എൻ്റെ വിലയേറിയ സുഹൃത്തേ, ദൈവം ഇപ്രകാരം വാഗ്‌ദത്തം ചെയ്യുന്നു, “ഞാൻ അവനെ അത്ഭുതങ്ങൾ കാണിക്കും” (മീഖാ 7:15). തീർച്ചയായും, ദൈവം തൻ്റെ മക്കൾക്കായി അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിൽ സന്തോഷിക്കുന്ന ഒരു അത്ഭുതമന്ത്രിയാകുന്ന പിതാവാണ്. യെശയ്യാവ് 9:6-ൽ വേദപുസ്തകം ഇപ്രകാരം പ്രഖ്യാപിക്കുന്നു, "അവന്നു അത്ഭുതമന്ത്രി എന്നു പേർ വിളിക്കപ്പെടും." നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യാൻ ദൈവം ഇവിടെയുണ്ട്. നിങ്ങളുടെ ജീവിതത്തിൽ സങ്കൽപ്പിക്കാനാവാത്ത കാര്യങ്ങൾ ചെയ്യാൻ അവൻ തയ്യാറാണ്. എഫെസ്യർ 3:20-ൽ പറയുന്നതുപോലെ, "നാം ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ അവനു കഴിയും."
“ഇങ്ങനെയൊരു അത്ഭുതം എനിക്ക് സംഭവിക്കുമോ?” എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതുതന്നെയാണ് മറിയയും ചോദിച്ചത്. അവൾ പറഞ്ഞു, "ഞാൻ കന്യകയായതിനാൽ ഇത് എങ്ങനെ സംഭവിക്കും?" എന്നാൽ പരിശുദ്ധാത്മാവ് അവളുടെമേൽ വന്നു, ദൈവം തന്നെ അവളുടെ ഗർഭപാത്രത്തിൽ ശിശുവായി രൂപപ്പെട്ടു. എന്തൊരു അത്ഭുതമായിരുന്നു അത്! മറിയയ്ക്കായി അത്തരമൊരു അത്ഭുതം ചെയ്യാൻ ദൈവത്തിന് കഴിയുമെങ്കിൽ, യേശു നിങ്ങളിൽ വസിക്കുന്നതിനും യേശുവിന്റെ അനുഗ്രഹങ്ങൾ അനുഭവിക്കുന്നതിനും ആവശ്യമായതെല്ലാം അവൻ തീർച്ചയായും നിങ്ങൾക്കും ചെയ്യും. നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു. കാനാവിൽ വീഞ്ഞ് ഇല്ലാതിരുന്നപ്പോൾ, യോഹന്നാൻ 2:11-ൽ വിവരിച്ചിരിക്കുന്നതുപോലെ, യേശു ഒരു അത്ഭുതത്തിലൂടെ തൻ്റെ മഹത്വം വെളിപ്പെടുത്തി. അവൻ സാധാരണ ജലത്തെ മധുരമുള്ള വീഞ്ഞാക്കി മാറ്റി. എൻ്റെ സുഹൃത്തേ, അവൻ നിങ്ങൾക്കും അങ്ങനെ തന്നെ ചെയ്യും. ഭയപ്പെടേണ്ട. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യാൻ ദൈവം തയ്യാറാണ്.
ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന സേലം സ്വദേശിനിയായ ശ്രീമതി. രമണിയുടെ സാക്ഷ്യം ഞാൻ പങ്കുവെക്കട്ടെ. മൂന്നാമത്തെ കുഞ്ഞിൻ്റെ ജനനത്തിനു ശേഷം അവൾക്ക് കഠിനമായ തലവേദനയും ശരീരവേദനയും ശാരീരിക ബലഹീനതയും അനുഭവപ്പെട്ടു. മക്കളെ പരിചരിക്കാനോ ജോലി ചെയ്യാനോ കഴിയാതെയായി. വിപുലമായ പരിശോധനകൾ നടത്തിയിട്ടും ഡോക്ടർമാർ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. ഒരു വർഷത്തോളം അവൾ ശാരീരികമായും വൈകാരികമായും വളരെയധികം കഷ്ടപ്പെട്ടു. ഭർത്താവ് ദിവസവേതനക്കാരനായിരുന്നതിനാൽ അവരുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിട്ടു. നിരാശയോടെ, അവളുടെ അമ്മ അവളെ പരിപാലിക്കാൻ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും അവർക്ക് മരുന്ന് വാങ്ങാൻ കഴിഞ്ഞില്ല. ചുറ്റുമുള്ള ആളുകൾ അവളുടെ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, "നിങ്ങളുടെ യേശുവിന് എന്തുചെയ്യാൻ കഴിയും? അവൻ ഇപ്പോഴും കുരിശിൽ തൂങ്ങിക്കിടക്കുകയാണ്. അവന് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും?" ഈ വാക്കുകൾ അവളെ ആഴത്തിൽ വേദനിപ്പിച്ചു, അവളുടെ അമ്മ പോലും കർത്താവിനെ അനുഗമിക്കുന്നതിൽനിന്ന് അവളെ നിരുത്സാഹപ്പെടുത്തി. എന്നിട്ടും, ശ്രീമതി. രമണി യേശുവിനെ വിശ്വാസത്തിൽ മുറുകെപ്പിടിച്ചു.
