എന്റെ പ്രിയ സുഹൃത്തേ, ഇന്ന് രാവിലെ നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഇന്ന്, നാം ഫിലിപ്പിയർ 4:13 ധ്യാനിക്കുന്നു. നാമെല്ലാവരും അറിയുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു വാക്യം തന്നെ. അതിൽ ഇപ്രകാരം പറയുന്നു, “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.” അതെ, എന്റെ സുഹൃത്തേ, ഞാൻ പരീക്ഷ എഴുതാൻ പോകുന്നതിനുമുമ്പ് എന്റെ അമ്മ എന്നെ എപ്പോഴും പഠിപ്പിച്ചിരുന്ന ഒരു വാക്യമാണിത്. അവർ എന്നോടൊപ്പം ഇരുന്നു, ഞാൻ പഠിക്കേണ്ട എല്ലാ കാര്യങ്ങളിലും എന്നെ നയിക്കുകയും എന്നെ നന്നായി തയ്യാറാക്കുകയും എന്റെ എല്ലാ വിഷയങ്ങളും മന:പാഠമാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. പക്ഷേ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് എന്റെ ഹൃദയത്തിൽ ഭയം കയറിവരും. എന്തെങ്കിലും മറന്നുപോയാലോ? ഈ വിഷയത്തിൽ വിജയിച്ചില്ലെങ്കിലോ? ശരിയായി ഉത്തരം നൽകിയില്ലെങ്കിലോ? എന്നിങ്ങനെ എന്റെ എല്ലാ വിഷമങ്ങളും പറഞ്ഞുകൊണ്ട് ഞാൻ അമ്മയോട് പരാതിപ്പെടും.
എന്നാൽ അവർ സൌമ്യമായി എന്നെ ആശ്വസിപ്പിച്ചുകൊണ്ട്, "നീ നന്നായി തയ്യാറെടുത്തിട്ടുണ്ട്. നിന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് നീ പഠിച്ചിട്ടുണ്ട്. ഇപ്പോൾ പറയുക: 'എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.' പരീക്ഷ തുടങ്ങുന്നതിനുമുമ്പ് അത് ഹൃദയത്തിൽ പറയുക, ദൈവം നിനക്ക് ശക്തി നൽകും." സത്യത്തിൽ, ഞാൻ പരീക്ഷ എഴുതുമ്പോൾ, എനിക്ക് ആ സമാധാനം അനുഭവിക്കാമായിരുന്നു. ഞാൻ പഠിച്ചതെല്ലാം ഓർമ്മിക്കാൻ ദൈവം എന്നെ സഹായിക്കുകയും, മികച്ച വിജയം നേടാൻ എന്നെ പ്രാപ്തയാക്കുകയും ചെയ്തു.
അതുപോലെ, എന്റെ സുഹൃത്തേ, നിങ്ങളുടെ പരീക്ഷകളെക്കുറിച്ച് നിങ്ങൾ ഉത്കണ്ഠാകുലരാണോ? നിങ്ങൾ എല്ലാ ശ്രമങ്ങളും നടത്തി തയ്യാറെടുക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തത്തിന്റെ ഭാരം ഇപ്പോഴും അനുഭവപ്പെടുന്നുണ്ടോ? ഭയപ്പെടേണ്ട. "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു" എന്ന് നിങ്ങളുടെ ഹൃദയത്തിൽ പറഞ്ഞുക്കൊണ്ടിരിക്കുക.
ഞാൻ ഓർക്കുന്നു, എന്റെ മാതാപിതാക്കൾ ശുശ്രൂഷയ്ക്ക് പോകുമ്പോഴെല്ലാം, എന്റെ പരീക്ഷകൾക്ക് മുമ്പ് ഞാൻ ടെലിഫോൺ പ്രാർത്ഥനാ ഗോപുരത്തിലേക്ക് വിളിക്കുമായിരുന്നു. അവർ എനിക്കുവേണ്ടി ആത്മാർഥമായി പ്രാർത്ഥിക്കുകയും "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു" എന്ന് തുടർന്നും പറയാൻ എന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു. ആ വാക്കുകൾ എന്നിൽ പ്രതീക്ഷയും ആത്മവിശ്വാസവും നിറയ്ക്കുകയും പരീക്ഷകളെ നേരിടാൻ ധൈര്യം നൽകുകയും ചെയ്തു. അതുപോലെ, എന്റെ സുഹൃത്തേ, ഈ ശക്തമായ സത്യം പ്രഖ്യാപിക്കുന്നത് തുടരുക. നിങ്ങളുടെ വഴിയിൽ എന്ത് വെല്ലുവിളികൾ വന്നാലും, നിങ്ങൾക്ക് ദൈവത്തിന്റെ ശക്തി ലഭിക്കുകയും ആത്മവിശ്വാസത്തോടെ അവയെ നേരിടുകയും ചെയ്യട്ടെ.
PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ വാഗ്‌ദത്തത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് അങ്ങ് എനിക്ക് ഉറപ്പു നൽകിയിരിക്കുന്നു. കർത്താവേ, എന്റെ ഹൃദയത്തെ ബാധിക്കുന്ന എല്ലാ ഭയവും എല്ലാ ഉത്കണ്ഠയും എല്ലാ ഭാരവും ഞാൻ അങ്ങയുടെ മുമ്പിൽ കൊണ്ടുവരുന്നു. എനിക്ക് അമിതഭാരം തോന്നുമ്പോൾ, അങ്ങയുടെ ശക്തിയിൽ ആശ്രയിക്കാൻ എന്നെ ഓർമ്മിപ്പിക്കണമേ. ഞാൻ വെല്ലുവിളികൾ നേരിടുമ്പോൾ, ഈ സത്യം ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, അങ്ങയുടെ സമാധാനം കൊണ്ട് എന്നെ നിറയ്‌ക്കേണമേ, എനിക്ക് ആവശ്യമായ ജ്ഞാനവും വ്യക്തതയും എനിക്ക് നൽകേണമേ. അങ്ങ് എന്റെ ശക്തിയും എന്റെ സഹായിയും എന്റെ മാർഗദർശിയും ആണെന്ന് അറിഞ്ഞുകൊണ്ട് വിശ്വാസത്തിൽ നടക്കാൻ എന്നെ സഹായിക്കണമേ. അങ്ങിൽ, എനിക്ക് എല്ലാം ചെയ്യാനും എനിക്ക് ആവശ്യമായ എല്ലാ വിജയങ്ങളും നേടാനും കഴിയും. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.