എൻ്റെ പ്രിയ സുഹൃത്തേ, ഇന്ന് നാം മത്തായി 17:21 ധ്യാനിക്കുകയാണ്, അത് നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു: “നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” മത്തായി 17-ൽ വിവരിച്ചിരിക്കുന്ന ഒരു സംഭവത്തിൽ നാം ഈ സത്യത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരു മനുഷ്യൻ യേശുവിനെ സമീപിച്ചു പറഞ്ഞു, "കർത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവൻ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു. ഞാൻ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കