എൻ്റെ വിലയേറിയ ദൈവപൈതലേ, നിങ്ങൾക്ക് സന്തോഷകരവും അനുഗ്രഹീതവുമായ ഒരു ദിവസം ആശംസിക്കുന്നു. ദൈവം ഇന്ന് നിങ്ങളെ സവിശേഷവും പുതിയതുമായ രീതിയിൽ അനുഗ്രഹിക്കട്ടെ. എൻ്റെ കൊച്ചുമകൻ സാമുവലും ഭാര്യ ശിൽപയും അവരുടെ ആറാം വിവാഹവാർഷികം ആഘോഷിക്കുകയാണെന്ന വിവരം പങ്കുവെക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പുതിയതും അത്ഭുതകരവുമായ രീതിയിൽ ദൈവം തൻ്റെ അനുഗ്രഹങ്ങൾ അവരുടെമേൽ ചൊരിയുന്നത് തുടരട്ടെ. അതുപോലെ, വാർഷികങ്ങളോ ജന്മദിനങ്ങളോ മറ്റ് നാഴികക്കല്ലുകളോ ആഘോഷിക്കുന്ന നിങ്ങൾക്കെല്ലാവർക്കും - ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ഇന്ന്, നമുക്ക് ഹോശേയ 6:3-നെക്കുറിച്ച് ധ്യാനിക്കാം, അതിൽ ഇപ്രകാരം പറയുന്നു, “നാം അറിഞ്ഞുകൊൾക; യഹോവയെ അറിവാൻ നാം ഉത്സാഹിക്ക; അവന്റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളതു; അവൻ മഴപോലെ ഭൂമിയെ നനെക്കുന്നു പിൻമഴപോലെ തന്നേ, നമ്മുടെ അടുക്കൽ വരും.” കൃത്യസമയത്ത് മഴ ലഭിക്കുമ്പോൾ, അത് നമുക്ക് വലിയ അനുഗ്രഹങ്ങൾ നൽകുന്നു, അല്ലേ? അതുപോലെ, കർത്താവ് നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധമായ അനുഗ്രഹങ്ങളുടെ മഴ വർഷിക്കും.

ഉല്പത്തി 24:1 ൽ, ദൈവം അബ്രഹാമിനെ സമൃദ്ധമായി അനുഗ്രഹിച്ചതായി നാം വായിക്കുന്നു. അത് നമ്മോട് പറയുന്നു, അബ്രഹാം കർത്താവിനെ ഉത്സാഹത്തോടെ അന്വേഷിച്ചതിനാൽ  സകലത്തിലും അനുഗ്രഹിക്കപ്പെട്ടു. അതുപോലെ, ഉല്പത്തി 32:26 ൽ, യാക്കോബിനെക്കുറിച്ച് നാം വായിക്കുന്നു. അവൻ പൂർണ്ണമായും ദൈവത്തിനു സമർപ്പിച്ചുകൊണ്ട് മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു: "കർത്തവേ, നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല." ഇതുപോലെയാണ് നമ്മളും സ്ഥിരോത്സാഹത്തോടെയും വിശ്വാസത്തോടെയും പ്രാർത്ഥിക്കേണ്ടത്. ദൈവത്തോട് സംസാരിക്കുകയും അവനോടൊപ്പം നടക്കുകയും അവൻ്റെ മാർഗനിർദേശവും അനുഗ്രഹവും യാചിക്കുകയും ചെയ്യുക.

നാം അങ്ങനെ പ്രാർത്ഥിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? യെശയ്യാവ് 26:3-ൽ അത് പറയുന്നു, "സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു." യാക്കോബ് എല്ലായ്‌പ്പോഴും ദൈവത്തെ തന്നോട് അടുപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. അവൻ്റെ വിശ്വസ്‌തത നിമിത്തം ദൈവം അവന് ഇസ്രായേൽ എന്നൊരു പുതിയ പേര് നൽകി. ഇന്നും ഒരു രാജ്യം മുഴുവൻ അവൻ്റെ പേര് വഹിക്കുന്നു. എന്തൊരു അസാധാരണമായ അനുഗ്രഹം!

പ്രിയ സുഹൃത്തേ, നിങ്ങൾ പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിക്കുകയാണെങ്കിൽ, നിങ്ങൾക്കും അവൻ്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിക്കും. നിങ്ങൾ ഇപ്പോൾ തന്നെ പ്രാർത്ഥിക്കുകയും അവൻ്റെ അനുഗ്രഹങ്ങൾ സ്വീകരിക്കുകയും ചെയ്യുമോ? ദൈവത്തിൻ്റെ കരം നിങ്ങളെ നയിക്കട്ടെ, അവൻ്റെ സമാധാനം നിങ്ങളെ വലയം ചെയ്യട്ടെ, അവൻ്റെ അനുഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിൽ കവിഞ്ഞൊഴുകട്ടെ.

PRAYER:
പ്രിയ സ്വർഗ്ഗീയ പിതാവേ, ജീവൻ നൽകുന്ന മഴയെപ്പോലെയുള്ള അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങളുടെ വാഗ്‌ദത്തത്തിന് അങ്ങേക്ക് നന്ദി. അബ്രഹാമിനെപ്പോലെ അങ്ങയെ ഉത്സാഹത്തോടെ അന്വേഷിക്കാനും യാക്കോബിനെപ്പോലെ എന്നെത്തന്നെ പൂർണ്ണമായി സമർപ്പിക്കാനും എന്നെ പഠിപ്പിക്കേണമേ. സ്ഥിരോത്സാഹത്തോടെയും അചഞ്ചലമായ വിശ്വാസത്തോടെയും പ്രാർത്ഥിക്കാൻ എൻ്റെ ഹൃദയത്തെ ശക്തിപ്പെടുത്തണമേ. കർത്താവേ, അങ്ങ് എന്നെ അനുഗ്രഹിക്കുകയും എന്റെ ചുവടുകൾ നയിക്കുകയും ചെയ്യുന്നതുവരെ ഞാൻ അങ്ങയെ വിടുകയില്ല. ഞാൻ എൻ്റെ ചിന്തകൾ അങ്ങയിൽ അചഞ്ചലമായി സൂക്ഷിക്കുമ്പോൾ അങ്ങയുടെ പരിപൂർണ്ണമായ സമാധാനത്താൽ എൻ്റെ മനസ്സിനെ നിറയ്ക്കണമേ. അങ്ങയുടെ ശാശ്വതമായ വിശ്വസ്തതയിൽ ആശ്രയിച്ചുകൊണ്ട് അങ്ങയോടു ചേർന്നു നടക്കാൻ എന്നെ സഹായിക്കേണമേ. എൻ്റെ ജീവിതത്തിലും എൻ്റെ പ്രിയപ്പെട്ടവർക്കും അങ്ങയുടെ അനുഗ്രഹങ്ങളുടെ മഴ ചൊരിയേണമേ. എൻ്റെ ജീവിതം അങ്ങയുടെ മഹത്വത്തെ പ്രതിഫലിപ്പിക്കുകയും അങ്ങയുടെ വിശുദ്ധനാമത്തെ ബഹുമാനിക്കുകയും ചെയ്യട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.