എൻ്റെ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. യേശുവിൽ നമുക്കു പ്രത്യാശയുണ്ട്, നമ്മുടെ ജീവിതത്തിൽ അവൻ ആരംഭിച്ച എല്ലാ നല്ല കാര്യങ്ങളും അവൻ പൂർത്തിയാക്കും. ഇന്ന്, എഫെസ്യർ 2:20 പ്രകാരം അവൻ വാഗ്‌ദത്തം ചെയ്യുന്നു. “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.” പ്രത്യേകിച്ച്, നമ്മുടെ വീട്, മനോഹരമായ ഒരു മൂലക്കല്ലിൽ പണിതിരിക്കുന്നു.

അക്കാലത്ത്, ആദ്യത്തേതും, ശക്തിയും സ്ഥിരതയും നൽകികൊണ്ട് വീട് നിലനിൽക്കുന്നതുമായ ഏറ്റവും നിർണായകമായ കല്ല് മൂലക്കല്ലായിരുന്നു. യേശു പ്രഖ്യാപിക്കുന്നു, "നിൻ്റെ വീട് പണിതിരിക്കുന്ന മൂലക്കല്ല് ഞാനായിരിക്കും." ഈ വാഗ്‌ദത്തം നമ്മെ ഓർമ്മിപ്പിക്കുന്നത്, നമ്മുടെ ജീവിതങ്ങളുടെ അടിത്തറ പ്രവാചകന്മാരുടെയും അപ്പസ്തൊലന്മാരുടെയും ആത്മീയ വിതയ്ക്കലിലൂടെ നിർമ്മിതമാണ് എന്നാണ്. അവരുടെ വിശ്വാസവും ഉപദേശങ്ങളും അടിസ്ഥാനമിട്ടിട്ടുണ്ട്, അവരുടെ വിതയ്ക്കൽ നമ്മുടെ ജീവിതത്തിൽ വലിയ വിളവു നൽകും.

അതിലും പ്രധാനമായി, ക്രിസ്തുയേശുവിൽ കാണപ്പെടുന്ന എല്ലാ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുന്നു. അവൻ്റെ സമാധാനവും അവൻ്റെ കൃപയും അവൻ്റെ അഭിഷേകവും നമ്മുടെ കുടുംബത്തിലേക്ക് സമൃദ്ധമായി ഒഴുകുന്നു, കാരണം നാം അവനെ നമ്മുടെ വീടിൻ്റെ മൂലക്കല്ലാക്കിയിരിക്കുന്നു. എല്ലാ ശാപവും അവൻ്റെ ശക്തിയാൽ തകർക്കപ്പെടുകയും ദൈവത്തിൻ്റെ പൂർണ്ണത അവനിലൂടെ നമ്മുടെ ജീവിതത്തിലേക്ക് പകരുകയും ചെയ്യുന്നു. നമ്മുടെ കുടുംബം ഈ അനുഗ്രഹത്താൽ നിറയും, എല്ലാ വിധത്തിലും അഭിവൃദ്ധി പ്രാപിക്കും - ക്രിസ്തുയേശുവിലുള്ള ജ്ഞാനം, കൃപ, സമ്പത്ത് എന്നിവയാൽ സമ്പന്നമായിരിക്കും.

എൻ്റെ സുഹൃത്തേ, ഇന്ന് ഇതാണ് നാം ധൈര്യത്തോടെ അവകാശപ്പെടാൻ പോകുന്നത്:  "കർത്താവേ, അങ്ങ് ഞങ്ങളുടെ മൂലക്കല്ലായതിനാൽ, അങ്ങിലുള്ളതെല്ലാം ഞങ്ങൾക്ക് നൽകേണമേ." അവൻ നമ്മുടെ മൂലക്കല്ലായതിനാൽ അവൻ നിത്യനായതിനാൽ, നമ്മുടെ വീടും കുടുംബവും നിത്യ ജീവിതത്തിൽ ഉറച്ചുനിൽക്കും. നാം വീഴുകയില്ല, എന്നാൽ അവനോടൊപ്പം എന്നേക്കും ജീവിക്കും.

ഈ കാരണത്താൽ യേശു പറയുന്നു, 'പാറയിൽ വീടു പണിയുന്നവർ ജ്ഞാനികൾ; ആ വീട് എന്നേക്കും നിലനിൽക്കും.' ഇന്ന് അവൻ നമ്മുടെ പാറയാണ്. അതിനാൽ, അവനിലുള്ള എല്ലാ നല്ല കാര്യങ്ങളും നമുക്ക് സ്വീകരിക്കാം. അവൻ്റെ സമാധാനം, അവൻ്റെ അനുഗ്രഹങ്ങൾ, അവൻ്റെ ജ്ഞാനം, അവൻ്റെ ശാശ്വതമായ വാഗ്‌ദത്തങ്ങൾ  എന്നിവ നിങ്ങളുടെ കുടുംബത്തിന് അവകാശപ്പെടുക. അവൻ്റെ സമൃദ്ധി നിങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലേക്കും ഒഴുകട്ടെ!

PRAYER:
പ്രിയ കർത്താവേ, അങ്ങിൽ വസിക്കുന്ന പൂർണ്ണമായ സമാധാനം ഇന്ന് ഞാൻ അവകാശപ്പെടുന്നു. കർത്താവേ, ഈ ദിവ്യ സമാധാനത്താൽ എന്നെയും എൻ്റെ കുടുംബത്തെയും നിറയ്ക്കണമേ. അങ്ങിലുള്ള അതിരുകളില്ലാത്ത സ്നേഹം ഞാൻ അവകാശപ്പെടുന്നു- അങ്ങയുടെ സ്നേഹം ഞങ്ങളുടെ ഹൃദയങ്ങളിൽ കവിഞ്ഞൊഴുകുകയും ഞങ്ങളെ ബന്ധിപ്പിക്കുകയും ചെയ്യട്ടെ. കർത്താവേ, അങ്ങയുടെ അഭിഷേകം ഞങ്ങളുടെമേൽ ചൊരിയുകയും അങ്ങയുടെ ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ.  ഞങ്ങളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ഇനി യാതൊരു പോരാട്ടങ്ങളും ഇല്ലാതെ ഞങ്ങൾക്ക് അഭിവൃദ്ധിപ്പെടാം. അങ്ങയുടെ രോഗശാന്തി ശക്തി എൻ്റെ കുടുംബത്തിലൂടെ ഒഴുകട്ടെ, ഞങ്ങളെ പൂർണ്ണമായും പുനഃസ്ഥാപിക്കുകയും പുതുക്കുകയും ചെയ്യേണമേ. കർത്താവേ, അങ്ങയിൽ കാണപ്പെടുന്ന എല്ലാ നന്മകളാലും ഞങ്ങളെ നിറയ്ക്കണമേ. അങ്ങയുടെ സത്യത്തിൻ്റെ അടിത്തറയിൽ പണിത ഞങ്ങളുടെ ഭവനം ശാശ്വതമായി ബലമുള്ളതാകട്ടെ. കർത്താവേ, എൻ്റെ ഭവനത്തിലെ ഓരോ അംഗവും അങ്ങയുടെ കുടുംബത്തിൻ്റേതാണ്. അങ്ങയുടെ സാന്നിധ്യത്തിൽ ഞങ്ങൾക്ക് നിത്യജീവൻ നൽകേണമേ, അങ്ങനെ ഞങ്ങൾ ഇന്നും എന്നും അങ്ങയിൽ അചഞ്ചലരും സുരക്ഷിതരുമായി നിലനിൽക്കും. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.