പ്രിയ സുഹൃത്തേ, ഇന്ന് നാം ഇയ്യോബ് 37:5 ധ്യാനിക്കാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു, “ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.” ദൈവം സംസാരിക്കുമ്പോൾ, അത്ഭുതങ്ങൾ സംഭവിക്കുന്നു! സങ്കീർത്തനം 33:9-ൽ വേദപുസ്തകം പറയുന്നതുപോലെ, " അവൻ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവൻ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി." എന്റെ ഭർത്താവിലൂടെ ദൈവം സംസാരിക്കുന്നത് ഞാൻ പലതവണ കേട്ടിട്ടുണ്ട്. ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ പ്രവചനവാക്കുകൾ വഴി കർത്താവ് ഞങ്ങളോട് സംസാരിക്കുന്നു. ഒരു മനുഷ്യൻ സംസാരിക്കുന്നതും കർത്താവ് സംസാരിക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് വ്യക്തമായി കാണാൻ കഴിയും. കർത്താവ് മുഴക്കുന്നു! ദൈവം ഇടിമുഴക്കത്തോടെ സംസാരിക്കുമ്പോൾ നാം അവൻറെ മുമ്പിൽ വിറയ്ക്കും. ഞങ്ങളുടെ കുടുംബ പ്രാർത്ഥനയിൽ കർത്താവ് ഞങ്ങളോട് സംസാരിക്കുന്നതെന്തും അവൻ തീർച്ചയായും ചെയ്യും. കർത്താവ് ഞങ്ങൾക്ക് നൽകുന്ന എല്ലാ പ്രവചനങ്ങളും, അവൻ തൻറെ ഓരോ വാക്കും സ്ഥിരീകരിക്കുമെന്ന് അറിഞ്ഞുകൊണ്ട് ഞങ്ങൾ അവകാശമാക്കുന്നു.
അതെ, പ്രിയ സുഹൃത്തേ, നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും കർത്താവിന് അറിയാം. നിങ്ങൾ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവന് കൃത്യമായി അറിയാം. അവന് നിങ്ങളുടെ പേര് അറിയാം! യെശയ്യാവു 40:26-ൽ നാം വായിക്കുന്നു: "അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു." അവന്റെ സൃഷ്ടിയുടെ മേൽ അവന് അത്രയധികം ശക്തിയുണ്ട്. നാം അവനോട് നിലവിളിക്കുമ്പോൾ, അവൻ നമ്മെ നോക്കി ഒരു വാക്ക് പറയും! ശിഷ്യന്മാർ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടപ്പോൾ, എന്തുചെയ്യണമെന്ന് അവർക്ക് അറിയില്ലായിരുന്നു. ഭയന്ന് അവർ യേശുവിനോട് വിളിച്ചു പറഞ്ഞു: "നാഥാ, നാഥാ, ഞങ്ങൾ നശിച്ചുപോകുന്നു!" ഉടനെ യേശു എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്റെ കോപത്തെയും ശാസിച്ചു; അവ അമർന്നു ശാന്തത ഉണ്ടായി. ശിഷ്യന്മാർ അത്ഭുതത്തോടെ പരസ്പരം പറഞ്ഞു, "ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു!" ദൈവം ഒരു അത്ഭുതം ചെയ്യുമ്പോൾ, അത് നമുക്കു ഗ്രഹിച്ചുകൂടാത്തതാകുന്നു. പ്രിയ സുഹൃത്തേ, അവൻ നിങ്ങൾക്കായി ഒരു വലിയ അത്ഭുതം ചെയ്യും.
