർ 8:15). ഇത് നിങ്ങൾക്കുള്ള ദൈവത്തിൻ്റെ വാഗ്‌ദത്തമാണ്. നാം വീണ്ടും പാപത്തിലേക്കും പിശാചിൻ്റെ അടിമത്തത്തിലേക്കും വീഴുമ്പോൾ ഭയം നമ്മെ പിടികൂടുന്നു. പാപം ഭയത്തെയും കുറ്റബോധത്തെയും ഭയത്തിൻ്റെ മൂലകാരണമായ പിശാചിനെയും കൊണ്ടുവരുന്നു. എന്നാൽ നാം യേശുവിന്റെ പരിശുദ്ധാത്മാവിന് കീഴടങ്ങുമ്പോൾ ദൈവത്തെ നമ്മുടെ പിതാവ് എന്ന് വിളിക്കാനുള്ള കൃപ നമുക്ക് ലഭിക്കും. തീർച്ചയായും, “തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു."
ഇന്ന്, യേശുവിങ്കലേക്ക് തിരിയുക, അവന്റെ വിലയേറിയ രക്തത്തിലൂടെ എല്ലാ പാപങ്ങളിൽ നിന്നും ആസക്തിയിൽ നിന്നും ശാപങ്ങളിൽ നിന്നും നിങ്ങളെ കഴുകാൻ അവനോട് അപേക്ഷിക്കുക. പിശാച് കൊണ്ടുവന്ന പാപവും ഭയവും പുറന്തള്ളപ്പെടുമ്പോൾ നിങ്ങൾക്ക് സ്വാതന്ത്ര്യവും സന്തോഷവും അനുഭവപ്പെടും. നിങ്ങൾ സന്തോഷിക്കുകയും "ഇപ്പോൾ പിശാച് പോയി, പാപം പോയി, ഞാൻ യേശുവിന്റെ പൈതലാണ്. നന്ദി, കർത്താവേ!" എന്ന് പ്രഖ്യാപിക്കുകയും ചെയ്യും. നിങ്ങളോട് കൃപയും കരുണയും കാണിക്കാൻ കർത്താവ് എപ്പോഴും തയ്യാറാണ്. നിങ്ങൾ അവനിലേക്ക് തിരിയുകയും നിങ്ങളുടെ പാപങ്ങൾ ഏറ്റുപറയുകയും ചെയ്യുമ്പോൾ, അവൻ നിങ്ങളോട് ക്ഷമിക്കുന്നു. യേശു നിങ്ങളുടെ പാപങ്ങളുടെ രക്ഷകനാണ്. കുരിശിൽ, അവൻ പാപമൊന്നും അറിഞ്ഞില്ലെങ്കിലും നിങ്ങളുടെ എല്ലാ പാപങ്ങളും സ്വയം ഏറ്റെടുത്തു. അവൻ ശുദ്ധനായിരുന്നു, ദൈവത്തിൻറെ വിശുദ്ധമായ രക്തം വഹിച്ചിരുന്നു. എന്നിട്ടും അവൻ നിങ്ങളുടെ ശിക്ഷ സഹിക്കുകയും അത് സ്വയം ഏറ്റെടുക്കുകയും ചെയ്തു. ആ കുരിശിൽവെച്ച് യേശു ഇങ്ങനെ പ്രാർത്ഥിച്ചു: "പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ".
നിങ്ങൾ പാപത്തിൽ നിന്ന് പുറത്തുവന്ന് യേശുവിന്റെ നാമത്തിൽ പാപമോചനത്തിനായി നിലവിളിക്കുമ്പോൾ, നിങ്ങൾ ഇനി പാപം കൊണ്ടുവരുന്ന പിശാചിന്റെ പൈതൽ അല്ല. പകരം, നിങ്ങൾ ക്ഷമയും ജീവനും വിശുദ്ധിയും നൽകുന്ന യേശുവിന്റെ പൈതലായി മാറുന്നു. അതെ, യേശുവിന്റെ നാമത്തിൽ രക്ഷയുണ്ട്. മറ്റാരും സ്വയം ത്യാഗം ചെയ്തിട്ടില്ല, അതിനാൽ നിങ്ങളുടെ പാപങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. നിങ്ങൾ നിങ്ങളുടെ രക്തം ചൊരിയുകയോ നിങ്ങളുടെ പാപമോചനത്തിനായി മറ്റൊരാളുടെ ത്യാഗം തേടുകയോ ചെയ്യേണ്ടതില്ല. ജഡത്തിൽ ദൈവമായ യേശുക്രിസ്തുവിൻ്റെ രക്തം എല്ലാ പാപങ്ങളെയും കഴുകിക്കളയുന്നു. എൻ്റെ സുഹൃത്തേ, ഇന്ന് യേശുവിൻ്റെ അടുക്കൽ വരിക. അവൻ നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും നിങ്ങളെ പൂർണരാക്കുകയും ചെയ്യും.
PRAYER:
പ്രിയ കർത്താവേ, എന്നെ അങ്ങയുടെ പൈതലായി ദത്തെടുത്തതിനും അങ്ങയെ അബ്ബാ, പിതാവേ എന്ന് വിളിക്കാനുള്ള പദവി എനിക്ക് നൽകിയതിനും അങ്ങേക്ക് നന്ദി. എന്റെ പാപങ്ങൾ ഏറ്റുപറയുകയും യേശുവിന്റെ വിലയേറിയ രക്തത്തിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തുകൊണ്ട് ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. എന്നെ ബന്ധിക്കുന്ന എല്ലാ പാപങ്ങളിൽ നിന്നും ആസക്തികളിൽ നിന്നും ശാപങ്ങളിൽ നിന്നും എന്നെ കഴുകേണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ, അങ്ങയുടെ പരിപൂർണ്ണ സ്നേഹം എൻ്റെ ഹൃദയത്തിൽ നിന്ന് എല്ലാ ഭയവും പുറന്തള്ളട്ടെ. കർത്താവായ യേശുവേ, എൻ്റെ ശിക്ഷ സ്വയം ഏറ്റെടുക്കുകയും എനിക്ക് സ്വാതന്ത്ര്യവും രക്ഷയും വാഗ്ദാനം ചെയ്യുകയും ചെയ്തതിന് നന്ദി. എന്നെ ഒരു പുതിയ സൃഷ്ടിയാക്കി മാറ്റുകയും വിശുദ്ധിയിൽ അങ്ങയുടെ പൈതലായി ജീവിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. ശത്രുവിൻ്റെ നുണകൾക്കെതിരെ എൻ്റെ ഹൃദയത്തെയും മനസ്സിനെയും കാത്തുകൊള്ളണമേ. അങ്ങയുടെ സ്നേഹത്താൽ ക്ഷമിക്കപ്പെടുകയും വീണ്ടെടുക്കപ്പെടുകയും ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന സന്തോഷവും സ്വാതന്ത്ര്യവും ഞാൻ അനുഭവിക്കട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.