എൻ്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, യോഹന്നാൻ 14:14-ൽ നിന്ന് ധ്യാനിക്കാൻ കർത്താവായ യേശു നമുക്ക് ഒരു വാക്യം തന്നിരിക്കുന്നു. അതിൽ ഇപ്രകാരം പറയുന്നു, “നിങ്ങൾ എന്റെ നാമത്തിൽ എന്നോടു അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും." കൂടാതെ, 1 യോഹന്നാൻ 5:14 പറയുന്നു, "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു." അതിനാൽ, എൻ്റെ സുഹൃത്തേ, നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, യേശുക്രിസ്തുവിൻ്റെ നാമത്തിൽ നിങ്ങൾക്ക് ആവശ്യമുള്ളത് അപേക്ഷിക്കുക. പുറപ്പാട് 6:3 - ൽ, കർത്താവായ യേശു പറയുന്നു, "ഞാൻ അബ്രാഹാമിന്നു യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി." അതിനാൽ, നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, സർവ്വശക്തനായ കർത്താവിനോട് അവൻ്റെ നാമത്തിൽ അനുഗ്രഹങ്ങൾക്കായി അപേക്ഷിക്കുക,"കർത്താവേ, എന്നോടു കരുണയുണ്ടാകേണമേ" എന്ന് പറയുക.

ന്യായാധിപന്മാർ 13:17 & 18-ൽ മാനോഹ (ശിംശോൻ്റെ പിതാവ്) എന്നു പേരുള്ള ഒരു മനുഷ്യനുണ്ട്, അവൻ കർത്താവിനോട് ചോദിച്ചു, "നിൻ്റെ പേരെന്താണ്?" സർവശക്തനായ ദൈവമായ കർത്താവ് പ്രതികരിച്ചു, എൻ്റെ പേർ അതിശയമുള്ളതു. യോഹന്നാൻ 16:24-ൽ, കർത്താവായ യേശു നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറയുന്നു,"ഇന്നുവരെ നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും." അതിനാൽ, നിങ്ങൾ യേശുവിൻ്റെ നാമത്തിൽ കർത്താവിനോട് അപേക്ഷിക്കുക, അവനിൽ നിന്ന് നിങ്ങൾക്ക് എല്ലാം ലഭിക്കുകയും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുകയും ചെയ്യും.

മത്തായി 7:11 പറയുന്നത് നാം കർത്താവിനോട് അവൻ്റെ നാമത്തിൽ യാചിക്കുമ്പോൾ, അവൻ്റെ നല്ല ദാനങ്ങൾ നമുക്ക് നൽകും എന്നാണ്. വാക്യം അനുസരിച്ച്, അവൻ്റെ നന്മയും കരുണയും നമ്മുടെ ജീവിതത്തിൻ്റെ എല്ലാ ദിവസങ്ങളിലും നമ്മെ പിന്തുടരുകയും നമ്മുടെ എല്ലാ ആവശ്യങ്ങളും അവൻ മനോഹരമായി നൽകുകയും ചെയ്യും. നമ്മുടെ ആഗ്രഹങ്ങൾക്കും അപേക്ഷകൾക്കും അത്യന്തം പരമായി നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ദൈവത്തിന് കഴിയുമെന്നും എഫെസ്യർ 3:20 പറയുന്നു. കർത്താവിൻ്റെ നാമത്തിൽ നിങ്ങൾ ഇപ്പോൾ തന്നെ  അപേക്ഷിക്കുമോ?

Prayer:
വിലയേറിയ കർത്താവേ, "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും" എന്ന് അങ്ങ് പറഞ്ഞതുപോലെ, അങ്ങയുടെ മഹത്തായ നാമത്തിൽ അനുഗ്രഹം തേടി ഞാൻ അങ്ങയുടെ അടുക്കൽ വരുന്നു. ഇതാ, ഞാൻ അങ്ങയുടെ മുമ്പിൽ സാഷ്ടാംഗം വീണു, എൻ്റെ അപേക്ഷകൾ അങ്ങയെ അറിയിക്കുന്നു. അങ്ങ് എൻ്റെ ദാതാവും എൻ്റെ സമാധാനപ്രഭുവും എൻ്റെ സൗഖ്യദായകനും എൻ്റെ വിമോചകനും എൻ്റെ രക്ഷകനും ആകുന്നു. അങ്ങ് പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുന്ന ദൈവമാണ്. ദയവായി എൻ്റെ നിലവിളി കേൾക്കേണമേ, എൻ്റെ കഷ്ടതകളിൽ നിന്ന് എന്നെ വിടുവിക്കേണമേ, എൻ്റെ തല ഉയർത്തേണമേ. ഞാൻ അങ്ങയോട് അപേക്ഷിക്കുന്നതിനേക്കാളും  ആഗ്രഹിക്കുന്നതിനേക്കാളും കൂടുതലായി എൻ്റെ എല്ലാ ആവശ്യങ്ങളും ദയവായി നൽകേണമേ. കർത്താവേ, എൻ്റെ പ്രാർത്ഥന കേട്ടതിന് നന്ദി. ഞാൻ അങ്ങേക്ക് എല്ലാ മഹത്വവും നൽകുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.