എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ വിലയേറിയ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, സങ്കീർത്തനം 103:4 ലൂടെ നമുക്ക് ഈ വാഗ്‌ദത്തം ലഭിക്കുന്നു, “അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.” 5-ാം വാക്യം അതിലും മനോഹരമായ ഒരു കാര്യം കൂട്ടിച്ചേർക്കുന്നു, "നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവൻ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു."
നമ്മുടെ ദൈവം വീണ്ടെടുക്കുന്ന ദൈവമാണ്! അവൻ നിങ്ങളെ നാശത്തിന്റെ കുഴിയിൽ നിന്ന് പുറത്തെടുക്കുകയും തന്റെ ആർദ്ര കാരുണ്യത്താൽ കിരീടം അണിയിക്കുകയും ചെയ്യും. എന്റെ സുഹൃത്തേ, ഒരുപക്ഷേ നിങ്ങൾ തെറ്റായ ജീവിതം, നാശത്തിലേക്ക് നീങ്ങുന്ന ഒരു ജീവിതം തന്നെ നയിക്കുന്നുണ്ടാകാം. നിങ്ങൾ ഒരു മദ്യപാനിയായിരിക്കാം, അല്ലെങ്കിൽ നിങ്ങൾ ഒരു വ്യഭിചാരിയായിരിക്കാം, പക്ഷേ കേൾക്കുക, ദൈവത്തിന് നിങ്ങൾക്ക് ഒരു പുതിയ ജീവിതം നൽകാൻ കഴിയും. മധുരവും, പൂർണ്ണതയും, സന്തോഷവും നിറഞ്ഞ ഒരു ജീവിതം നൽകി അവൻ നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ യോഹന്നാൻ 4-ാം അധ്യായത്തിലേക്ക് തിരിയുകയാണെങ്കിൽ, നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച്, ഒരു ശമര്യക്കാരി സ്ത്രീയെക്കുറിച്ച് വായിക്കുന്നു. അവൾ പാപത്താൽ നിറഞ്ഞവളും കാമഭ്രാന്തമായ ജീവിതത്തിൽ അകപ്പെട്ടു, ധാരാളം ഭർത്താക്കന്മാരുള്ളവളും ആയിരുന്നു. അവൾ ഒരു അധാർമിക ജീവിതം നയിക്കുകയായിരുന്നു. ആ തകർന്ന അവസ്ഥയിൽ, വെള്ളം കോരാൻ അവൾ കിണറ്റിങ്കൽ വന്നു.
യേശു വിശ്രമിക്കുവനായി കിണറ്റിനരികെ ഇരുന്നു. എന്നാൽ അവൾ സർവ്വശക്തനായ ദൈവത്തെ കാണാൻ പോകുകയായിരുന്നു എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവളുടെ ഹൃദയത്തെ യേശു അറിഞ്ഞു. അവളുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും അവനറിയാമായിരുന്നു, അവൻ അവളോട് കരുണ കാണിച്ചു. അവൻ അവളോട് ആശ്വാസത്തിന്റെയും അനുകമ്പയുടെയും വാക്കുകൾ പറഞ്ഞു. അവൾ സർവ്വശക്തനായ ദൈവത്തിൻറെ ശബ്ദം കേൾക്കുകയും അവൾ പൂർണ്ണമായും രൂപാന്തരപ്പെടുകയും ചെയ്തു. അവൾ യേശുവിനെ തൻറെ രക്ഷകനായി സ്വീകരിച്ചു. അത് മാത്രമല്ല, അവനെക്കുറിച്ച് മറ്റുള്ളവരോട് പറയാൻ അവൾ ഓടി. അതെ, അതേ ദൈവത്തിന് നിങ്ങളുടെ ജീവിതത്തെയും വീണ്ടെടുക്കാൻ കഴിയും. കർത്താവിന് നിങ്ങൾക്ക് ഒരു പുതിയ ജീവിതം, ക്രിസ്തു നിറഞ്ഞ ജീവിതം, പാപത്തിൽ നിന്ന് മുക്തമായ ഒരു ജീവിതം നൽകാൻ കഴിയും.
"ഇത് എങ്ങനെ സംഭവിക്കും" എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്റെ സുഹൃത്തേ, ദൈവവചനത്തിന് നിങ്ങളുടെ ജീവിതത്തെ മാറ്റാൻ കഴിയും. കിണറ്റിൻകരയിലെ പാപിയായ സ്ത്രീയോട് യേശു സംസാരിച്ചു, അതിനുശേഷം അവൾ ധൈര്യത്തോടെ അവനെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെച്ചു. അതേ പരിവർത്തനം നിങ്ങൾക്കും ഇപ്പോൾ സംഭവിക്കാം. കർത്താവിങ്കലേക്ക് മാത്രം നോക്കുക. അവൻ നിങ്ങൾക്കുവേണ്ടി കുരിശിൽ തന്റെ ജീവൻ നൽകി. അവനെ മുറുകെ പിടിക്കുക. അവനോട് ഇപ്രകാരം നിലവിളിക്കുക, "കർത്താവേ, എന്നോട് ക്ഷമിക്കണമേ. എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കണമേ. എനിക്ക് ഒരു പുതിയ ജീവിതം നൽകണമേ. അങ്ങയുടെ വിലയേറിയ രക്തത്താൽ എന്നെ ശുദ്ധീകരിക്കണമേ." ഇപ്പോൾ തന്നെ അതുപോലെ കർത്താവിനോട് നിലവിളിക്കുക. ശമര്യക്കാരി സ്ത്രീക്ക് പുതുജീവൻ ലഭിച്ചതുപോലെ, ഇന്ന് നിങ്ങൾക്കും അതേ അനുഗ്രഹം ലഭിക്കാൻ പോകുന്നു.
PRAYER:
സ്നേഹവാനായ സ്വർഗ്ഗീയ പിതാവേ, ഞാൻ തകർന്നവളും അങ്ങയെ ആവശ്യമുള്ളവളുമായ നിലയിൽ അങ്ങയുടെ മുമ്പാകെ വരുന്നു. ദയവായി എന്റെ എല്ലാ പാപങ്ങളും എന്നോട് ക്ഷമിക്കുകയും യേശുവിന്റെ വിലയേറിയ രക്തം കൊണ്ട് എന്നെ ശുദ്ധീകരിക്കുകയും ചെയ്യേണമേ. എന്റെ ജീവിതത്തെ നാശത്തിൽ നിന്ന് വീണ്ടെടുത്ത് അങ്ങയുടെ കാരുണ്യത്താൽ എന്നെ കിരീടമണിയിക്കണമേ. ശമര്യക്കാരിയായ സ്ത്രീയെപ്പോലെ, എന്നെ പൂർണ്ണമായും രൂപാന്തരപ്പെടുത്തണമേ. അങ്ങയുടെ സ്നേഹവും സത്യവും കൊണ്ട് എൻറെ ഹൃദയം നിറയ്‌ക്കേണമേ. കഴുകനെപ്പോലെ എന്റെ ആത്മാവിനെ പുതുക്കുകയും ഒരിക്കലും വിട്ടുപോകാതെ അങ്ങയോടു പറ്റിച്ചേരാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. എന്റെ ജീവിതം അങ്ങയുടെ കൃപയുടെ സാക്ഷ്യമായിരിക്കട്ടെ. ക്രിസ്തു നിറഞ്ഞ ഒരു പുതിയ ജീവിതം എനിക്ക് നൽകിയതിന് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.