“അവനിൽ ആശ്രയിച്ചിട്ടു അവങ്കലുള്ള വിശ്വാസത്താൽ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ടു.” എഫെസ്യർ 3:12-ൽ നിന്ന് ദൈവം നിങ്ങൾക്ക് നൽകുന്ന വാഗ്‌ദത്തമാണിത്. യേശുവിലൂടെയും യേശുവിലുള്ള വിശ്വാസത്തിലൂടെയും നിങ്ങൾക്ക് ദൈവത്തെ സമീപിക്കാനും യഥാർത്ഥ സ്വാതന്ത്ര്യം നേടാനും കഴിയും. പലപ്പോഴും, സഹായത്തിനായി ആരിലേക്ക് തിരിയണമെന്ന് നിങ്ങൾ ചിന്തിക്കാറുണ്ടല്ലോ. ആരും നിങ്ങളുടെ കൂടെയില്ലെന്ന് തോന്നുമ്പോൾ, നിരുത്സാഹം നിങ്ങളെ കീഴടക്കും. "എന്നെ സഹായിക്കാൻ ആരുമില്ല. ആർക്കും എന്നെ വേണ്ട. ഞാൻ നശിച്ചു. എനിക്ക് ഭാവിയില്ല" എന്ന് ചിന്തിക്കുന്ന നിങ്ങൾ ഉപേക്ഷിക്കപ്പെട്ടതും നിരാശാജനകവുമായ അവസ്ഥയിലാകുന്നു. ഇല്ല സുഹൃത്തേ! നിങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമായി ഒരാളുണ്ട്, അത് യേശുക്രിസ്തുവാകുന്നു. ഇന്ന്, അവൻ നിങ്ങളെ വിളിച്ച് പറയുന്നു, "എന്റെ പൈതലേ, എന്റെ അടുക്കൽ വരൂ. യേശുവായ ഞാൻ നിങ്ങളുടെ എല്ലാ ഭാരങ്ങളും എടുത്തുകളയുകയും നിങ്ങൾക്ക് വിശ്രമം നൽകുകയും ചെയ്യും. ഞാനാണ് വഴി. ഞാൻ നിങ്ങൾക്കായി തയ്യാറാക്കിയ പദ്ധതികളിലേക്ക് നിങ്ങളെ നയിക്കും." ഇന്നുമുതൽ ദൈവത്തിൻറെ എല്ലാ ദൈവിക പദ്ധതികളും നിങ്ങളുടെ ജീവിതത്തിൽ പ്രകടമാകും. നിങ്ങൾക്ക് വിശ്രമവും സ്വാതന്ത്ര്യവും ആത്മവിശ്വാസവും ലഭിക്കും. നിങ്ങൾ പൂർണ്ണജയം പ്രാപിച്ചവരാകും. ഇത് നിങ്ങൾക്കുള്ള ദൈവത്തിൻറെ വാഗ്‌ദത്തമാണ്! നിങ്ങളുടെ ജീവിതം യേശുവിനു സമർപ്പിച്ചിട്ടുണ്ടോ? ധൈര്യമായിരിക്കുക. അവൻ നിങ്ങളുടെ ജീവിതത്തിലേക്ക് എല്ലാ ദൈവിക അനുഗ്രഹങ്ങളും കൊണ്ടുവരും.

