എന്റെ വിലയേറിയ സുഹൃത്തേ, വേദപുസ്തകത്തിൽ, ശമൂവേൽ പ്രവാചകൻ ഒരു കല്ല് എടുത്ത് മിസ്പെക്കും ശേനിന്നും മദ്ധ്യേ സ്ഥാപിച്ച ഒരു സുപ്രധാന നിമിഷമുണ്ട്, അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു. എന്തെന്നാൽ, "ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു" (I ശമൂവേൽ 7:12) എന്ന് അവൻ പ്രഖ്യാപിച്ചു. ഒരു പുതുവർഷത്തിൻ്റെ പടിപ്പുരയിൽ നിൽക്കുമ്പോൾ നമുക്കും “ഏബെൻ-ഏസെർ!” എന്ന് പ്രഖ്യാപിക്കാം. എന്തെന്നാൽ, കർത്താവ് ഇത്രത്തോളം നമ്മെ സഹായിച്ചിട്ടുണ്ട്. അവൻ തീർച്ചയായും നമ്മുടെ ഏബെൻ-ഏസെർ തന്നെയാണ്.
യിസ്രായേൽ നേരിട്ട ഏറ്റവും പ്രതികൂലമായ ഒരു സാഹചര്യത്തിലാണ് ശമൂവേൽ ആ കല്ല് സ്ഥാപിച്ചത്. ഒരുമിച്ചുകൂടാനും പ്രാർത്ഥിക്കാനും അവൻ യിസ്രായേൽജനത്തെ മുഴുവൻ വിളിച്ചിരുന്നു. ആ നിമിഷം തന്നെ, അവരുടെ ശത്രുക്കളായ ഫിലിസ്ത്യർ, ഒരു വലിയ സൈന്യമായി അവർക്കെതിരെ നീങ്ങി. പ്രാർത്ഥനയിൽ കർത്താവിനെ അന്വേഷിക്കാൻ നാം ഹൃദയവും മനസ്സും സജ്ജമാക്കുമ്പോൾ, അന്ധകാരശക്തികളും ദുഷ്ടന്മാരും പരീക്ഷണങ്ങളും നമുക്കെതിരെ ഉയരുന്നതായി തോന്നുന്നത് പലപ്പോഴും സംഭവിക്കാറില്ലേ? “ഞാൻ പ്രാർത്ഥിക്കുമ്പോൾ എന്തുകൊണ്ടാണ് ആക്രമണങ്ങൾ വരുന്നത്?” എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ ഓർക്കുക, എന്റെ സുഹൃത്തേ, അത്തരം നിമിഷങ്ങളിലാണ് ദൈവം തന്റെ മഹത്തായ ശക്തിയെ, ഏറ്റവും വലിയ ശത്രുവിനെക്കാൾ വളരെ വലിയ ശക്തിയെ വെളിപ്പെടുത്തുന്നത്. ആളുകൾക്ക് ഭയം പിടിപെട്ടപ്പോൾ അവർ ഇങ്ങനെ നിലവിളിച്ചു: "ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ, ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ." “ഭയപ്പെടേണ്ട” എന്നു പറഞ്ഞ് ശമൂവേൽ അവരെ ആശ്വസിപ്പിച്ചു. അവൻ വെള്ളം കോരി ഒഴിച്ചു, പരിശുദ്ധാത്മാവിനെ പ്രതീകപ്പെടുത്തി, ആത്മാവിൽ പ്രാർത്ഥിച്ചു. ശത്രു നമുക്കെതിരെ വരുമ്പോൾ, നമുക്ക് പലപ്പോഴും ബലഹീനത അനുഭവപ്പെടുന്നു, പ്രാർത്ഥിക്കാൻ കഴിയില്ല. എന്നാൽ ദൈവം തൻ്റെ കാരുണ്യത്താൽ, ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളോടെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കാൻ തന്റെ പരിശുദ്ധാത്മാവിനെ നമുക്കു തരുന്നു (റോമർ 8:26). തുടർന്ന് ശമൂവേൽ ഒരു ആട്ടിൻകുട്ടിയെ ബലിയർപ്പിക്കുകയും അതിന്റെ രക്തം ചൊരിയുകയും ചെയ്തു. ഇന്ന്, നമുക്കുവേണ്ടി ചൊരിയപ്പെട്ട യേശുക്രിസ്തുവിന്റെ വിലയേറിയ രക്തം നമുക്കുണ്ട്. ഒടുവിൽ, ശമൂവേൽ സ്തുതിയുടെ ഒരു ഏറ്റുപറച്ചിൽ നടത്തികൊണ്ട് ഇങ്ങനെ പറഞ്ഞു, “കർത്താവേ, അങ്ങാണ് ഞങ്ങളുടെ ഏബെൻ-ഏസെർ. അങ്ങ് ഞങ്ങളുടെ പാറയാണ്, ഞങ്ങളുടെ മൂലക്കല്ലാകുന്നു” (1 കൊരിന്ത്യർ 10:4).
