എൻ്റെ പ്രിയ സുഹൃത്തേ, ഇത് ഓർക്കുക: യേശുവിൻ്റെ നാമത്തിൽ നിങ്ങൾ എന്തു യാചിച്ചാലും അത് നിങ്ങൾക്ക് ലഭിക്കും. ദൈവത്തിൽ നിന്ന് എന്താണ്  അപേക്ഷിക്കേണ്ടതെന്ന് അറിയാൻ പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കും. തിരുവെഴുത്തനുസരിച്ച്, പരിശുദ്ധാത്മാവ് നിങ്ങളുടെ സഹായിയാണ്. റോമർ 8:26 ഇപ്രകാരം ഊന്നിപ്പറയുന്നു "ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു." നിങ്ങൾ വെല്ലുവിളികളോ അനിശ്ചിതത്വങ്ങളോ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിൻ്റെ ഇഷ്ടം നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാനാകും? പരിശുദ്ധാത്മാവ് നിങ്ങളുടെ അടുക്കൽ വന്ന് അവൻ്റെ ഹിതം നിങ്ങളെ കാണിക്കും. നിങ്ങൾ അവൻറെ ഇഷ്ടം വെളിപ്പെടുത്താൻ ശ്രമിക്കുമ്പോൾ മാത്രമേ അവൻ അത് നിങ്ങളെ അറിയിക്കുകയുള്ളൂ. ഇന്ന്, ആരെ വിവാഹം കഴിക്കണം, ഏത് ജോലിയാണ് പിന്തുടരേണ്ടത്, ഏത് കോഴ്സ് പഠിക്കണം, എവിടെ ജോലി ചെയ്യണം എന്ന് വിവേചിച്ചറിയാൻ നിങ്ങളെ സഹായിക്കാൻ അവൻ്റെ കൃപ ലഭ്യമാണ്.

ഇന്നത്തെ വാഗ്ദത്തം ലൂക്കൊസ് 12:12-ൽ നിന്ന് എടുത്തതാണ്, “പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയിൽ തന്നേ നിങ്ങളെ പഠിപ്പിക്കും." ചില സമയങ്ങളിൽ, എന്ത് പ്രാർത്ഥിക്കണമെന്ന് നിങ്ങൾക്ക് അറിയില്ലായിരിക്കാം, എന്നാൽ എങ്ങനെ പ്രാർത്ഥിക്കണമെന്ന് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും. നിങ്ങൾ നിങ്ങളുടെ മേലുദ്യോഗസ്ഥരെ അഭിമുഖീകരിക്കുകയാണെങ്കിലും, അന്വേഷണ കമ്മീഷനെ അഭിമുഖീകരിക്കുകയാണെങ്കിലും, ബോർഡ് മീറ്റിംഗിനെ അഭിമുഖീകരിക്കുകയാണെങ്കിലും, അല്ലെങ്കിൽ കുടുംബകാര്യങ്ങൾ കൈകാര്യം ചെയ്യുകയാണെങ്കിലും, പരിശുദ്ധാത്മാവ് നിങ്ങളിലൂടെ സംസാരിക്കുകയും നിങ്ങളെ നയിക്കുകയും ചെയ്യും. ഇന്ന്, പരിശുദ്ധാത്മാവ് നിങ്ങളെ നിറയ്ക്കാൻ തയ്യാറാണ്, യേശുവിൻ്റെ നാമത്തിൽ അവൻ്റെ കൃപ നിങ്ങളുടെമേൽ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു. മറ്റുള്ളവരെയും നയിക്കാൻ അവൻ നിങ്ങളെ അവൻ്റെ ആത്മാവിനാൽ അഭിഷേകം ചെയ്യും.

