ഹലോ സുഹൃത്തേ, നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ന് നാം സദൃശവാക്യങ്ങൾ 4:23-ലെ വാഗ്ദത്ത വാക്യത്തെക്കുറിച്ച് ധ്യാനിക്കുകയാണ്: “സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്റെ ഉത്ഭവം അതിൽനിന്നല്ലോ ആകുന്നതു." നമ്മുടെ ഹൃദയങ്ങളെ കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്, കാരണം എല്ലാം ഒഴുകുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നാണ്.
ജീവൻ ഉത്ഭവിക്കുന്നത് നമ്മുടെ ഹൃദയത്തിൽ നിന്നാണ്. ഒരു തോട്ടക്കാരൻ തൻ്റെ പൂന്തോട്ടം പരിപാലിക്കുന്നത് കാണുമ്പോൾ, അവിടെ അവൻ എല്ലാ പൂച്ചെടികളും നട്ടുപിടിപ്പിക്കുന്നു. കാലക്രമേണ, പൂക്കൾ വളരുന്നതിന് തടസ്സമാകുന്ന കളകളൊന്നുമില്ലെന്ന് അവൻ ഉറപ്പാക്കുന്നു. കളകൾ വളരുന്നത് കാണുമ്പോൾ അവൻ അവയെ വേരിൽ നിന്ന് പറിച്ചെടുക്കുന്നു. അവൻ ശിഖരങ്ങൾ മുറിക്കുകയോ അതിന്റെ പൂക്കൾ വൃത്തിയാക്കുകയോ ചെയ്യുകയില്ല, എന്നാൽ അവ വീണ്ടും വളരാതിരിക്കാൻ വേരിൽ നിന്ന് തന്നെ കളകളെ വലിച്ചെടുക്കുന്നു. കളകൾ അടുത്തുള്ള പൂക്കളിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു, എല്ലാ പൂക്കളും വളരുകയും മനോഹരമായി പൂക്കുകയും ചെയ്യുന്നു. അതുപോലെ, നമ്മുടെ ഹൃദയം ഓരോ ദിവസവും ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളുന്നു. നാം നല്ലതും മോശമായതും ഉപഭോഗിക്കുന്നു. അവിടെ വളരുന്ന പൂക്കളുണ്ട്, വളരുന്ന കളകളുമുണ്ട്, പക്ഷേ പൂക്കൾ നമ്മുടെ ഹൃദയത്തിൽ തുടർന്ന് വളരുന്നുണ്ടെന്ന് ഉറപ്പാക്കണം. നാം കേൾക്കുന്ന മോശമായ വാക്കുകൾ, നമ്മുടെ ജീവിതത്തിലെ പ്രതികൂല സ്വാധീനങ്ങൾ, വളരാൻ അനുവദിക്കുന്ന ചിന്തകൾ എന്നിവ ഒരിക്കലും നമ്മുടെ ഹൃദയത്തിൽ വളരുന്ന പൂക്കളെയെല്ലാം ബാധിക്കരുത്. നമ്മുടെ ഹൃദയത്തിൽ വളരുന്ന നല്ല ഗുണങ്ങൾ, സ്വഭാവസവിശേഷതകൾ, ചിന്തകൾ, ശുദ്ധവും വിശുദ്ധവുമായ ഘടകങ്ങൾ എന്നിവ പരിപോഷിപ്പിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിനാൽ, എല്ലാ ദിവസവും, നമ്മുടെ ഹൃദയത്തിൽ വളരുന്ന കളകളെ പുറത്തെടുക്കാൻ നാം ശ്രദ്ധിക്കണം: ദൈവത്തെ പ്രസാദിപ്പിക്കാത്ത അഹങ്കാരം, അസൂയ, പ്രതികാരം, അശുദ്ധി, എന്നിങ്ങനെയുള്ള മോശമായ ചിന്തകളും ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ നിന്ന് അകന്നുപോകാൻ ഇടയാക്കുന്ന നമ്മുടെ ഹൃദയത്തിലെ എല്ലാ സ്വാധീനങ്ങളും നാം നീക്കം ചെയ്യണം.
