എന്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം സങ്കീർത്തനം 147:13 ധ്യാനിക്കുകയാണ്, അത് ഇപ്രകാശം പറയുന്നു, “അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.” എന്റെ സുഹൃത്തേ, ഈ വാക്യമനുസരിച്ച്, ദൈവം തന്നെ നിങ്ങളുടെ വീടിന്റെ അതിരുകൾ ഉറപ്പിക്കുകയും അതിൽ വസിക്കുന്ന എല്ലാവരുടെയും മേൽ തന്റെ അനുഗ്രഹങ്ങൾ ചൊരിയുകയും ചെയ്യും.
ഇന്ന് നിങ്ങൾക്ക് ഭയം തോന്നുന്നുണ്ടോ? ശത്രു നിങ്ങളുടെ വീടിനെതിരെ ഗൂഢാലോചന നടത്തുകയാണെന്നോ, നിങ്ങളുടെ കുടുംബത്തിന് ദോഷം ബാധിക്കുമെന്നോ, അല്ലെങ്കിൽ ആളുകൾ നിങ്ങൾക്കെതിരെ നാശം വരുത്താൻ പ്രവർത്തിക്കുന്നുവെന്നോ നിങ്ങൾ ഭയപ്പെടുന്നുണ്ടോ? എന്നാൽ, എന്റെ സുഹൃത്തേ, ധൈര്യമായിരിക്കുക! ദൈവം നിങ്ങളുടെ വാതിലുകളുടെ ഓടാമ്പലുകൾ ശക്തിപ്പെടുത്തും, നിങ്ങളുടെ വീടിനും കുടുംബത്തിനും ചുറ്റും ഒരു ദിവ്യ സംരക്ഷണ വേലി പണിയുകയും ചെയ്യും. അവൻ നിങ്ങളെ സംരക്ഷിക്കുകയും നിങ്ങളുടെ ഭവനത്തിൽ താമസിക്കുന്നവരെ അനുഗ്രഹിക്കുകയും ചെയ്യും.
ശത്രുവിനെ തകർക്കാൻ വരുന്ന സംഹാരകനിൽ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി, ദൈവം യിസ്രായേല്യരോട് അവരുടെ വാതിലിന്റെ കട്ടിളകളിൽ കുഞ്ഞാടിന്റെ രക്തം പുരട്ടാൻ കൽപ്പിച്ചപ്പോൾ, പുറപ്പാട് 12-ൽ ഈ സത്യം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് നമുക്ക് കാണാൻ കഴിയും. യിസ്രായേല്യർ അനുസരിക്കുകയും അവരുടെ വാതിലുകളിൽ അടയാളപ്പെടുത്തുകയും ചെയ്തു, സംഹാരകൻ വന്നപ്പോൾ അവർ സ്പർശിക്കപ്പെടാതെ നിന്നു. ദൈവത്തിന്റെ ശക്തിയാൽ സംരക്ഷിക്കപ്പെട്ട അവർ അവരുടെ വീടിനുള്ളിൽ സുരക്ഷിതരായിരുന്നു. ആ അനുഗ്രഹം ആ നിമിഷത്തിന് മാത്രമായിരുന്നില്ല. അത് തലമുറതലമുറയായി ലഭിച്ചു. പുറപ്പാട് 12:24 പറയുന്നതുപോലെ, "നീയും നിന്റെ സന്തതിയും" ദൈവത്തിന്റെ സംരക്ഷണത്തിൽ സൂക്ഷിക്കപ്പെടും.
അതുപോലെ, എന്റെ സുഹൃത്തേ, നിങ്ങൾ നിങ്ങളുടെ നെറ്റിയിൽ കർത്താവിന്റെ നാമം വഹിക്കുന്നു, അവന്റെ നാമം നിങ്ങളുടെ ഭവനത്തിൽ ഇരിക്കുന്നു. യേശുവിന്റെ വിലയേറിയ രക്തത്താൽ നിങ്ങൾ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ശത്രുവിന്റെ ഒരു തന്ത്രത്തിനും നിങ്ങളെ സ്പർശിക്കാൻ കഴിയില്ല. സംഹാരകന് നിങ്ങളുടെ മേൽ അധികാരമില്ല. നിങ്ങൾക്കെതിരെയുള്ള തിന്മയുടെ പ്രവൃത്തികൾ വിജയിക്കില്ല. നിങ്ങളും നിങ്ങളുടെ കുടുംബവും സുരക്ഷിതരായിരിക്കും, നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. ഇന്ന് ഈ വാഗ്‌ദത്തത്തിൽ ഉറച്ചുനിൽക്കുക, കാരണം ദൈവം നിങ്ങളുടെ സങ്കേതവും കോട്ടയുമാണ്.
PRAYER:
പ്രിയ കർത്താവേ, എന്റെ വീടിന്റെയും കുടുംബത്തിന്റെയും മേൽ അങ്ങയുടെ ദിവ്യ സംരക്ഷണം തേടി, ഇന്ന് ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, ഞങ്ങളുടെ ചുറ്റും ഒരു അഗ്നി മതിലായിരിക്കണമേ, ഒരു ശത്രുവിനും തുളച്ചുകയറാൻ കഴിയാത്ത ഒരു കോട്ടയായിരിക്കണമേ. ഇരുട്ടിന്റെ ഒരു പദ്ധതിയും, ശത്രുവിന്റെ ഒരു പ്രവൃത്തിയും, ഞങ്ങൾക്കെതിരെ രൂപംകൊണ്ട ഒരു ആയുധവും ഫലിക്കാതിരിക്കട്ടെ. കർത്താവേ, എല്ലാ ദുഷ്ട പദ്ധതികളും, എല്ലാ മന്ത്രവാദ പ്രവൃത്തികളും, ഞങ്ങൾക്കെതിരെ ഒരുക്കിയിരിക്കുന്ന എല്ലാ ആക്രമണങ്ങളും, തകർക്കപ്പെടട്ടെ, നിഷ്ഫലമാകട്ടെ. ഞങ്ങൾക്കെതിരെ ദോഷം ആസൂത്രണം ചെയ്യുന്നവർ അവരുടെ വഴികളിൽ പരാജയപ്പെടട്ടെ, കാരണം അങ്ങ് ഞങ്ങളുടെ സംരക്ഷകനും പരിചയും അഭയവുമാണ്. ഇന്ന്, എന്റെ ഭവനത്തിന്റെയും എന്റെ കുടുംബത്തിന്റെയും മേൽ അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഞാൻ യാചിക്കുന്നു. അങ്ങയുടെ അനുഗ്രഹത്താൽ ഞങ്ങളെ മൂടുകയും അങ്ങയുടെ സമാധാനത്താൽ ഞങ്ങളെ വലയം ചെയ്യുകയും ചെയ്യേണമേ. കർത്താവേ, അങ്ങയുടെ വിശുദ്ധനാമം ഞങ്ങളുടെ നെറ്റിയിൽ വഹിക്കുമ്പോൾ ഞങ്ങളെ മാനിക്കണമേ. ഞങ്ങളെ അങ്ങിലേക്ക് അടുപ്പിക്കുകയും അങ്ങയുടെ ബലമുള്ള ചിറകുകളുടെ മറവിൽ ഞങ്ങളെ സുരക്ഷിതരാക്കുകയും ചെയ്യേണമേ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.