എൻ്റെ സുഹൃത്തേ, കർത്താവിൻ്റെ സന്നിധിയിൽ ഇരുന്നു അവൻ്റെ വാക്കുകൾ കേൾക്കുന്നത് സന്തോഷകരമായ അനുഗ്രഹമാണ്. അവൻ നമ്മുടെ ഹൃദയങ്ങളെ വിവരണാതീതമായ സന്തോഷംകൊണ്ട് നിറയ്ക്കുന്നു. ഇന്ന്, നമുക്കുവേണ്ടിയുള്ള അവൻ്റെ വാഗ്ദത്തം യെശയ്യാവ് 60:2-ൽ നിന്നാണ് വരുന്നത്, “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.” അതെ, കർത്താവിൻ്റെ മഹത്വം നമ്മുടെമേൽ വരുന്നു! എന്നാൽ എങ്ങനെയാണ് ഈ അന്ധകാരം നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്? നിഷേധാത്മകത വേരൂന്നാൻ അനുവദിക്കുമ്പോൾ അത് സംഭവിക്കുന്നു. നാം ഇരുന്നുകൊണ്ട് മറ്റുള്ളവരെക്കുറിച്ച് നിരന്തരം പിറുപിറുക്കുകയോ, അവരോട് മോശമായി സംസാരിക്കുകയോ, പരാതി പറയുകയോ, പരിഹസിക്കുകയോ ചെയ്യുമ്പോൾ, നമ്മുടെ ഹൃദയങ്ങളിൽ അന്ധകാരവും മൂകതയും ഉദിക്കാൻ തുടങ്ങും. അതുപോലെ, "ഓ, ഞങ്ങളുടെ ജോലികൾ സുരക്ഷിതമല്ല", അല്ലെങ്കിൽ "നിങ്ങളുടെ കുടുംബ സാഹചര്യം വലിയ കുഴപ്പത്തിലാണ്", അല്ലെങ്കിൽ "നമുക്ക് ആവശ്യമുള്ള പണം നാം എങ്ങനെ കണ്ടെത്തും?" തുടങ്ങിയ കാര്യങ്ങൾ കേൾക്കുമ്പോൾ, ഭയപ്പെടുത്തുന്നതോ ബുദ്ധിമുട്ടുള്ളതോ ആയ സംഭാഷണങ്ങൾ നമ്മുടെ മനസ്സിൽ നിറയുമ്പോൾ ഭയം നമ്മുടെ ഹൃദയത്തിൽ തുളച്ചുകയറുന്നു. കാമപരമായ കാര്യങ്ങൾ നിരീക്ഷിക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ, കൂരിരുട്ട് നമ്മെ പിടികൂടുന്നു. ഇതാണ് ലോകം നൽകുന്നത്. നമ്മെ മൂടുന്ന അന്ധകാരത്തിന്റെ ആഴത്തിലുള്ള ഒരു പുതപ്പ് തന്നെ.

പക്ഷേ, എന്റെ സുഹൃത്തേ, മറ്റൊരു വഴിയുണ്ട്. നിങ്ങൾ കർത്താവിൻ്റെ സന്നിധിയിൽ ഇരിക്കുമ്പോഴോ, വേദപുസ്തകം വായിക്കുമ്പോഴോ, ആത്മാവിൽ പ്രാർത്ഥിക്കുമ്പോഴോ അല്ലെങ്കിൽ ആരെങ്കിലുമായി പ്രാർത്ഥനയിൽ കൈകോർക്കുമ്പോഴോ, അവൻ്റെ പ്രകാശം നിങ്ങളുടെ മേൽ പ്രകാശിക്കുന്നു. നിങ്ങൾ അവനെ തീക്ഷ്ണതയോടെ സേവിക്കുകയും, ഒരു ദൈവദാസൻ പ്രഖ്യാപിക്കുന്ന അവൻ്റെ വാഗ്‌ദത്തങ്ങളോ പ്രാവചനിക വാക്കുകളോ ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ, കർത്താവിൻ്റെ തേജസ്സ് നിങ്ങളുടെ മേൽ ഉദിക്കുന്നത് നിങ്ങൾ കാണും. അതെ, അവൻ്റെ മഹത്വം പ്രത്യക്ഷപ്പെടും, അവൻ്റെ ദിവ്യ സാന്നിധ്യത്താൽ നിങ്ങളുടെ ജീവിതത്തെ വലയം ചെയ്യുകയും നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിങ്ങളെ നയിക്കുകയും ചെയ്യും. ആദാമിനെയും ഹവ്വയെയും ഓർക്കുക. അവർ ദിവസവും കർത്താവിനോടൊപ്പം നടക്കുകയും അവൻ്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുകയും ചെയ്തപ്പോൾ, ദൈവത്തിൻ്റെ തേജസ്സ് അവരുടെമേൽ ആവസിച്ചു. എന്നാൽ അവർ പാപം ചെയ്യുകയും അവനെ അനുസരിക്കാതിരിക്കുകയും ചെയ്ത നിമിഷം തന്നെ അവന്റെ തേജസ്സ് അപ്രത്യക്ഷമാകുകയും അന്ധകാരം അവരെ മൂടുകയും ചെയ്തു. പാപത്തിന്റെ ശാപം അവരുടെ ജീവിതത്തെ കീഴടക്കി.