വേദപുസ്തകത്തിൽ "ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു" എന്ന് പറയുന്നു. ഒരാൾ ദേഷ്യപ്പെടുമ്പോൾ, അയാൾ വളരെക്കാലമായി ഹൃദയത്തിൽ വഹിക്കുന്ന പലതും പുറത്തുവിടുന്നു. കോപത്തിൻ്റെ നിമിഷങ്ങൾ ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുമെന്ന് ചിലർ വിശ്വസിക്കുന്നു. അത്തരം നിമിഷങ്ങളിൽ, നമ്മുടെ ഹൃദയത്തിലെ നന്മ, നല്ല ഉദ്ദേശ്യങ്ങൾ, നല്ല വാക്കുകൾ, നല്ല ഗുണങ്ങൾ എന്നിവ കാണിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, യേശുവിൻ്റെ സ്വഭാവം, നല്ല ചിന്തകൾ, നല്ല വാക്കുകൾ, നന്മകൾ, എന്നിവയാൽ നമ്മുടെ ഹൃദയങ്ങൾ നിറഞ്ഞിരിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ഏറ്റവും പ്രധാനമാrയി, നമ്മുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ ആത്മാവ് ഉണ്ടായിരിക്കണം. അതിനാൽ, ദയവായി ഒരു നിമിഷം ഇന്ന് നിങ്ങളുടെ ഹൃദയത്തെക്കുറിച്ച് ചിന്തിക്കുകയും ഒരു തോട്ടത്തിൽ നിന്ന് കള പറിച്ചെടുക്കുന്നത് പോലെ ദൈവത്തെ പ്രസാദിപ്പിക്കാത്തതെല്ലാം നീക്കം ചെയ്യുകയും ചെയ്യുക. നിങ്ങളുടെ ഹൃദയത്തിൽ നന്മ വളർത്താനും അതിനെ മനോഹരമായ പൂന്തോട്ടമാക്കാനും സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുക.
Prayer:
സ്നേഹവാനായ കർത്താവേ, അങ്ങ് ഇന്ന് എൻ്റെ ഹൃദയത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ ഹൃദയത്തിൽ വളരുന്ന കളകളെല്ലാം എന്നെ കാണിക്കുകയും അവയെ വേരിൽ നിന്ന് പറിച്ചെടുക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. എൻ്റെ ഹൃദയത്തിലുള്ള ഇച്ഛ , അഹങ്കാരം, അസൂയ, അത്യാഗ്രഹം എന്നീ ചിന്തകളും എല്ലാ അവിശുദ്ധ വസ്തുക്കളും, കർത്താവേ, അവയെ പറിച്ചെടുക്കാൻ എന്നെ പ്രാപ്തയാക്കണമേ, അങ്ങനെ അങ്ങ് എൻ്റെ ഹൃദയത്തിൽ നട്ടുപിടിപ്പിക്കുന്ന എല്ലാ നല്ല വസ്തുക്കളും വളരുകയും മനോഹരമായി പൂക്കുകയും ചെയ്യും. അങ്ങയുടെ ആത്മാവിനെ എൻ്റെ ഹൃദയത്തിൽ കാത്തുസൂക്ഷിക്കാനും എൻ്റെ ചിന്തകളും ഉദ്ദേശ്യങ്ങളും അങ്ങയുടെ മുമ്പിൽ ശുദ്ധമായി സൂക്ഷിക്കാനും എന്നെ സഹായിക്കേണമേ. ഞാൻ എൻ്റെ എല്ലാ വാക്കുകളിലും പ്രവൃത്തികളിലും ജീവൻ കൊണ്ടുവരുന്ന അങ്ങയുടെ സ്വഭാവവും ഗുണങ്ങളും കാണിക്കട്ടെ. കർത്താവേ, എൻ്റെ ഹൃദയത്തിൽ പ്രവർത്തിച്ചതിനും ഇന്ന് അങ്ങയുടെ പരിശുദ്ധാത്മാവിനെയും അങ്ങയുടെ ഗുണങ്ങളെയും എന്നിൽ പ്രതിഷ്ഠിച്ചതിനും അങ്ങേക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.