ഇതാ ഒരു പ്രചോദനാത്മകമായ സാക്ഷ്യം. വിശാഖപട്ടണം സ്വദേശിയായ സഹോ. പ്രസന്നകുമാർ തൻ്റെ കഥ ഞങ്ങളുമായി പങ്കുവച്ചു. ഏറെക്കാലമായി മെച്ചപ്പെട്ട ജോലി തേടിയിരുന്ന അയാൾ രാജമുന്ദ്രിയിലെ യേശു വിളിക്കുന്നു യോഗങ്ങളിൽ പങ്കെടുത്തു. യോഗത്തിന്റെ പ്രാർത്ഥനാസമയത്ത് ഞാൻ പ്രാർത്ഥിച്ചു, "കർത്താവേ, ജോലിയില്ലാത്തവർ നാളെ ഈ മീറ്റിംഗിലേക്ക് വരുമ്പോൾ, അവരുടെ കൈയിൽ ഒരു ജോലി ഉണ്ടായിരിക്കണം." അതിശയകരമെന്നു പറയട്ടെ, അന്നു രാത്രി തന്നെ, ബോംബെയിലെ ഐഐടി ആസ്പിരൻ്റ്സ് കോച്ചിംഗ് സെൻ്ററിൽ നിന്ന് അയാൾക്ക് ഒരു കോൾ ലഭിച്ചു, പ്രതിവർഷം 35 ലക്ഷം രൂപ ശമ്പളത്തിൽ ഒരു ജോലി വാഗ്ദാനം ചെയ്തു. ഇത് അയാൾ സങ്കൽപ്പിച്ചതിലും അപ്പുറമായിരുന്നു. അതൊരു മികച്ച അവസരമായിരുന്നെങ്കിലും, അത് സ്വീകരിക്കണമോ എന്ന് അയാൾക്ക് ഉറപ്പില്ലായിരുന്നു. പിറ്റേന്ന്, പങ്കാളികളുടെ യോഗത്തിൽ, ഞാൻ എൻ്റെ സന്ദേശം ആരംഭിക്കുന്നതിന് മുമ്പ്, ഞാൻ പ്രവചനാത്മകമായി പറഞ്ഞു, "ഇതുവരെ, നിങ്ങളുടെ മുമ്പിലുള്ള ജോലി ഏറ്റെടുക്കണമോ വേണ്ടയോ എന്ന് നിങ്ങൾ ബുദ്ധിമുട്ടുകയായിരുന്നു. എന്നാൽ കർത്താവ് നിങ്ങളെ ഉപദേശിക്കുകയും നിർദ്ദേശിക്കുകയും നിങ്ങൾ പോകേണ്ട വഴി കാണിച്ചുതരികയും ചെയ്യും." ഉടൻ തന്നെ, ജോലി സ്വീകരിക്കാനുള്ള തൻ്റെ തീരുമാനത്തിൽ ഉറപ്പുണ്ടായതായി അയാൾക്ക് തോന്നി, അയാൾ കമ്പനിയിൽ ചേർന്നു. കർത്താവിൻ്റെ ആത്മാവിനാൽ നയിക്കപ്പെടുക എന്നത് തീർച്ചയായും ഒരു വലിയ അനുഗ്രഹമാണ്.

എന്റെ സുഹൃത്തേ, പരിശുദ്ധാത്മാവിനായി ദൈവത്തിന് നന്ദി പറയുന്നു. നിങ്ങൾ ഇപ്പോൾ ജോലി അന്വേഷിക്കുകയാണെങ്കിൽ, നിങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമുള്ളതും മാന്യമായ ശമ്പളം വാഗ്ദാനം ചെയ്യുന്നതുമായ ഒരു ജോലി ദൈവം നിങ്ങൾക്ക് നൽകുമെന്ന് വിശ്വസിക്കുക. യേശുവിൻ്റെ നാമത്തിൽ ഈ അനുഗ്രഹം നിങ്ങളുടെ മേൽ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു.

PRAYER:
പ്രിയ പിതാവേ, എന്റെ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ പരിപൂർണ്ണ ഹിതം അറിയാൻ കഴിയുമെന്ന് എന്നെ പഠിപ്പിച്ചതിന് അങ്ങേയ്ക്ക് നന്ദി. അങ്ങയുടെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു ഞാൻ നിറയണമെന്ന് അങ്ങ് ആഗ്രഹിക്കുന്നു. എന്റെ എല്ലാ ബലഹീനതകളിലും എന്നെ സഹായിക്കാനും എനിക്ക് നല്ല വിവേചനബുദ്ധി നൽകാനും എന്റെ സഹായിയായി വിലയേറിയ പരിശുദ്ധാത്മാവിനെ അയച്ചതിന് നന്ദി. ഇപ്പോൾ തന്നെ, എൻ്റെ ജീവിതത്തിൻ്റെ ചെറിയ കാര്യങ്ങൾ ഉൾപ്പെടെ, എൻ്റെ മുഴുവൻ ജീവിതവും അങ്ങയുടെ സ്നേഹമുള്ള കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. എൻ്റെ ജീവിതത്തിൽ പ്രവർത്തിക്കാൻ ഞാൻ അവനെ അനുവദിക്കുമ്പോൾ, അവൻ എന്നെ എല്ലാ സത്യത്തിലേക്കും മനോഹരമായി നയിക്കുമെന്നും അങ്ങയുടെ ഉയർന്ന പദ്ധതികൾ എനിക്ക് വെളിപ്പെടുത്തുമെന്നും ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ ശബ്ദം കേൾക്കാനും എൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അങ്ങയുടെ നേതൃത്വം പിന്തുടരാനുമുള്ള അങ്ങയുടെ കൃപയും ശക്തിയും എനിക്ക് ലഭിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്നെ നയിക്കാനും എൻ്റെ അനുഗ്രഹങ്ങളിലേക്ക് എന്നെ നടത്താനും അങ്ങ് എന്നോടൊപ്പമുള്ളതിനാൽ കർത്താവേ, അങ്ങേക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.