എൻ്റെ പ്രിയ സുഹൃത്തേ, സങ്കീർത്തനം 54:4 ഇപ്രകാരം പറയുന്നു, “ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.” ദൈവം നമ്മുടെ സഹായി മാത്രമല്ല, ജീവിതത്തിൽ നമ്മെ സഹായിക്കുന്നവരോടൊപ്പവും അവൻ ഉണ്ടെന്ന് മലയാളം വേദപുസ്തകം മനോഹരമായി ഊന്നിപ്പറയുന്നു. അതെ, കർത്താവ് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ യാത്രയിൽ നിങ്ങളെ പിന്തുണയ്ക്കുകയും നിങ്ങളുടെ അരികിൽ നിൽക്കുകയും ചെയ്യുന്നവരോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യും. അത്, നിങ്ങളുടെ മാതാപിതാക്കളോ, മക്കളോ, പങ്കാളികളോ, അല്ലെങ്കിൽ നിങ്ങളോടുകൂടെ ജോലി ചെയ്യുന്നവരോ ആകട്ടെ - മാർഗനിർദേശം, സാമ്പത്തികം, അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗങ്ങളിലൂടെ നിങ്ങളെ സഹായിക്കുന്നവർ - അവർ നിങ്ങളെ സഹായിക്കാനായി ദൈവികമായി തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻ്റെ ദൂതന്മാരാണെന്ന് അറിയുക.
നിങ്ങൾ ചിന്തിച്ചേക്കാം, "എനിക്ക് എങ്ങനെ അവരുടെ ദയ തിരികെ നൽകാനാകും? എനിക്ക് അവരെ എങ്ങനെ സഹായിക്കാനാകും?" ഓർക്കുക, ദൈവം അവരെ സഹായിക്കും. അവൻ അവരുടെ കൂടെയുണ്ടാകും. കർത്താവ് അവരുടെ ജീവിതത്തെ സംരക്ഷിക്കും, അവൻ അവരെ സമൃദ്ധമായി അനുഗ്രഹിക്കും. അതിനാൽ, നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്, എന്റെ സുഹൃത്തേ.
ഇന്നും, യേശു വിളിക്കുന്നു പങ്കാളിയെന്ന നിലയിൽ, യേശു വിളിക്കുന്നു ശുശ്രൂഷയുടെ വിശ്വസ്ത പിന്തുണയിലൂടെ നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ഉയർത്തിപ്പിടിക്കുകയാണ്. നിങ്ങളുടെ വഴിപാടുകളിലൂടെ, നിങ്ങൾ ദൈവത്തിൻ്റെ സ്നേഹവും ശക്തിയും കൊണ്ട് എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുന്നു. അതെ, നിങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്നു, പകരം കർത്താവ് നിങ്ങളുടെ ജീവിതം ഉയർത്തും. കർത്താവ് നിങ്ങളെ സഹായിക്കും, അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
ദൈവത്തിൻ്റെ അത്ഭുതകരമായ ഇടപെടലിൻ്റെ ഒരു സാക്ഷ്യം ഞാൻ നിങ്ങളുമായി പങ്കുവെക്കട്ടെ. പ്രധാനാധ്യാപികയായ ഡെയ്‌സി റാണി എന്ന പ്രിയ സഹോദരി 20 വർഷമായി കുടുംബ അനുഗ്രഹ പദ്ധതിയുടെ ഭാഗമായി യേശു വിളിക്കുന്നു പങ്കാളിയാണ്. അവരുടെ മകനും ഒരു ബാലജന പങ്കാളിയാണ്, ഇപ്പോൾ കാരുണ്യ സർവകലാശാലയിൽ പഠിക്കുന്നു. എന്നാൽ പെട്ടെന്ന്, അവർ ആത്മീയ ആക്രമണത്തിന് വിധേയയായി - ആരോ അവർക്കെതിരെ മന്ത്രവാദം ചെയ്തു, അത് അവരുടെ ജീവിതത്തെ ബാധിച്ചു. അവർ ഭയത്താൽ വലഞ്ഞു, കടുത്ത ഉത്കണ്ഠയിൽ അകപ്പെടുകയും ശാരീരികമായി അസ്വസ്ഥയാവുകയും ചെയ്തു. എല്ലാ ദിവസവും, "നീ ഉപയോഗശൂന്യയാണ്, നിനക്ക് ഒരു ശക്തിയുമില്ല. നീ പരാജയപ്പെടും. നിന്റെ ആരോഗ്യം തകരാറിലാകും. നിനക്ക് പ്രവർത്തിക്കാൻ കഴിയില്ല" എന്നിങ്ങനെ വേദനിപ്പിക്കുന്ന ശബ്ദങ്ങൾ അവർ കേൾക്കും. ഈ വാക്കുകൾ അവരെ വേട്ടയാടുകയും അവരുടെ ഹൃദയം അസ്വസ്ഥമാവുകയും ചെയ്തു.
