എൻ്റെ സുഹൃത്തേ, ദൈവത്തിൻ്റെ ഇന്നത്തെ വാഗ്ദത്തം വെളിപ്പാട് 21:5-ൽ നിന്നാണ്. വേദപുസ്തകം പറയുന്നു, “സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു.” യേശു വരുമ്പോൾ, അവൻ നമ്മുടെ ജീവിതത്തിലേക്ക് നവീകരണം കൊണ്ടുവരുന്നു, പഴയത് മാഞ്ഞുപോകുമ്പോൾ എല്ലാം പുതിയതാക്കുന്നു.
കാനാവിലെ വിവാഹവേളയിൽ, അപ്രതീക്ഷിതമായി വീഞ്ഞു പോരാതെവരികയാൽ വെള്ളം വീഞ്ഞാക്കി മാറ്റി, യേശു തൻ്റെ ആദ്യത്തെ അത്ഭുതം പ്രവർത്തിച്ചു. ഈ പ്രവൃത്തി അവരെ നാണക്കേടിൽ നിന്ന് രക്ഷിക്കുക മാത്രമല്ല, ആഴമേറിയ ഒരു സത്യം വെളിപ്പെടുത്തുകയും ചെയ്തു: ഇല്ലായ്മയും ആശങ്കയും ഉണ്ടായിരുന്നിടത്ത് യേശു നവീകരണവും മധുരവും നൽകുന്നു. ആവശ്യമുള്ള നിമിഷങ്ങളിൽ, യേശുവിങ്കലേക്ക് തിരിയുന്നത്
പുതിയ സാധ്യതകൾ കൊണ്ടുവരുന്നു. കാനാവിലെ പുതിയ വീഞ്ഞിന് മുമ്പത്തേതിനേക്കാൾ മധുരമുള്ളതുപോലെ, യേശു നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും എല്ലാറ്റിനെയും പുതിയതാക്കുകയും തൻ്റെ മാധുര്യത്താൽ നിറയ്ക്കുകയും ചെയ്യുന്നു. ക്രിസ്തുവിൽ നാം ഒരു പുതിയ സൃഷ്ടിയായി മാറുന്നുവെന്ന് വേദപുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു, അവൻ്റെ പരിവർത്തന ശക്തിയുടെ സാക്ഷ്യമാണിത്.
യേശുവിനെ നമ്മുടെ ഹൃദയങ്ങളിലേക്കും ഭവനങ്ങളിലേക്കും ക്ഷണിക്കുമ്പോൾ, അവൻ്റെ അനുഗ്രഹങ്ങളിലേക്കും അവനുമായുള്ള പുതുക്കിയ ബന്ധത്തിൻ്റെ സന്തോഷത്തിലേക്കും നാം നമ്മെത്തന്നെ തുറക്കുന്നു. പുതിയ സന്തോഷം കൊണ്ടുവരുവാനും അവനുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുവാനും നമുക്ക് പുതിയ തുടക്കങ്ങൾ നൽകുവാനും നാം പ്രാർത്ഥനയിലൂടെയും വിശ്വാസത്തിലൂടെയും അവനോട് അപേക്ഷിക്കുന്നു. അവൻ്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും സമ്പന്നമാക്കുന്നു, നമ്മുടെ കുടുംബങ്ങളെ അനുഗ്രഹിക്കുന്നു, നമ്മുടെ ഭവനങ്ങളെ അവൻ്റെ നന്മയാൽ നിറയ്ക്കുന്നു.
PRAYER:
പ്രിയ കർത്താവായ യേശുവേ, അങ്ങയുമായുള്ള ഒരു പുതിയ സന്തോഷവും ആഴത്തിലുള്ള ബന്ധവും തേടി ഞാൻ ഇന്ന് അങ്ങയെ എൻ്റെ ഹൃദയത്തിലേക്ക് ക്ഷണിക്കുന്നു. അങ്ങയുടെ അനുഗ്രഹങ്ങളാലും മാധുര്യത്താലും എൻ്റെ ജീവിതം നിറയ്ക്കണമേ. എന്നെ രൂപാന്തരപ്പെടുത്തുകയും എല്ലാം പുതിയതാക്കുകയും, അങ്ങയുടെ സാന്നിധ്യത്താൽ എൻ്റെ ജീവിതത്തിൻ്റെ എല്ലാ വശങ്ങളെയും സമ്പന്നമാക്കുകയും ചെയ്യേണമേ. അങ്ങയുടെ വിശ്വാസയോഗ്യവും സത്യവുമായ വാഗ്‌ദത്തങ്ങൾക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.