അവൻ പ്രാർത്ഥിക്കുകയും സ്തുതിക്കുകയും ചെയ്തപ്പോൾ ദൈവത്തിന്റെ ശക്തി ശത്രുവിന്റെ നേരെ ശക്തമായി നീങ്ങി. ഫെലിസ്ത്യർക്ക് യിസ്രായേൽ പ്രദേശത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. അവരെ അടിച്ചു വീഴ്ത്തുകയും ശത്രു പിടിച്ചെടുത്ത എല്ലാ പട്ടണങ്ങളും നഗരങ്ങളും യിസ്രായേല്യർ തിരിച്ചുപിടിക്കുകയും ചെയ്തു. ദൈവത്തിന്റെ ശക്തി തന്റെ ജനത്തിന്റെ യുദ്ധത്തെ മാറ്റിമറിച്ചു. ശമൂവേൽ തന്റെ അവസാന നാളുകൾ വരെ പ്രാവചനിക അഭിഷേകത്തോടെ കർത്താവിനെ സേവിച്ചു. അതേ വിജയം ഇന്ന് നിങ്ങളുടേതാണ്. നമുക്ക് ഒരുമിച്ച് പറയാം, "ഏബെൻ-ഏസെർ! കർത്താവേ, അങ്ങ് ഞങ്ങളോട് കരുണ കാണിച്ചിരിക്കുന്നു. ഞങ്ങളെ സഹായിച്ചതിന് നന്ദി.” 2024-ൽ നിങ്ങൾ നേരിട്ട എല്ലാ ശത്രുക്കളെയും പുതുവർഷത്തിൽ നിങ്ങൾ വീണ്ടും കാണില്ല. പകരം, നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം നിങ്ങൾ വീണ്ടെടുക്കുകയും പരിശുദ്ധാത്മാവിന്റെ അഭിഷേകം നിങ്ങളുടെ ഉള്ളിലും നിങ്ങളിലൂടെയും ശക്തമായി ഒഴുകുകയും ചെയ്യും. മുമ്പെങ്ങുമില്ലാത്തവിധം പ്രാവചനിക ശക്തിയുടെയും പുനഃസ്ഥാപനത്തിൻ്റെയും വർഷമായിരിക്കും ഇത്. ഈ അനുഗ്രഹം ഞാൻ നിങ്ങൾക്കും ഈ ശുശ്രൂഷയ്ക്കും യേശുവിന്റെ നാമത്തിൽ പ്രഖ്യാപിക്കുന്നു. ആമേൻ
PRAYER:
പ്രിയ കർത്താവേ, നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. ഈ വർഷത്തെ എല്ലാ പരീക്ഷണങ്ങളിലൂടെയും എന്നെ നയിച്ച എൻ്റെ സഹായത്തിൻ്റെ പാറയായ ഏബെൻ-ഏസെർ ആയതിന് അങ്ങേക്ക് നന്ദി. അങ്ങയുടെ മാറ്റമില്ലാത്ത വിശ്വസ്തതയ്ക്കും കാരുണ്യത്തിനും ഞാൻ അങ്ങയെ സ്തുതിക്കുന്നു. കർത്താവേ, ശത്രു എനിക്കെതിരെ വന്നപ്പോൾ, അങ്ങ് എൻ്റെ പ്രതിരോധത്തിൽ നിന്നുകൊണ്ട് എനിക്ക് വിജയം നൽകി. ഞാൻ ബലഹീനനായിരുന്നപ്പോൾ അങ്ങ് അങ്ങയുടെ പരിശുദ്ധാത്മാവിനെ ചൊരിഞ്ഞു എന്നെ ശക്തിപ്പെടുത്തുകയും അങ്ങയുടെ വിലയേറിയ രക്തത്താൽ എന്നെ മൂടുകയും വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു. "ഇത്രത്തോളം കർത്താവ് എന്നെ സഹായിച്ചു" എന്ന്, ഇന്ന് ഞാൻ ഏറ്റുപറയുന്നു, കൂടുതൽ അനുഗ്രഹങ്ങളോടെ എന്നെ പുതുവർഷത്തിലേക്ക് നയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നഷ്ടപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കുകയും അങ്ങയുടെ അഭിഷേകത്താൽ എന്നെ നിറയ്ക്കുകയും ചെയ്യണമേ. അങ്ങയുടെ ശക്തി എന്നിലൂടെ ശക്തമായി ഒഴുകട്ടെ, അങ്ങയുടെ നാമത്തിനു മഹത്വം കൊണ്ടുവരുമാറാകട്ടെ. കർത്താവേ, ഞാൻ അങ്ങിൽ ഉറച്ചുനിൽക്കുമ്പോൾ എന്നെ നയിക്കേണമേ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.