അതിനാൽ ഇന്ന്, നമുക്ക് കർത്താവിനെ അടുത്ത് നിർത്താൻ ശ്രദ്ധിക്കണം. നമുക്ക് അവനോട് ഇങ്ങനെ നിലവിളിക്കാം, "കർത്താവേ, ഭൌമിക കാര്യങ്ങളിൽ നിന്ന് പിന്തിരിയാൻ ഞങ്ങളെ സഹായിക്കണമേ. ഭൌമിക സംഭാഷണങ്ങൾ, കിംവദന്തികൾ, തെറ്റായ പ്രവൃത്തികൾ എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കരുത്. ദോഷകരമായ ഉപദേശം പിന്തുടരാനോ ഭീഷണികളിൽ നിന്നും മുന്നറിയിപ്പുകളിൽ നിന്നുമുള്ള ഭയത്തിന് വഴങ്ങാനോ ഉള്ള പ്രേരണയെ ചെറുക്കാൻ ഞങ്ങളെ സഹായിക്കേണമേ. അങ്ങയുടെ വചനത്തിൽ ഞങ്ങളുടെ ഹൃദയം സുരക്ഷിതമായിരിക്കട്ടെ." ദൈവത്തിൻ്റെ തേജസ്സ് ഇന്ന് നിങ്ങളുടെ മേൽ ഉദിക്കുകയും നിങ്ങളുടെ ജീവിതം നയിക്കുകയും ചെയ്യട്ടെ. അവൻ്റെ പ്രകാശത്താൽ, നിങ്ങൾ ശോഭിക്കും, അവൻ്റെ സാന്നിധ്യം നിങ്ങളുടെ ഓരോ ചുവടും നയിക്കും.

PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ സാന്നിദ്ധ്യം കാംക്ഷിച്ച് എളിമയുള്ള ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, അങ്ങയുടെ പ്രകാശം എൻ്റെ മേൽ പ്രകാശിപ്പിക്കണമേ, എന്നെ കുടുക്കാൻ  ശ്രമിക്കുന്ന എല്ലാ അന്ധകാരങ്ങളെയും അകറ്റേണമേ. അങ്ങുമായുള്ള എന്റെ ബന്ധത്തെ ബാധിക്കുന്ന പരദൂഷണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും പാപത്തിൽ നിന്നും പിന്തിരിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ വചനത്തിന്റെ സന്തോഷവും അങ്ങയുടെ ആത്മാവിന്റെ ശക്തിയും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. അങ്ങയുടെ വാഗ്‌ദത്തങ്ങളിൽ വിശ്വസിക്കാനും അങ്ങയുടെ പൂർണ്ണമായ ഹിതം പൂർണമായി അനുസരിക്കാനും എന്നെ പഠിപ്പിക്കേണമേ. അങ്ങയുടെ മഹത്വം എന്നിൽ ഉദിക്കുകയും ഞാൻ എടുക്കുന്ന ഓരോ ചുവടിലും എന്നെ നയിക്കുകയും ചെയ്യട്ടെ. എന്റെ ജീവിതം എല്ലായ്പ്പോഴും അങ്ങയുടെ ദിവ്യ സാന്നിധ്യത്തെ പ്രതിഫലിപ്പിക്കുകയും അങ്ങയുടെ നാമത്തിന് മഹത്വം നൽകുകയും ചെയ്യട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.