എൻ്റെ സുഹൃത്തേ, ഇന്ന് ദൈവം നിങ്ങളുടെ ജീവിതത്തിൽ അസാധാരണമായ എന്തെങ്കിലും ചെയ്യാൻ പോകുന്നു. അവനിൽ നിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുക, കാരണം അവൻ അളക്കാൻ കഴിയാത്തത്ര ശക്തനാണ്. റോമർ 8:37-ലൂടെ, അവൻ നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: “നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.” ഇന്ന്, ദൈവം നിങ്ങളെ ഒരു ജേതാവാക്കാനും വെല്ലുവിളികളെ മറികടന്ന് തൻ്റെ ശക്തിയാൽ ഉയർത്താനും തയ്യാറെടുക്കുകയാണ്.
നിങ്ങൾക്ക് പോരാട്ടങ്ങളാൽ ഭാരം തോന്നികൊണ്ട് പറഞ്ഞേക്കാം, "കർത്താവേ, എന്റെ ജീവിതത്തിൽ നിരവധി വെല്ലുവിളികൾ ഉണ്ട്. ഞാൻ വളരെയധികം കുറവുകൾ നേരിടുന്നു; എനിക്ക് മുന്നോട്ട് പോകാനുള്ള വഴി കാണാൻ കഴിയുന്നില്ല. കർത്താവേ, എനിക്ക് എങ്ങനെ ഒരു വിജയിയാകാൻ കഴിയും?"
അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുപെൺകുട്ടിയുടെ സാക്ഷ്യം ഞാൻ പങ്കുവെക്കട്ടെ. ഈ പെൺകുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോൾ അച്ഛനെ നഷ്ടപ്പെട്ടു. ജീവിതച്ചെലവുകൾക്കായി പാടുപെടുന്ന അവളുടെ അമ്മയ്ക്ക് ഒറ്റയ്ക്ക് നാല് കുട്ടികളെ വളർത്തേണ്ടിവന്നു. അതിജീവനത്തിനായുള്ള ദൈനംദിന പോരാട്ടം സ്വപ്നങ്ങൾക്ക് ഇടം നൽകുന്നതായി തോന്നിയില്ല, ഈ പെൺകുട്ടിക്ക് തന്റെ ഭാവിയെക്കുറിച്ച് നിരാശ തോന്നി. എന്നാൽ ഒരു ദിവസം, യേശു വിളിക്കുന്നു ശുശ്രൂഷയിലെ ബാലജന പങ്കാളിത്ത പദ്ധതിയെക്കുറിച്ച് ആരോ അവരുമായി പങ്കുവെച്ചു, അവളുടെ അമ്മ, അവരുടെ എല്ലാ കുട്ടികളെയും ഈ പദ്ധതിയിൽ ചേർത്തു.
ഈ പെൺകുട്ടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോൾ, വൈദ്യശാസ്ത്രത്തിൽ ഒരു കരിയറിനെക്കുറിച്ച് അവൾ സ്വപ്നം കണ്ടു-എത്തിച്ചേരാനാകാത്ത ഒരു ലക്ഷ്യം. എന്നിട്ടും, അവൾ നീറ്റ് പരീക്ഷ എഴുതി, അത്ഭുതകരമെന്നു പറയട്ടെ, ഉയർന്ന മാർക്കോടെ അവൾ വിജയിച്ചു, കൊൽക്കത്തയിലെ ഒരു സർക്കാർ മെഡിക്കൽ സർവ്വകലാശാലയിൽ പ്രവേശനം നേടി. അവൾ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവളുടെ പഠനം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, അവൾ സ്ഥിരോത്സാഹത്തോടെ MBBS പൂർത്തിയാക്കി. എന്നിരുന്നാലും, അവളുടെ മെഡിക്കൽ ജീവിതത്തിൽ കൂടുതൽ മുന്നോട്ട് പോകാൻ അവൾ ആഗ്രഹിച്ചു, അതിനാൽ അവൾ മറ്റൊരു ഉയർന്ന മത്സര പരീക്ഷയെ നേരിട്ടു. കഠിനമായ മത്സരം ഉണ്ടായിരുന്നിട്ടും, അതിനെ കീഴടക്കാനുള്ള ശക്തിയും കഴിവും കൊണ്ട് ദൈവം അവളെ സജ്ജീകരിച്ചു. ഇന്ന്, അവൾ അരുണാചൽ പ്രദേശിലെ ഒരു സർക്കാർ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു, നിരവധി ജീവിതങ്ങൾക്ക് അനുഗ്രഹവും അവളുടെ കുടുംബത്തിന് സന്തോഷത്തിൻ്റെയും സ്ഥിരതയുടെയും ഉറവിടവുമാണ്.
തന്റെ മൂന്ന് മൂത്ത സഹോദരിമാരും കഷ്ടപ്പാടുകളിൽ നിന്ന് സമൃദ്ധിയുടെ പാതകളിലേക്ക് ദൈവത്തിന്റെ കൈകൊണ്ട് ഉയർത്തപ്പെട്ടു, അഭിവൃദ്ധി പ്രാപിക്കുന്നുണ്ടെന്ന് അവൾ പറയുന്നു. ഒരിക്കൽ അവർ പ്രത്യാശ കാണാതിരുന്നിടത്ത് ദൈവം അവരെ ഉന്നതങ്ങളിൽ സ്ഥാപിച്ചു. എന്റെ സുഹൃത്തേ, നിങ്ങൾക്കുവേണ്ടിയും അങ്ങനെ ചെയ്യാൻ ദൈവം തയ്യാറാണ്. സന്തോഷമുള്ളവരായിരിക്കുകയും അവൻ്റെ വാഗ്‌ദത്തങ്ങൾ മുറുകെ പിടിക്കുകയും ചെയ്യുക!
PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, പ്രത്യാശയും പ്രതീക്ഷയും നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങയുടെ സ്നേഹത്താൽ ഞാൻ പൂർണ്ണജയം പ്രാപിച്ചവനാണ് എന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. കർത്താവേ, എൻ്റെ വെല്ലുവിളികളിൽ നിന്ന് എന്നെ ഉയർത്തേണമേ, സമൃദ്ധിയുടെ പാതകളിലേക്ക് എന്നെ നയിക്കേണമേ. അസാധ്യമായത് ചെയ്യാനുള്ള അങ്ങയുടെ ശക്തിയിൽ ഞാൻ ആശ്രയിക്കുന്നതിനാൽ എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തണമേ. എല്ലാ പ്രയാസങ്ങൾക്കും മീതെ ഉയരാനും അങ്ങയുടെ പദ്ധതിയിൽ സന്തോഷം കണ്ടെത്താനും എന്നിൽ ധൈര്യം നിറയ്ക്കണമേ. അങ്ങയുടെ ഹിതമനുസരിച്ച് എൻ്റെ ജീവിതം സ്ഥാപിക്കുകയും അങ്ങയുടെ അനുഗ്രഹങ്ങൾ കവിഞ്ഞൊഴുകുകയും ചെയ്യട്ടെ. ഓരോ കാലങ്ങളിലും അങ്ങയുടെ സ്നേഹം എന്നെ താങ്ങിനിർത്തുന്നുവെന്ന് ഞാൻ എപ്പോഴും ഓർക്കട്ടെ. ഒന്നുമില്ലെന്ന് തോന്നുന്നിടത്ത് അങ്ങ് ഒരു വഴി ഉണ്ടാക്കുമ്പോൾ എനിക്ക് സമാധാനവും ശക്തിയും നൽകേണമേ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.