തങ്കരാജ് എന്ന ചെറുപ്പക്കാരന്റെ മനോഹരമായ ഒരു സാക്ഷ്യമുണ്ട്. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അവന്റെ മാതാപിതാക്കൾ രണ്ടുപേരെയും അവന് നഷ്ടപ്പെട്ടു. ബന്ധുക്കൾ അവനെ ഏറ്റെടുത്തെങ്കിലും അവനെ പിന്തുണയ്ക്കുന്നതിനുപകരം അവർ അവന്റെ വീടും വസ്തുവകകളും പിടിച്ചെടുക്കുകയും അവനെ ഭവനരഹിതനാക്കുകയും ചെയ്തു. 2013-ൽ, തന്റെ അവകാശപ്പെട്ട അനന്തരാവകാശം തിരിച്ചുപിടിക്കാൻ അവൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് ഏകദേശം എട്ട് വർഷത്തോളം നീണ്ടുനിന്നു, ആ സമയത്ത്, അവന്റെ ബന്ധുക്കൾ മറ്റുള്ളവരെ അവനെതിരെ തന്ത്രപരമായി സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന് പോകാൻ ഒരിടവുമില്ലായിരുന്നു. പോക്കറ്റിൽ വെറും 350 രൂപ മാത്രം ഉണ്ടായിരുന്നതിനാൽ അവൻ അവരുടെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെട്ടു. കോവിഡ് മഹാമാരിയുടെ കാലത്തായിരുന്നു അത്, അവൻ ഒരു ആശ്രമത്തിൽ അഭയം തേടി, പക്ഷേ അത് പ്രവർത്തിച്ചിരുന്നില്ല. പൂർണ്ണമായും നഷ്ടപ്പെട്ടതായി തോന്നിയ അവൻ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു, പക്ഷേ ഒരു ആഴത്തിലുള്ള ഭാരം അവന്റെ ഹൃദയത്തിൽ നിറയുകയും ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. ആ നിമിഷം, ബെഥസ്ദാ പ്രാർത്ഥനാ കേന്ദ്രം സ്ഥിതിചെയ്യുന്ന കാരുണ്യ നഗറിലേക്ക് പോകുന്ന ഒരു ബസ് അവൻ കണ്ടു. അവന്റെ ഉള്ളിലെ എന്തോ ഒന്ന് അവനെ ബസിൽ കയറാൻ പ്രേരിപ്പിച്ചു. അവൻ എത്തിയപ്പോൾ ഒരു പ്രസംഗകൻ ഇങ്ങനെ പ്രസംഗിക്കുകയായിരുന്നു, "നിങ്ങൾ നിങ്ങളുടെ കൈകളിൽ ഒന്നുമില്ലാതെയായിരിക്കാം വന്നത്, പക്ഷേ കർത്താവായ യേശു നിങ്ങളെ 100% അനുഗ്രഹത്തോടെ പരിപൂർണ്ണമാക്കും." തങ്കരാജ് കാരുണ്യ ഡോർമിറ്ററിൽ ഒരാഴ്ച താമസിച്ചു. അവിടെവെച്ച് തന്റെ കാഴ്ചപ്പാട് മാറ്റിയ ഒരാളെ അവൻ കണ്ടുമുട്ടി. അവൻ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കോടതി കേസ് ഒടുവിൽ ഒരു നിഗമനത്തിലെത്തിയിരുന്നു. ദൈവകൃപയാൽ ജഡ്ജി അവന് അനുകൂലമായി വിധിച്ചു. അവന്റെ വീടും സ്വത്തും അവന് തിരികെ ലഭിച്ചു! ഇന്ന്, അവൻ ദൈവത്തിൻറെ നന്മയുടെ ജീവനുള്ള സാക്ഷ്യമാണ്. നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുക മാത്രമല്ല, യേശുവിനെ സ്നേഹിക്കുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. അവൻറെ ജീവിതം ഒരു അത്ഭുതമാണ്!

യേശു അത് നിങ്ങൾക്കുവേണ്ടി ചെയ്യും! നിങ്ങളുടെ ജീവിതം യേശുവിന് സമർപ്പിക്കുക. അവനെ പൂർണ്ണമായി വിശ്വസിക്കുക. അവൻ പുനഃസ്ഥാപിക്കുകയും, വീണ്ടെടുക്കുകയും, അളക്കാനാവാത്തവിധം അനുഗ്രഹിക്കുകയും ചെയ്യുന്ന ദൈവമാണ്. ഇന്ന്, നിങ്ങൾ സ്വതന്ത്രരാകും. ഇന്ന്, നിങ്ങൾ ആത്മവിശ്വാസത്തോടെ നടക്കും. കർത്താവ് നിങ്ങൾക്കായി എല്ലാം പൂർത്തീകരിക്കും. വിശ്വസിച്ചാൽ മാത്രം മതി!

PRAYER:
പ്രിയ പിതാവേ, അങ്ങയുടെ സാന്നിധ്യത്തിനായി വാഞ്ഛിക്കുന്ന ഹൃദയത്തോടെയാണ് ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നത്. യേശുക്രിസ്തുവിലൂടെ സ്വാതന്ത്ര്യവും ആത്മവിശ്വാസവും വാഗ്ദാനം ചെയ്തതിന് അങ്ങേക്ക് നന്ദി. ഉപേക്ഷിക്കപ്പെട്ടവനായും പ്രതീക്ഷയില്ലാത്തവനായും എനിക്ക് തോന്നുമ്പോൾ, അങ്ങ് എല്ലായ്പ്പോഴും അടുത്താണെന്ന് എന്നെ ഓർമ്മിപ്പിക്കേണമേ. കർത്താവായ യേശുവേ, എന്റെ ഭാരങ്ങൾ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. ദയവായി അവ ഏറ്റെടുത്ത് എനിക്ക് വിശ്രമം നൽകണമേ. എന്റെ ജീവിതത്തിനായി അങ്ങ് ഒരുക്കിയിരിക്കുന്ന ദിവ്യ പദ്ധതികളിലേക്ക് എന്നെ നയിക്കണമേ. അങ്ങയുടെ നാമത്തിൽ എന്നെ പൂർണ്ണജയം പ്രാപിച്ചവനാക്കേണമേ. എന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളിലും അങ്ങ് പൂർണത കൈവരിക്കുമെന്ന് അറിഞ്ഞുകൊണ്ട്, അങ്ങയെ പൂർണ്ണമായി ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. ഇന്ന്, എന്റെ വിലയേറിയ രക്ഷകനായ അങ്ങിൽ ഞാൻ സ്വാതന്ത്ര്യവും ആത്മവിശ്വാസവും സന്തോഷവും തിരഞ്ഞെടുക്കുന്നു. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.