എൻ്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദത്തം സങ്കീർത്തനം 27:1-ൽ നിന്ന് എടുത്തതാണ്. അത് ഇപ്രകാരം പറയുന്നു, “യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?” അജ്ഞാതമായ ഭയം, വിഷാദം, നമ്മുടെ ചിന്തയുടെ ശക്തി, നമ്മുടെ ശ്രദ്ധ നഷ്ടപ്പെടൽ, ദുഷ്ടന്മാരിൽ നിന്നുള്ള ആക്രമണങ്ങൾ, ജഡമോഹം, കുറ്റബോധം, പരാജയങ്ങൾ എന്നിങ്ങനെ നമ്മെ ഭയപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ ഈ ലോകത്തിലുണ്ട്. ചെറിയ പരാജയങ്ങൾ നേരിടുമ്പോൾ പോലും, നമ്മുടെ എല്ലാ ശക്തിയും ചോർന്നുപോയതായി അനുഭവപ്പെടും. ഓരോ തവണയും നഷ്ടപ്പെടാൻ വിധിക്കപ്പെട്ടവരാണെന്ന് നാം ചിന്തിക്കാൻ തുടങ്ങുന്നു.

കഷ്ടതയിൽ ദൈവത്തോട് നിലവിളിച്ച പൗലൊസ് എന്നൊരു മനുഷ്യൻ തിരുവെഴുത്തുകളിൽ ഉണ്ടായിരുന്നു. താൻ നേരിട്ട ഓരോ ആക്രമണവും സാത്താനിൽ നിന്നുള്ള ആക്രമണം പോലെ തനിക്ക് നിരന്തരം മുള്ളു പോലെയാണ് അനുഭവപ്പെടുന്നതെന്ന് അവൻ പറഞ്ഞു. അവൻ കർത്താവിനോട്  “ഈ ശൂലം നീക്കേണമേ" എന്ന് മൂന്നു പ്രാവശ്യം അപേക്ഷിച്ചു. എന്നാൽ കർത്താവ് അവൻ്റെ അടുക്കൽ വന്ന് പറഞ്ഞു, "പൗലൊസേ, നിനക്ക് വേണ്ടത് എൻ്റെ ശക്തിയാണ്. എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി (യേശുവിന്റെ ശക്തി) ബലഹീനതയിൽ തികഞ്ഞുവരുന്നു." പൗലൊസേ, നിന്റെ ബലഹീനതയെ വലുതാക്കരുത്. നിന്റെ  കുറവുകൾക്കായി ആശങ്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്നതിന് സമയം ചെലവിടരുത്. പകരം, യേശുവായ എന്നെ ഉയരാനും നിന്നെ നിറയ്ക്കാനും അനുവദിക്കുന്നതിന് നിന്റെ മുഴുവൻ സമയവും ചെലവഴിക്കുക. ജയിക്കാനുള്ള എല്ലാ ശക്തിയും എനിക്കുണ്ട്. നിന്നെ എല്ലാത്തിലും മികവുറ്റതാക്കാനുള്ള എല്ലാ ശക്തിയും എനിക്കുണ്ട്. അതിനാൽ, നിന്റെ ഉള്ളിൽ ഉയരാൻ എന്നെ അനുവദിക്കുക." അതുകൊണ്ടാണ് പൗലൊസ് പിന്നീട് പ്രഖ്യാപിച്ചത്, "ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു." എന്നിലുള്ള ക്രിസ്തു, മഹത്വത്തിൻ്റെ പ്രത്യാശയാകുന്നു. ആ നിമിഷം മുതൽ, അവൻ പൂർണ്ണജയം പ്രാപിക്കുന്നു. അവനിലൂടെ ലോകം മുഴുവനും ദൈവസ്നേഹം സ്വീകരിച്ചു. എൻ്റെ സുഹൃത്തേ, നിങ്ങൾക്ക് അത് ലഭിക്കും. നിങ്ങൾക്ക് അങ്ങനെ ആകാം. നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും.

