എന്റെ പ്രിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഇന്നത്തെ വാഗ്ദത്തം യോശുവ 1:9-ൽ നിന്നാണ്, "നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉണ്ട് " എന്ന് അത് പറയുന്നു. "ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും" എന്നുള്ളതുപോലെയാണ് ആ വാക്യം.

നിങ്ങൾക്ക് ഈ പ്രത്യാശയുണ്ടോ? “ഞാൻ പോകുന്നിടത്തെല്ലാം കർത്താവ് എന്നോടുകൂടെയുണ്ട്” എന്ന് നിങ്ങൾക്ക് വാസ്തവമായി പറയാൻ കഴിയുമോ? അവൻ എന്നോടൊപ്പം വരുന്നു. അവൻ എന്നോടൊപ്പം നടക്കുന്നു. യോഹന്നാൻ 10:30-ൽ യേശു തന്നെ പറഞ്ഞു, “ഞാനും പിതാവും ഒന്നാകുന്നു.” യോഹന്നാൻ 8:16-ൽ അവൻ പറയുന്നു, “ഞാൻ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകുന്നു.” എത്ര ശക്തമായ പ്രത്യാശയാണ് അവന് ഉണ്ടായിരുന്നത്! “ഞാനും പിതാവും ഒന്നാകുന്നു.”

നിങ്ങളുടെ ജീവിതത്തിലും ഇതേ പ്രത്യാശ ഉണ്ടായിരിക്കണം. "ഞാൻ ഒറ്റയ്ക്കല്ല. യേശു എപ്പോഴും എന്നോടുകൂടെയുണ്ട്" എന്ന് ധൈര്യത്തോടെ പറയാൻ കഴിയുമോ? 1 യോഹന്നാൻ 1:3-ൽ വചനം പറയുന്നു, "ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു." എത്ര വലിയ പ്രത്യാശയാണ് നമുക്കുള്ളത്! പിതാവായ ദൈവം, പുത്രനായ ദൈവം, പരിശുദ്ധാത്മാവായ ദൈവം, സത്യവും ജീവനുമുള്ള ദൈവം , എപ്പോഴും നമ്മോടൊപ്പമുണ്ട്.

എന്റെ സുഹൃത്തേ, നിങ്ങളുടെ ജീവിതത്തിൽ ഈ പ്രതീക്ഷയുണ്ടോ? നിങ്ങൾ ഈ പ്രത്യാശയെ മുറുകെപ്പിടിക്കുമ്പോൾ കർത്താവ് എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. അവൻ നിങ്ങൾക്കുവേണ്ടി എല്ലാം ചെയ്യും. എനിക്കിപ്പോൾ 86 വയസ്സായി. ഈ വർഷങ്ങളിലെല്ലാം, അവൻ എന്നോടൊപ്പമുണ്ട്. ഇത്രയും മനോഹരമായ രീതിയിൽ അവൻ എനിക്ക് വേണ്ടി എല്ലാം ചെയ്തിട്ടുണ്ട്. അതിനാൽ വിഷമിക്കേണ്ട. ഈ ദൈവത്തെ മാത്രം മുറുകെപ്പിടിക്കുക. ഇപ്പോൾ തന്നെ നിങ്ങൾ നിങ്ങളുടെ ജീവിതം അവന് സമർപ്പിക്കുമോ?

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, ഞാൻ പോകുന്നിടത്തെല്ലാം എന്നോടൊപ്പം ഉണ്ടായിരിക്കുമെന്ന അങ്ങയുടെ വാഗ്‌ദത്തത്തിന് നന്ദി. ഭയം എന്നെ വലയം ചെയ്യുമ്പോൾ, അങ്ങ് എന്റെ അരികിൽ നടക്കുന്നുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കണമേ. യേശുവേ, ഞാൻ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അങ്ങ് എപ്പോഴും എന്റെ അടുത്തുണ്ട്. എല്ലാ ദിവസവും അങ്ങയുടെ സാന്നിധ്യത്തിലും ശക്തിയിലും ആശ്രയിക്കാൻ എന്നെ സഹായിക്കണമേ. അങ്ങയെ അറിയുന്നതിലൂടെ വരുന്ന പ്രത്യാശയാൽ എന്റെ ഹൃദയം നിറയ്‌ക്കേണമേ. അങ്ങുമായുള്ള എന്റെ കൂട്ടായ്മ ഓരോ നിമിഷവും കൂടുതൽ ആഴത്തിലാകട്ടെ. അങ്ങയുടെ സമാധാനത്താൽ എന്നെ വലയം ചെയ്യുകയും ഓരോ ചുവടുവയ്പിലും എന്നെ നയിക്കുകയും ചെയ്യേണമേ. എന്റെ എക്കാലത്തെയും വിശ്വസ്തനായ കർത്താവേ, ഞാൻ എപ്പോഴും അങ്ങയോട് പറ്റിനിൽക്കട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.