എൻ്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദത്തം പുറപ്പാട് 15:2-ൽ നിന്നുള്ളതാണ്. അത് ഇപ്രകാരം പറയുന്നു, “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ ....... ഞാൻ അവനെ സ്തുതിക്കും.” ഇന്ന്, ദൈവം തൻ്റെ ബലം നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയതും ശക്തവുമായ രീതിയിൽ പകരാൻ പോകുന്നു.

ഓർക്കുക, യേശു പറഞ്ഞു, "നിങ്ങളുടെ ബലഹീനതയിൽ, എൻ്റെ ശക്തി തികഞ്ഞുവരുന്നു." ഒരുപക്ഷേ ഇന്ന്, നിങ്ങളുടെ സാമ്പത്തികനിലയിലോ കുടുംബത്തിലോ ജോലിയിലോ അല്ലെങ്കിൽ നിങ്ങളുടെ ശുശ്രൂഷയിലോ ഉള്ള ബലഹീനത നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ കഴിയാതെ നിങ്ങൾക്ക് ഭാരമായി തോന്നിയേക്കാം. എന്നാൽ കർത്താവ് നിങ്ങളോട് അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങളുടെ ബലമാണ്, കഷ്ടകാലത്ത് ഞാൻ നിങ്ങളുടെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. ഞാൻ നിങ്ങളുടെ ഹൃദയത്തിൽ ഒരു പുതിയ ഗാനം സ്ഥാപിക്കും, എൻ്റെ നന്മയും വിശ്വസ്തതയും പ്രഖ്യാപിക്കുന്ന ഒരു ഗാനം തന്നെ."

അതെ, നിങ്ങൾ നിങ്ങളുടെ സ്വന്തം വിജയങ്ങളെക്കുറിച്ച് പാടുകയില്ല, മറിച്ച് യേശുവിനെ നിങ്ങളുടെ ഗാനമായി പാടും, കാരണം അവനാണ് മുന്നേറ്റം കൊണ്ടുവരുന്നത്. ഈ പോരാട്ടത്തിൻ്റെ സമയത്തും അവൻ്റെ കൈ ശക്തിയായി നീങ്ങുന്നത് നിങ്ങൾ കാണും. അവൻ നിങ്ങളെ താങ്ങും, ഉയർത്തും, നിങ്ങളുടെ ഹൃദയം സന്തോഷത്താൽ നിറയ്ക്കും. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; യഹോവ തന്നേ നിങ്ങളുടെ ബലം ആകുന്നു. ഒരു വഴിയും ഇല്ലെന്ന് തോന്നുന്നിടത്ത് അവൻ ഒരു വഴി ഉണ്ടാക്കും, അവൻ നിങ്ങളുടെ ശക്തമായ ഗോപുരവും നിങ്ങളുടെ അഭയസ്ഥാനവും നിങ്ങളുടെ കോട്ടയും ആയിരിക്കും.

ഇന്ന്, നിങ്ങളുടെ ആത്മാവും നിങ്ങളുടെ പ്രാണനും നിങ്ങളുടെ ദേഹവും അവന് സമർപ്പിക്കാൻ ഒരു നിമിഷം എടുക്കുക. എല്ലാ ആശങ്കകളും എല്ലാ ഭയവും അവനു നൽകുക, അവൻ്റെ ശക്തി നിങ്ങളുടെ മേൽ വരുന്നത് കാണുക. അവൻ നിങ്ങളുടെ ആത്മാവിനെ പുതുക്കുകയും നിങ്ങളുടെ പ്രത്യാശ പുനഃസ്ഥാപിക്കുകയും അവൻ്റെ സമാധാനം നിങ്ങൾക്ക് നൽകുകയും ചെയ്യും. നിങ്ങൾ എന്ത് അഭിമുഖീകരിച്ചാലും, നിങ്ങൾക്ക് ചോദിക്കാനോ സങ്കൽപ്പിക്കാനോ കഴിയുന്ന എല്ലാറ്റിനും ഉപരിയായി അവന് വളരെയധികം ചെയ്യാൻ കഴിയുമെന്ന് അറിയുക.

ആകയാൽ ഈ വാഗ്‌ദത്തം മുറുകെപ്പിടിക്കുവിൻ; സന്തോഷത്തോടെ കർത്താവിനെ പാടിപ്പുകഴ്ത്തുവിൻ. അവന്റെ ബലം പരിപൂർണ്ണമാണ്, ഉറച്ചുനിൽക്കാൻ അവൻ നിങ്ങളെ സഹായിക്കും. സന്തോഷിക്കുവിൻ, എന്തെന്നാൽ അവൻ നിങ്ങളുടെ ശക്തി മാത്രമല്ല, നിങ്ങളുടെ ഗീതവും നിങ്ങളുടെ രക്ഷകനും നിങ്ങളുടെ വിജയവുമാണ്!

PRAYER:
പ്രിയ കർത്താവേ, എന്റെ ബലഹീനതയും അങ്ങയുടെ ശക്തിയുടെ അഗാധമായ ആവശ്യവും അംഗീകരിച്ചുകൊണ്ട് ഞാൻ ഇന്ന് അങ്ങയുടെ സന്നിധിയിൽ വരുന്നു. എനിക്ക് ഭാരമായി തോന്നുന്ന എല്ലാ മേഖലകളിലും - എൻ്റെ സാമ്പത്തികം, എൻ്റെ കുടുംബം, എൻ്റെ ജോലി, എൻ്റെ ശുശ്രൂഷ - എല്ലാം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങ് എൻ്റെ  ബലം ആകുന്നു, കഷ്ടങ്ങളിൽ എന്റെ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. എൻ്റെ ബലഹീനതയിൽ അങ്ങയുടെ ശക്തി തികഞ്ഞുവരുന്നു എന്ന അങ്ങയുടെ വാഗ്‌ദത്തത്തിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങയുടെ സന്തോഷത്താൽ എൻ്റെ ഹൃദയത്തെ നിറയ്ക്കണമേ, എൻ്റെ ആത്മാവ് അങ്ങയുടെ നന്മയെക്കുറിച്ചു പാടട്ടെ. കർത്താവേ,  അങ്ങ് എൻ്റെ സങ്കേതവും എൻ്റെ ശക്തമായ ഗോപുരവും ആയിരിക്കേണമേ, വഴിയില്ലെന്ന് തോന്നുന്നിടത്ത് ഒരു വഴി ഉണ്ടാക്കേണമേ. എൻ്റെ ആത്മാവിനെ പുതുക്കുകയും എൻ്റെ പ്രത്യാശ പുനഃസ്ഥാപിക്കുകയും, സകല ബുദ്ധിയെയും കവിയുന്ന സമാധാനം നൽകുകയും ചെയ്യേണമേ. അങ്ങ് ഒരു മുന്നേറ്റം കൊണ്ടുവരുമെന്ന് എനിക്കറിയാം, ഞാൻ അങ്ങയെ എന്റെ ഗീതമായും എന്റെ രക്ഷകനായും എന്റെ വിജയമായും പാടും. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.