പ്രിയ സുഹൃത്തേ, ദൈവത്തിൻ്റെ ഇന്നത്തെ വാഗ്ദത്തം യെഹെസ്‌കേൽ 20:41-ൽ നിന്നാണ്.  “ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽ നിന്നു ശേഖരിക്കുമ്പോൾ ഞാൻ നിങ്ങളെ സൌരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാൻ ജാതികൾ കാൺകെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.” നാമെല്ലാവരും സൌരഭ്യവാസനയെ ഇഷ്ടപ്പെടുന്നില്ലേ? അതുപോലെ, നമ്മുടെ ശുദ്ധവും അനുസരണമുള്ളതുമായ ഹൃദയത്തിൻ്റെ സൌരഭ്യവാസനയിൽ ദൈവം ആനന്ദിക്കുന്നു. ദൈവം നമ്മെ ഒരു റോസാപ്പൂവിനെപ്പോലെ സ്നേഹിക്കുന്നു, യേശുവിൻ്റെ ത്യാഗത്തിന്റെ സൌരഭ്യവാസനയിലൂടെ മാത്രമാണ് നാം സ്വീകരിക്കപ്പെടുന്നത്. നമ്മുടെ ഉള്ളിലെ യേശു ആ സുഗന്ധം ദൈവത്തിന് നൽകുന്നു, ദൈവസാന്നിദ്ധ്യം നാം എത്രയധികം വഹിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു. യേശുക്രിസ്തുവിലൂടെ മാത്രമേ നാം സ്വീകരിക്കപ്പെട്ടിട്ടുള്ളൂ, അതിനാൽ നാം നമ്മെത്തന്നെ ജീവനുള്ളതും വിശുദ്ധവും ദൈവത്തിനു പ്രസാദകരവുമായ ഒരു യാഗമായി അർപ്പിക്കണം.

പഴയനിയമത്തിൽ, ഹോമയാഗങ്ങൾ, ഭോജനയാഗങ്ങൾ, സമാധാനയാഗങ്ങൾ, പാപയാഗങ്ങൾ, അകൃത്യയാഗങ്ങൾ തുടങ്ങി നിരവധി യാഗങ്ങൾ അർപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇവയ്‌ക്കൊന്നും അവരുടെ പാപങ്ങളിൽ നിന്ന് അവരെ ശുദ്ധീകരിക്കാൻ കഴിഞ്ഞില്ല, കാരണം നമ്മുടെ എല്ലാ പാപങ്ങളിൽ നിന്നും നമ്മെ ശുദ്ധീകരിക്കാനുള്ള ശക്തി ക്രിസ്തുവിൻ്റെ രക്തത്തിന് മാത്രമേ ഉള്ളൂ. അതുകൊണ്ട് നമുക്ക് നമ്മെത്തന്നെ ജീവനുള്ള ബലിയായി ദൈവത്തിന് സമർപ്പിക്കാം. നാം എളുപ്പത്തിൽ പ്രലോഭിപ്പിക്കപ്പെടുന്ന ഈ ദുഷ്ടലോകത്തിൽ ജീവിക്കുമ്പോൾ നാം നമ്മുടെ പാപസ്വഭാവത്തോടും പിശാചിൻ്റെ തന്ത്രങ്ങളോടും പോരാടുന്നു. അതിനാൽ, നമ്മെ സംരക്ഷിക്കുന്ന ദൈവത്തിന് നാം സ്വയം സമർപ്പിക്കേണ്ടതുണ്ട്.

