പ്രിയ സുഹൃത്തേ, ഇന്ന്, നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ നടത്താൻ ദൈവം ഇവിടെയുണ്ട്, അവൻ നമുക്ക് ഏതുതരം അത്ഭുതമാണ് നൽകുന്നതെന്ന് കണ്ടെത്താൻ നാം ഇവിടെയുണ്ട്. എഫെസ്യർ 1:3 ഈ മനോഹരമായ വാഗ്‌ദത്തത്തെക്കുറിച്ച് പറയുന്നു,  “സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.” എല്ലാ ആത്മീയ അനുഗ്രഹങ്ങളുടെയും അത്ഭുതം നിങ്ങൾക്ക് നൽകപ്പെടുന്നു. ആത്മീയ അനുഗ്രഹങ്ങളുടെ അത്തരം മഹത്തായ നിധികൾ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാണോ? ഈ അനുഗ്രഹങ്ങൾ ക്രിസ്തുയേശുവിൽ നമ്മുടേതാണെന്ന് ഈ വാക്യം പറയുന്നു. യേശുവിനെ സ്വീകരിക്കുന്നവർക്കും ഈ ദിവ്യ അനുഗ്രഹങ്ങൾ ലഭിക്കുന്നു, അവ ദൈവത്തിന്റെ പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക് വരുന്നു.

എന്താണ് ഈ ആത്മീയ അനുഗ്രഹങ്ങൾ? ആദ്യത്തെ അനുഗ്രഹം രക്ഷയാണ്. നമ്മുടെ ആത്മാവിനെ മരണത്തിൽ നിന്ന് സംരക്ഷിക്കുകയും ദൈവവുമായി നമ്മെ അനുരഞ്ജിപ്പിക്കുകയും ചെയ്യുന്ന വിലയേറിയ ദാനമാണിത്. രണ്ടാമത്തെ അനുഗ്രഹം പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളും ശക്തിയുമാണ്. ഈ ദാനങ്ങൾ നമുക്ക് ആത്മാവിൽ മഹത്തായ പ്രവൃത്തികൾ ചെയ്യാനുള്ള അധികാരവും ശക്തിയും നൽകുന്നു. മൂന്നാമത്തെ അനുഗ്രഹം നിത്യജീവൻ്റെ ദാനമാണ്. ഇഹലോകത്തിലും സ്വർഗ്ഗത്തിലും കർത്താവിൻ്റെ സാന്നിധ്യം അനുഭവിച്ചുകൊണ്ട് നമുക്ക് അവൻ്റെ സന്തോഷത്തിൽ നിത്യമായി ജീവിക്കാം എന്നാണ് ഇതിനർത്ഥം. അവൻ നിങ്ങളുടെമേൽ ചൊരിയുന്ന ഈ അസാധാരണമായ ആത്മീയ അനുഗ്രഹങ്ങൾക്ക് ദൈവത്തിന് നന്ദി! പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ നിങ്ങളുടെ ഹൃദയം തുറക്കുക, അവൻ ഈ ദാനങ്ങളെ നിങ്ങളുടെ ഉള്ളിൽ ജീവനോടെ കൊണ്ടുവരുകയും, അവ അനുഭവിക്കാനും മറ്റുള്ളവരുമായി പങ്കിടാനും നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