കർത്താവിനോട് നിലവിളിച്ച് പറയുക: "കർത്താവേ, ഞാൻ അങ്ങയെ ഉയർത്തും , അങ്ങ് വന്ന് എന്നെ എഴുന്നേൽപ്പിക്കുന്നതിനെക്കുറിച്ചല്ല; ഞാൻ അങ്ങയെ എന്നിൽ ഉയർത്തും. ഞാൻ അങ്ങയുടെ പൈതലാണെന്ന് പ്രഖ്യാപിക്കും. അങ്ങേക്ക് എല്ലാ ശക്തിയുമുണ്ട്. അങ്ങ് എന്നിലാണ്. കർത്താവേ, എന്നിൽ ജ്ഞാനത്തോടും എന്നിൽ ശക്തിയോടും എന്നിൽ കൃപയോടും കൂടെ എഴുന്നേൽക്കേണമേ. എന്റെ ജീവിതത്തിനുള്ള വ്യവസ്ഥകളുമായി എഴുന്നേൽക്കേണമേ. വിജയത്തോടെ എഴുന്നേൽക്കേണമേ . അങ്ങ് മരണത്തെ പരാജയപ്പെടുത്തുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തതിനാൽ അങ്ങ് എന്നിൽ ഉയിർത്തെഴുന്നേൽക്കും." നിങ്ങൾ ഇത് നിരന്തരം പ്രഖ്യാപിക്കുമ്പോൾ, യേശു നിങ്ങളിൽ വർദ്ധിക്കുകയും നിങ്ങളുടെ എല്ലാ ഭയങ്ങളും ഇല്ലാതാകുകയും ചെയ്യും. നിങ്ങളെ സ്നേഹിക്കുന്നവനിലൂടെ നിങ്ങൾ പൂണ്ണജയം പ്രാപിച്ചവരാകും.

ഇതാണ് അരവിന്ദ് ജയരാമന്റെ സാക്ഷ്യം. ചാർട്ടേഡ് അക്കൌണ്ടൻസിയുടെ രണ്ട് തലങ്ങളിൽ അവൻ ഒരൊറ്റ ശ്രമത്തിൽ വിജയിച്ചു. എന്നാൽ അവസാന ലെവലിൽ ശ്രമിച്ചപ്പോൾ അവന് അറിവ് മങ്ങുന്ന അവസ്ഥ അനുഭവപ്പെട്ടു. അവന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല, ഭയം അവനെ പിടികൂടി. മികച്ച പരിചരണം ലഭിച്ചെങ്കിലും ഒരു വൈദ്യചികിത്സയ്ക്കും അവനെ  സുഖപ്പെടുത്താൻ കഴിഞ്ഞില്ല. നിരാശയോടെ അവൻ വിചാരിച്ചു, "ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കട്ടെ". ഭാവിയെക്കുറിച്ചുള്ള ഭയം അവനെ വേദനിപ്പിച്ചു. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തെക്കുറിച്ച് കേട്ട അവന്റെ മാതാപിതാക്കൾ അവനെ അവിടേക്ക് കൊണ്ടുപോയി. പ്രാർത്ഥനാ പടയാളികൾ അവനോടൊപ്പം ഇരുന്നു, യേശുവിലൂടെ അവനെ ആശ്വസിപ്പിക്കുകയും യേശുവിന് നിങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്ന് അവനോട് പറയുകയും ചെയ്തു. അവർ അവനോടുകൂടെ അവന് വേണ്ടി പ്രാർത്ഥിച്ചു. തുടർന്ന് മാതാപിതാക്കൾ അവനെ യേശു വിളിക്കുന്നു ബാലജന പങ്കാളിയായി  ചേർത്തു. എല്ലാ ദിവസവും, പ്രാർത്ഥനാ ഗോപുരത്തിലെ ബാലജന പങ്കാളികൾക്കായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, കൂടാതെ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ അവരെ പ്രാർത്ഥനയിൽ ഉയർത്തുന്നു. ബാലജന പങ്കാളികൾ നൽകുന്ന സംഭാവനകൾ എന്തുതന്നെയായാലും, അത് യേശു വിളിക്കുന്നു ശുശ്രൂഷയിലെ ദശലക്ഷക്കണക്കിന് ആളുകളെ സൌജന്യമായി സേവിക്കാൻ കഴിയട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. കർത്താവ് ആ അനുഗ്രഹങ്ങൾ സ്വീകരിക്കുകയും ബാലജന പങ്കാളികൾക്ക് തിരികെ നൽകുകയും അവരുടെ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ അരവിന്ദ് ഒരു ബാലജന പങ്കാളിയായി. അവൻ വേദപുസ്തകം വായിക്കാനും യേശുവിനോട് പ്രാർത്ഥിക്കാനും തുടങ്ങി. അത്ഭുതകരമായ ഒരു കാര്യം സംഭവിച്ചു. യേശു വിളിക്കുന്നു മാസികയിൽ അനുഗ്രഹിക്കപ്പെട്ട ആളുകളുടെ സാക്ഷ്യപത്രങ്ങൾ വായിച്ചപ്പോൾ, വിശ്വാസം അവന്റെ ഹൃദയത്തിൽ നിറഞ്ഞു. അവൻ സുഖം പ്രാപിച്ചു. ആത്മഹത്യാ ചിന്തകൾ അപ്രത്യക്ഷമായി. അവൻ തന്റെ ശ്രദ്ധ വീണ്ടെടുക്കുകയും സിഎ അവസാന പരീക്ഷ എഴുതുകയും വലിയ വിജയം നേടുകയും ചെയ്തു! ഇന്ന് അവൻ ഒരു ചാർട്ടേഡ് അക്കൌണ്ടന്റാണ്. "യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?" യേശു നിങ്ങളെയും സഹായിക്കും. നിങ്ങളുടെ ജീവിതം അവനു സമർപ്പിക്കുക. നിങ്ങളിൽ ഉയർന്നുവരാൻ അവനെ അനുവദിക്കുക. അവനെ സ്തുതിക്കുക, കാരണം അവൻ നിങ്ങളുടെ ജീവന്റെ യഹോവയാണ്. ഇനി നിങ്ങളില്ല. ഇനി നിങ്ങളുടെ വിജയം ഇല്ല. നിങ്ങളിൽ വിജയത്തിൻറെ പ്രത്യാശയായ യേശു മാത്രം.

PRAYER:
പ്രിയ കർത്താവേ, അങ്ങ് എൻ്റെ കോട്ടയും എൻ്റെ സങ്കേതവും എൻ്റെ ബലവുമാണ്. ഭയവും പരാജയവും എന്നെ മറികടക്കാൻ ശ്രമിക്കുമ്പോൾ, അങ്ങയുടെ കൃപ മതിയെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. അങ്ങ് പൗലൊസിനെ ബലപ്പെടുത്തിയതുപോലെ, എൻ്റെ ബലഹീനതയിൽ അങ്ങയുടെ ശക്തി പൂർണമാകുമാറാകട്ടെ. എൻ്റെ പോരാട്ടങ്ങളെ വലുതാക്കാനല്ല, എൻ്റെ ജീവിതത്തിൽ അങ്ങയെ മഹത്വപ്പെടുത്താൻ എന്നെ സഹായിക്കേണമേ. കർത്താവേ, എന്നിൽ എഴുന്നേറ്റ് അങ്ങയുടെ ജ്ഞാനവും ശക്തിയും കൃപയും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. അങ്ങയുടെ സാന്നിദ്ധ്യം എൻ്റെ സംശയങ്ങളെയും ഭയങ്ങളെയും ശത്രുവിൻ്റെ എല്ലാ ആക്രമണങ്ങളെയും കീഴടക്കട്ടെ. എന്റെ ആശങ്കകൾ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അങ്ങയുടെ നാമം മഹത്വപ്പെടട്ടെ. അങ്ങ് വളരുകയും ഞാൻ കുറയുകയും വേണം. കർത്താവേ, അങ്ങിൽ ഞാൻ പൂർണ്ണജയം പ്രാപിച്ചവനാണെന്ന് അറിയുന്നതിനാൽ ഞാൻ അങ്ങയെ പൂർണ്ണമായും വിശ്വസിക്കുന്നു. യേശുവിൻ്റെ മഹത്തായ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.