ഈ സമയത്താണ് യേശു വിളിക്കുന്നു ശുശ്രൂഷയുടെ ആവടി പ്രാർത്ഥനാ മഹോത്സവത്തെ കുറിച്ച് അവൾ കേട്ടത്. ബന്ധുക്കളാൽ പ്രോത്സാഹിപ്പിക്കപ്പെട്ട അവൾ യോഗത്തിൽ പങ്കെടുക്കുകയും അവിടെ രോഗശാന്തിക്കായി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്തു. യോഗത്തിൽ ഞാൻ പ്രാർത്ഥിച്ചു, "കർത്താവേ, അങ്ങയുടെ എല്ലാ ജനങ്ങളുടെയും തലവേദന മാറ്റേണമേ." അചഞ്ചലമായ വിശ്വാസത്തോടെ ശ്രീമതി. രമണി ആ പ്രാർത്ഥന മുറുകെ പിടിച്ച് തൻ്റെ രോഗശാന്തിക്കായി ദൈവത്തോട് നിലവിളിച്ചു. യോഗം അവസാനിച്ചപ്പോൾ, അവൾ ബസിൽ കയറാൻ സുഹൃത്തുക്കളോടൊപ്പം നടക്കാൻ തുടങ്ങി. പൊടുന്നനെ, അവളുടെ ശരീരത്തിലൂടെ ഒരു ദിവ്യശക്തി കുതിച്ചുകയറുന്നതായി അവൾക്ക് തോന്നി. അവൾ പറഞ്ഞു, "ഇത്തരത്തിലുള്ള ആരോഗ്യവും ശക്തിയും എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല!" ആ നിമിഷം മുതൽ, കർത്താവ് അവളെ പൂർണ്ണമായും പുനഃസ്ഥാപിച്ചു. അടുത്ത ദിവസം, അവൾ പൂർണ്ണമായും സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി, അന്നുമുതൽ അവൾ 100% ആരോഗ്യത്തോടെ തുടർന്നു. തൻ്റെ അത്ഭുതത്തിന് നന്ദിയുള്ള അവൾ തൻ്റെ മൂന്ന് കുട്ടികളെ ബാലജന പങ്കാളിത്ത പദ്ധതിയിൽ ചേർക്കുകയും യേശു വിളിക്കുന്നു സ്ഥാപനം സന്ദർശിക്കുന്നത് തുടരുകയും ചെയ്യുന്നു. "ദൈവം എനിക്ക് അത്ഭുതങ്ങൾ കാണിച്ചുതന്നു", എന്ന് അവൾ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.
എന്റെ സുഹൃത്തേ, ദൈവം നിങ്ങൾക്കും അത്ഭുതങ്ങൾ കാണിച്ചുതരും. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു അത്ഭുതമന്ത്രിയായ പിതാവാണ് അവൻ. അവനെ മുറുകെപ്പിടിക്കുക, അവന്റെ വാഗ്‌ദത്തങ്ങളിൽ ആശ്രയിക്കുക, അവന്റെ മഹത്വം വെളിപ്പെടുന്നതിന് സാക്ഷ്യം വഹിക്കുക.
PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങ് അത്ഭുതകരവും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതുമായ ഒരു ദൈവമായതിന് അങ്ങേക്ക് നന്ദി. മീഖാ 7:15-ലെ അങ്ങയുടെ വാഗ്ദത്തം ഞാൻ മുറുകെ പിടിക്കുന്നു, അങ്ങയുടെ അത്ഭുതങ്ങൾ അങ്ങ് എനിക്ക് കാണിച്ചുതരുമെന്ന് വിശ്വസിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവ് എൻ്റെ ഉള്ളിൽ വസിക്കുകയും യേശുവിൻ്റെ അനുഗ്രഹങ്ങൾ എൻ്റെ ജീവിതത്തിലേക്ക് കൊണ്ടുവരുകയും ചെയ്യട്ടെ. കാനാവിൽ അങ്ങ് വെള്ളത്തെ മധുരമുള്ള വീഞ്ഞാക്കി മാറ്റിയതുപോലെ, എൻ്റെ അവസ്ഥയിൽ അത്ഭുതകരമായ ഒരു പരിവർത്തനം വരുത്തണമേ. എഫെസ്യർ 3:20 - ൽ അങ്ങ് വാഗ്‌ദത്തം ചെയ്തതുപോലെ ഞാൻ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി അത്ഭുതങ്ങൾ ചെയ്യേണമേ. അങ്ങയുടെ വിശ്വസ്തതയിൽ ആശ്രയിക്കാനും അങ്ങയുടെ വാഗ്‌ദത്തങ്ങൾ മുറുകെ പിടിക്കാനും എന്നെ സഹായിക്കേണമേ. എൻ്റെ ജീവിതത്തിൽ അങ്ങയുടെ മഹത്വം വെളിപ്പെടുത്തേണമേ, അങ്ങനെ ഞാൻ അങ്ങയുടെ നന്മയെ സാക്ഷ്യപ്പെടുത്തും. അങ്ങയുടെ അത്ഭുത ശക്തി എൻ്റെ ജീവിതത്തിന് സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.