യാക്കോബ് 4:7 പറയുന്നു, “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും." നമുക്ക് എങ്ങനെ നമ്മെ ദൈവത്തിനു സമർപ്പിക്കാം? ദൈവവചനത്തിൽ ആനന്ദിച്ചും ദൈവഭയത്താലും തന്നെ. യെശയ്യാവ് 11:3 - ൽ പറയുന്നു, “അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല." നമ്മിലുള്ള കർത്താവിനോടുള്ള ഭയം ദൈവത്തിന് മണക്കാനുള്ള ഒരു സുഗന്ധദ്രവ്യം പോലെയായിരിക്കും. ഇവാഞ്ചലിൻ എന്ന പെൺകുട്ടി ഒരു രാഷ്ട്രീയക്കാരനെ കാണാൻ പോവുകയായിരുന്നു. രാഷ്ട്രീയക്കാരനെ കാണാൻ ഒരു വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു, എന്നാൽ ഈ പെൺകുട്ടി കൈയിൽ 'നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു' എന്നെഴുതിയ പ്ലക്കാർഡ് പിടിച്ചു. വളരെയധികം സ്പർശിക്കപ്പെട്ട രാഷ്ട്രീയക്കാരൻ, ആ പെൺകുട്ടിയെ തൻ്റെ അടുക്കൽ വരാൻ പറഞ്ഞ് വിളിച്ചു. ആൾക്കൂട്ടം കാരണം തനിക്ക് വരാൻ കഴിയില്ലെന്ന് പെൺകുട്ടി പറഞ്ഞു, അതിനാൽ രാഷ്ട്രീയക്കാരൻ നേരെ പെൺകുട്ടിയുടെ അടുത്തേക്ക് പോയി അവളുടെ കൈയിൽ പിടിച്ചു, തുടർന്ന് തനിക്ക് വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി എന്നു പറഞ്ഞു. എല്ലാ വിഐപികൾക്കിടയിലും അവളെ ക്ഷണിക്കുകയും അദ്ദേഹത്തെ വ്യക്തിപരമായി കാണുകയും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഇന്നും അവൾ ഈ സംഭവം വിവരിച്ചുകൊണ്ടേയിരിക്കുന്നു. ഈ മഹാനായ രാഷ്ട്രീയക്കാരൻ അവളെ സ്വീകരിച്ചതിൽ അവൾ വളരെ സന്തോഷിച്ചു.

അതുപോലെ, കർത്താവ് നിങ്ങളെ സ്വീകരിക്കുന്നു. മഹാനായ ദൈവത്താൽ നിങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദൈവത്തെ അനുസരിക്കുമ്പോൾ, അവൻ നിങ്ങളെ അംഗീകരിക്കുന്നു, ദൈവത്തിനുള്ളതെല്ലാം നിങ്ങളുടേതായിരിക്കും. നിങ്ങൾ ദൈവത്തിൻ്റെ മഹാന്മാരുടെ കൂട്ടത്തിലായിരിക്കും. ദൈവം സ്വീകരിക്കുന്നത് എന്തൊരു സന്തോഷമാണ്! നിങ്ങൾ ദൈവത്തിന് പ്രസാദകരമായ സൌരഭ്യവാസനയായിരിക്കട്ടെ.

PRAYER:

പ്രിയ സ്വർഗ്ഗീയപിതാവേ, എന്നെ ഒരു സൌരഭ്യവാസനയായി സ്വീകരിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. അങ്ങയുടെ ദൃഷ്ടിയിൽ എന്നെ പ്രസാദിപ്പിക്കുന്ന യേശുവിൻ്റെ ത്യാഗത്തിന് ഞാൻ നന്ദിയുള്ളവളാണ്. വിശുദ്ധവും അങ്ങേക്കു സ്വീകാര്യവുമായ ജീവനുള്ള യാഗമായി എന്നെത്തന്നെ അർപ്പിക്കാൻ എന്നെ സഹായിക്കേണമേ. അങ്ങയുടെ വചനത്തിൽ ആനന്ദിക്കാനും കർത്താവിനോടുള്ള ഭയത്തിൽ ജീവിക്കാനും എന്നെ നയിക്കണമേ, ഇത് അങ്ങയുടെ ഹൃദയത്തിന് സന്തോഷം നൽകുന്നു. പിശാചിൻ്റെ തന്ത്രങ്ങളിൽ നിന്ന് എന്നെ സംരക്ഷിക്കുകയും പ്രലോഭനത്തെ ചെറുക്കാൻ എന്നെ ശക്തിപ്പെടുത്തുകയും ചെയ്യണമേ. അങ്ങയുടെ സംരക്ഷണത്തിലും കൃപയിലും ആശ്രയിച്ചുകൊണ്ട് ഞാൻ എന്നെത്തന്നെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എൻ്റെ ഉള്ളിലെ യേശുവിൻ്റെ സാന്നിദ്ധ്യം പ്രതിഫലിപ്പിക്കുന്ന എൻ്റെ ജീവിതം അങ്ങേക്ക് പ്രസാദകരമായ സുഗന്ധമാകട്ടെ. കർത്താവേ, എന്നെ സ്വീകരിച്ചതിന് അങ്ങേക്ക് നന്ദി. ഈ ഉറപ്പ് വഹിക്കാനും അങ്ങയുടെ ജനത്തിൽ ഒരാളായി ജീവിക്കാനും അങ്ങയുടെ നാമത്തിന് മഹത്വം കൊണ്ടുവരാനും എന്നെ സഹായിക്കണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.