എന്റെ സ്വന്തം ജീവിതത്തിൽ ഇതിന് സാക്ഷ്യം വഹിച്ച ഒരു നിമിഷം ഞാൻ പങ്കുവയ്ക്കട്ടെ. ഞാൻ ഒരു പ്രത്യേക സ്ഥലത്ത് ഒരു സുഹൃത്തിനൊപ്പം അവധിക്കാലം ചെലവഴിക്കുകയായിരുന്നു. എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു, "സാം, എനിക്ക് അറിയാവുന്ന ഒരാൾ ആശുപത്രിയിൽ ഉണ്ട്, തളർവാതം ബാധിച്ച ഒരു അപ്പച്ചൻ. നിങ്ങൾക്ക് വന്ന് അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാമോ?" ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, എനിക്ക് എന്തുചെയ്യാൻ കഴിയുമെന്ന് ഞാൻ ചിന്തിച്ചു. എന്നിട്ടും, ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ സുഹൃത്തിനോടൊപ്പം പോയി. ഞങ്ങൾ എത്തിയപ്പോൾ, സങ്കടവും നിരാശയും നിറഞ്ഞ്, തല താഴ്ത്തി നിൽക്കുന്ന ആ മനുഷ്യനെ ഞാൻ കണ്ടു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, "സഹോദരാ, നിങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കട്ടെ." എന്നാൽ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ ശ്രദ്ധേയമായ ഒന്ന് സംഭവിച്ചു. മറ്റാരോ അത് ഏറ്റെടുക്കുന്നതായി എനിക്ക് തോന്നി. ദൈവത്തിൻ്റെ ആത്മാവായിരുന്നു എന്നെ പ്രാർത്ഥനയിൽ നയിച്ചത്. അദ്ദേഹത്തിൻ്റെ തളർവാതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ആത്മാവ് എന്നെ ആവർത്തിച്ച് പറയാൻ പ്രേരിപ്പിച്ചു, “ദൈവം നിങ്ങളെക്കുറിച്ചാണ് ചിന്തിക്കുന്നത്. യേശു നിങ്ങളെ ആഴമായി സ്നേഹിക്കുന്നു. അവൻ നിങ്ങളെ മറന്നിട്ടില്ല. അവൻ നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നല്ലത് ചെയ്യും.” ഞാൻ ആ വാക്കുകൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു, തുടർന്ന് രോഗശാന്തിയെക്കുറിച്ച് പരാമർശിക്കാതെ ഞാൻ പ്രാർത്ഥന അവസാനിപ്പിച്ചു. പ്രാർത്ഥനയുടെ അവസാനത്തിൽ, ആ മനുഷ്യന്റെ മുഖത്ത് കണ്ണുനീർ ഒഴുകുന്നത് ഞാൻ കണ്ടു. അദ്ദേഹം യേശുവിൻ്റെ സ്നേഹത്താൽ മതിമറന്നു കരയുകയായിരുന്നു. ഇതാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്. മറ്റുള്ളവർക്ക് ആത്മീയ അനുഗ്രഹങ്ങൾ നൽകുന്നതിനും അവ സ്വയം സ്വീകരിക്കുന്നതിനും നിങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് അവന് അറിയാം. ഇന്ന് അവനെ സ്വീകരിക്കാൻ നിങ്ങൾ ഹൃദയം തുറക്കുമോ? അവൻ നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കട്ടെ, ഈ സ്വർഗ്ഗീയ അനുഗ്രഹങ്ങളുടെ പൂർണ്ണത നിങ്ങൾ അനുഭവിക്കും.

PRAYER:
സ്നേഹവാനായ കർത്താവേ, യേശുക്രിസ്തുവിൽ എല്ലാ ആത്മീയ അനുഗ്രഹങ്ങളും നൽകി എന്നെ അനുഗ്രഹിച്ചതിന് അങ്ങേക്ക് നന്ദി. എൻ്റെ ആത്മാവിനെ സംരക്ഷിക്കുകയും അങ്ങിലേക്ക് എന്നെ അടുപ്പിക്കുകയും ചെയ്യുന്ന രക്ഷയുടെ ദാനത്തിന് ഞാൻ നന്ദിയുള്ളവനാണ്. കർത്താവേ, പരിശുദ്ധാത്മാവിൻ്റെ ദാനങ്ങളാലും ശക്തിയാലും നിറയാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ മഹത്വത്തിനായി മഹത്തായ പ്രവൃത്തികൾ ചെയ്യാൻ എനിക്ക് ശക്തിയും അധികാരവും നൽകണമേ. നിത്യജീവൻ്റെ ദാനത്തിനും എന്നേക്കും അങ്ങയുടെ സന്നിധിയിൽ ജീവിക്കുന്നതിന്റെ സന്തോഷത്തിനും നന്ദി. കർത്താവേ, ഈ ദിവ്യ നിധികൾ പൂർണ്ണമായി സ്വീകരിക്കാൻ എൻ്റെ ഹൃദയം തുറക്കണമേ. ഈ അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും അങ്ങയുടെ സ്നേഹത്തിൻ്റെ ചാനലാകാനും എന്നെ സഹായിക്കേണമേ. പരിശുദ്ധാത്മാവേ, ദയവായി എൻ്റെ ജീവിതത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കുകയും ചെയ്യേണമേ. അങ്ങയുടെ നാമം മഹത്വപ്പെടത്തക്കവണ്ണം അങ്ങയുടെ അത്ഭുതങ്ങൾ എന്നിലൂടെ പ്രവർത്തിക്കട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.