ജെനീഫർ എന്ന സഹോദരിയുടെ സാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കിടട്ടെ. കഴിഞ്ഞ വർഷം ഒക്ടോബറിൽ അവൾ ഞങ്ങളുടെ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നു. അവൾക്ക് അച്ഛനില്ലായിരുന്നു. അവളുടെ അമ്മയ്ക്ക് അദ്ധ്യാപന ജോലി നഷ്ടപ്പെട്ടു. ജെന്നിഫറിന് അവളുടെ വൃക്കയിൽ കല്ലുകൾ ഉണ്ടായിരുന്നു. അവളുടെ ഇളയ സഹോദരി ജോലി കണ്ടെത്താൻ പാടുപെടുകയായിരുന്നു. അവരുടെ കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകളും അമിതമായ കടങ്ങളും ഉണ്ടായിരുന്നു. നിരാശയോടെ അവർ തങ്ങളുടെ ഭൂമി വിൽക്കാൻ തീരുമാനിച്ചു. പ്രാർത്ഥനയുടെ സമയത്ത് അവർ കർത്താവിനോട് നിലവിളിച്ചു, "കർത്താവേ, എന്തെങ്കിലും ചെയ്തു ഞങ്ങളെ ഇതിൽ നിന്ന് മോചിപ്പിക്കണമേ!" ആ ദിവസം തന്നെ ഞാൻ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവരും എന്നോടൊപ്പം പ്രാർത്ഥിച്ചു. എല്ലാവർക്കും ഞങ്ങൾ വ്യക്തിപരമായി പ്രാർത്ഥിച്ചു. പോകുന്നതിനുമുമ്പ്, അവർ അവരുടെ പ്രാർത്ഥനാവിഷയങ്ങളെല്ലാം എഴുതി പ്രാർത്ഥനാ വിഷയ പെട്ടിയിൽ വച്ചു.
ഉടനെ, കർത്താവ് അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകി! അവർ പ്രത്യാശയോടെ കാത്തിരുന്നപ്പോൾ, കർത്താവ് ശക്തിയോടെ പ്രവർത്തിച്ചു. ജെനീഫറിന്റെ വൃക്ക പ്രശ്നം പൂർണ്ണമായും സൗഖ്യമായി. അവളുടെ ഇളയ സഹോദരിക്ക് ജോലി ലഭിച്ചു, അവരുടെ ഭൂമി വിറ്റു. അവരുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും കടങ്ങളിൽ നിന്നും അവരെ മോചിപ്പിച്ചു. കർത്താവ് നിരവധി അത്ഭുതങ്ങൾ ചെയ്തു, അവയെല്ലാം അവർക്കു ഗ്രഹിച്ചുകൂടാത്തതായിരുന്നു.
പ്രിയ സുഹൃത്തേ, കർത്താവ് നിങ്ങളുടെ കുടുംബത്തിനും നന്മ ചെയ്യും! അവൻ നിങ്ങൾക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യും. പക്ഷേ അത് നിങ്ങൾക്ക് ഗ്രഹിച്ചുകൂടാത്തതായിരിക്കും. നമ്മുടെ കർത്താവ് നമ്മുടെ ഒരു പ്രാർത്ഥനയ്ക്ക് മാത്രം ഉത്തരം നൽകുന്ന ഒരു പിശുക്കനായ ദൈവമല്ല. അവൻ ഉദാരമതിയായ ദൈവമാണ്! ഇപ്പോൾ തന്നെ, അവൻ ഒരു വാക്ക് ഉച്ചരിക്കും, നിങ്ങളുടെ അത്ഭുതം നിങ്ങൾക്ക് ലഭിക്കും. വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്യുക!
PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ മഹാശക്തിയുടെ ഭയത്താൽ ഞാൻ അങ്ങയുടെസന്നിധിയിൽ വരുന്നു. അങ്ങയുടെ നാദം അതിശയമായി മുഴക്കുന്നു; ഞാൻ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളും അങ്ങ് ചെയ്യുന്നു. കർത്താവേ, എന്റെ ഹൃദയത്തിൽ ഒളിഞ്ഞിരിക്കുന്ന എല്ലാ പ്രാർത്ഥനകളും അങ്ങ് അറിയുന്നു; അങ്ങ് എന്നെ പേർ ചൊല്ലി വിളിക്കുന്നു. കർത്താവേ, അരുളിചെയ്യേണമേ, അങ്ങയുടെ പരിപൂർണ്ണ ഹിതത്തിനനുസരിച്ച് എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ വെളിപ്പെടട്ടെ. എന്റെ ജീവിതത്തിൽ അങ്ങ് പറഞ്ഞ എല്ലാ അനുഗ്രഹങ്ങളും പ്രവചനങ്ങളും ഞാൻ അവകാശമാക്കുന്നു. അങ്ങയുടെ മക്കളിൽ നിന്ന് ഒരിക്കലും നന്മ തടയാത്ത ഉദാരമതിയായ ദൈവമായിരിക്കുന്നതിന് അങ്ങേക്ക് നന്ദി. അങ്ങ് എന്റെ വിശ്വസ്ത ദാതാവാണെന്ന് പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് എപ്പോഴും അങ്ങയുടെ സാന്നിധ്യത്തിൽ നടക്കാൻ എന്നെ സഹായിക്കേണമേ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.