ഈ പ്രയാസകരമായ സമയത്ത്, അവധി കഴിഞ്ഞ് മകനെ ഹോസ്റ്റലിൽ വിടാൻ അവർക്ക് കാരുണ്യ സർവകലാശാല സന്ദർശിക്കേണ്ടിവന്നു. അവർ അവിടെ ഉണ്ടായിരുന്നപ്പോൾ, കോയമ്പത്തൂരിലെ കാരുണ്യ സർവകലാശാലയ്ക്ക് അടുത്തുള്ള ബെഥെസ്ദ പ്രാർത്ഥനാ കേന്ദ്രത്തിൽ ഞാനും എന്റെ പ്രിയ ഭാര്യ ഇവാഞ്ചലിനും ആളുകൾക്കായി പ്രാർത്ഥിക്കുന്നുണ്ടെന്ന് അവർ കേട്ടു. ഈ മനോഹരമായ പ്രാർത്ഥനാ കേന്ദ്രം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളെ സമാധാനപരമായ ചുറ്റുപാടുകളിൽ വന്ന് ദൈവത്തിന്റെ ശക്തി അനുഭവിക്കാൻ സ്വാഗതം ചെയ്യുന്നു.
പ്രതീക്ഷയോടെ, ഡെയ്സി റാണി ദൈവസ്പർശം തേടി പ്രാർത്ഥനാ താഴികക്കുടത്തിലേക്ക് ഓടി. ഇവാഞ്ചലിനും ഞാനും അവരുടെ മേൽ കൈ വെച്ചപ്പോൾ, ഞാൻ "ഭയം എന്നത് അവരിൽ നിന്ന് പുറത്തുവരട്ടെ" എന്ന് പ്രഖ്യാപിക്കുകയും "കർത്താവായ യേശുവേ, അവരെ മോചിപ്പിക്കേണമേ, അവർക്ക് പൂർണ്ണ മോചനം നൽകേണമേ" എന്ന് പ്രാർത്ഥിക്കുകയും ചെയ്തു. "എന്റെ ഭാര്യ ഇവാഞ്ചലിനും "ഭയാത്മാവ് അവരെ വിട്ടുപോകട്ടെ" എന്ന് അധികാരത്തോടെ പ്രാർത്ഥിച്ചു. ആ നിമിഷത്തിൽ, അത്ഭുതകരമായ എന്തോ സംഭവിച്ചു - ഡെയ്സി റാണിക്ക് ഒരു സമ്പൂർണ്ണ മോചനം അനുഭവപ്പെട്ടു! ഒരു ദൈവിക സമാധാനം അവരുടെ ഹൃദയത്തിൽ നിറയുകയും ഭയത്തിന്റെ പൈശാചികാത്മാവ് പൂർണ്ണമായും പുറന്തള്ളപ്പെടുകയും ചെയ്തു. അവരുടെ ശരീരത്തിലെ വിറയൽ നിൽക്കുകയും ഒരു പുതിയ വ്യക്തിയെന്ന നിലയിൽ ജോലിയിലേക്ക് മടങ്ങാനുള്ള ശക്തി നിറഞ്ഞ് അവർ സുഖം പ്രാപിക്കുകയും ചെയ്തു. എത്ര ശക്തനായ ദൈവത്തെയാണ് നാം സേവിക്കുന്നത്!
എന്റെ സുഹൃത്തേ, ദൈവം സഹായിക്കുകയും ഡെയ്സി റാണിയെ മോചിപ്പിക്കുകയും ചെയ്തതുപോലെ, അവൻ നിങ്ങളെയും സഹായിക്കും. അവൻ നിങ്ങളുടെ സഹായിയും നിങ്ങളുടെ സംരക്ഷകനും നിങ്ങളുടെ വിമോചകനുമാണ്. യേശു, നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന പിശാചുക്കളെ തുരത്തുകയും തന്റെ സ്നേഹനിർഭരമായ കരങ്ങളാൽ നിങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യും. അവനിൽ വിശ്വസിക്കുക, അവൻ നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയോ കൈവിടുകയോ ചെയ്യില്ലെന്ന് അറിയുക.
PRAYER:
സ്നേഹവാനായ സ്വർഗീയപിതാവേ, എന്റെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും എന്നെ നയിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും എന്റെ നിത്യസഹായിയായതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് എന്റെ സംരക്ഷകനാണ്, അങ്ങ് എന്നോടും എന്നെ സഹായിക്കുന്നവരോടും കൂടെ നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, എന്റെ കുടുംബത്തെയും എന്റെ സുഹൃത്തുക്കളെയും ഈ യാത്രയിൽ എന്നെ പിന്തുണയ്ക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ. അവരോടൊപ്പം നിൽക്കുകയും അങ്ങയുടെ കൃപയോടും ശക്തിയോടും കൂടി അവരുടെ ജീവിതം ഉയർത്തിപ്പിടിക്കുകയും ചെയ്യേണമേ. അങ്ങ് എന്നെ ഒരിക്കലും ഉപേക്ഷിക്കുകയോ കൈവിടുകയോ ചെയ്യില്ലെന്ന് എനിക്കറിയാം, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ഞാൻ സമാധാനവും സുരക്ഷിതത്വവും കണ്ടെത്തുന്നു. കർത്താവേ, എന്റെ ഹൃദയത്തെ ബാധിക്കുന്ന എല്ലാ ഭയവും കഷ്ടപ്പാടുകളും നീക്കേണമേ. അങ്ങയുടെ സ്നേഹനിർഭരമായ കരങ്ങളിൽ എന്നെ സുരക്ഷിതനാക്കുകയും എപ്പോഴും അങ്ങയെ ആശ്രയിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.