എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന് നാം മത്തായി 5:6-നെക്കുറിച്ച് ധ്യാനിക്കാൻ പോകുന്നു, അത് ഇപ്രകാരം പറയുന്നു, “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും.” എൻ്റെ സുഹൃത്തേ, ഈ വാക്യം നീതിനിഷ്‌ഠമായ ജീവിതത്തിൻ്റെ മനോഹാരിത വെളിപ്പെടുത്തുന്നു. നിങ്ങൾ നീതിക്കുവേണ്ടി ദാഹിക്കുകയും അതിനായി വിശക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ ആത്മീയ യാത്രയിൽ നിങ്ങൾക്ക് യഥാർത്ഥ സംതൃപ്തി ലഭിക്കും.
ചില ആളുകൾ, വ്യക്തിഗത പ്രാർത്ഥനകളിൽ അവർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ, പലപ്പോഴും ചോദിക്കാറുണ്ട്, “എന്നെ സംബന്ധിച്ചുള്ള കർത്താവിൻ്റെ ഇഷ്ടം എന്താണ്? കർത്താവിനോട് ചോദിച്ച് എന്നോട് പറയുക." എൻ്റെ സുഹൃത്തേ, കർത്താവ് നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതാണ്; നീതിക്കുവേണ്ടി ആഴമായ ദാഹം ഉണ്ടായിരിക്കണം. നിങ്ങൾക്ക് ഈ ദാഹം ഉണ്ടെങ്കിൽ, നിങ്ങളുടെ ആത്മീയ ജീവിതത്തിൽ നിങ്ങൾ സംതൃപ്തരാകും. ദൈവവചനം ഈ സത്യത്തെ സ്ഥിരീകരിക്കുന്നു. ഉല്പത്തി 15:6, ഗലാത്യർ 3:6, യാക്കോബ് 2:23 എന്നിവയിൽ പറയുന്നു, " അബ്രഹാം യഹോവയിൽ വിശ്വസിച്ചു; അത് അവൻ അവനു നീതിയായി കണക്കിട്ടു." അബ്രഹാം കർത്താവിൽ വിശ്വസിച്ച ദൈവപുരുഷനായിരുന്നു, അവൻ്റെ അചഞ്ചലമായ വിശ്വാസത്താൽ അവൻ നീതിമാൻ ആയി കണക്കാക്കപ്പെട്ടു.
"നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ" എന്ന് സങ്കീർത്തനം 15:2 പ്രഖ്യാപിക്കുന്നു. എന്റെ സുഹൃത്തേ, കർത്താവിനോടൊപ്പം നീതിപൂർവം നടക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. സങ്കീർത്തനം 17:15-ൽ ദാവീദ് ഈ വാഞ്ഛ പ്രകടിപ്പിക്കുന്നു, " ഞാനോ, നീതിയിൽ നിന്റെ മുഖത്തെ കാണും." വേദപുസ്തകത്തിലുടനീളം, ദാനിയേൽ, ദാവീദ്, ഇയ്യോബ് എന്നീ ദൈവിക മനുഷ്യരെല്ലാം നീതിനിഷ്‌ഠമായ ജീവിതം പിന്തുടർന്നു. അതെ, സുഹൃത്തേ, നാമും നീതിക്കുവേണ്ടി ദാഹിക്കണം. ഉച്ചകഴിഞ്ഞോ മറ്റേതെങ്കിലും മണിക്കൂറിലോ നമ്മുടെ ശാരീരിക വിശപ്പ് അനുഭവപ്പെടുന്ന അതേ തീവ്രതയോടെ നാം അതിനായി വിശക്കണം. ഹല്ലേലൂയ!
സങ്കീർത്തനം 37:5 ഈ നീതിയുള്ള ജീവിതത്തിലേക്കുള്ള വഴി നമുക്ക് കാണിച്ചുതരുന്നു. "നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും." നിങ്ങളുടെ വഴികൾ പൂർണ്ണമായും കർത്താവിന് സമർപ്പിക്കുക. എല്ലാ ദിവസവും "പിതാവേ, എന്നെ വഴിനടത്തണമേ, എന്നെ നയിക്കണമേ" എന്ന് പ്രാർത്ഥിക്കുക. നിങ്ങൾ കർത്താവിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും അവനുമായി അടുത്ത് നടക്കുകയും ചെയ്താൽ, അവൻ നിങ്ങൾക്ക് നീതിയുള്ള ജീവിതം നൽകി അനുഗ്രഹിക്കും. അതിനാൽ, എന്റെ സുഹൃത്തേ, ഇപ്പോൾ തന്നെ പ്രാർത്ഥിക്കാനും നിങ്ങൾക്ക് നീതിപൂർവകമായ ജീവിതം നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കർത്താവ് തൻ്റെ നീതിക്കുവേണ്ടിയുള്ള അഗാധമായ വിശപ്പും ദാഹവും കൊണ്ട് നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കട്ടെ. ആമേൻ!
PRAYER:
വിലയേറിയ സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ സാന്നിധ്യവും നീതിയും അന്വേഷിച്ചു താഴ്മയുള്ള ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, അങ്ങയുടെ വിശുദ്ധ വഴികൾക്കുവേണ്ടിയുള്ള അഗാധമായ വിശപ്പും ദാഹവും കൊണ്ട് എന്നെ നിറയ്ക്കണമേ. നേരോടെ നടക്കാനും നീതി പ്രവർത്തിക്കാനും എൻ്റെ ഹൃദയത്തിൽ സത്യം സംസാരിക്കാനും എന്നെ സഹായിക്കേണമേ. അബ്രഹാം അങ്ങിൽ വിശ്വസിക്കുകയും നീതിമാനായി കണക്കാക്കപ്പെടുകയും ചെയ്തതുപോലെ, അങ്ങിൽ എന്റെ വിശ്വാസവും ശക്തിപ്പെടട്ടെ. നേരോടെ നടക്കാനും നീതി പ്രവർത്തിക്കാനും എൻ്റെ ഹൃദയത്തിൽ സത്യം സംസാരിക്കാനും എന്നെ സഹായിക്കേണമേ. കർത്താവേ, ദയവായി എല്ലാ ദിവസവും എന്റെ ചുവടുകൾ നയിക്കുകയും അങ്ങയുടെ വഴികളിൽ പൂർണ്ണമായും സമർപ്പിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. ദാവീദിനെയും ദാനിയേലിനെയും പോലെയുള്ള അങ്ങയുടെ വിശ്വസ്തരും നീതിമാന്മാരും ആയ ദാസന്മാരുടെ മാതൃക പിന്തുടരാൻ എൻ്റെ ആത്മാവിനെ ശക്തിപ്പെടുത്തണമേ. നീതിയിൽ അങ്ങയുടെ മുഖം കാണാനും അങ്ങയോടു ചേർന്നു നടക്കാനും എൻ്റെ ആത്മാവ് എപ്പോഴും ആഗ്രഹിക്കട്ടെ. കർത്താവേ, നീതിക്കുവേണ്ടി ദാഹിക്കുന്നവർ തൃപ്തരാകുമെന്ന് വാഗ്‌ദത്തം ചെയ്തതിന് അങ്ങേക്ക് നന്ദി.യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.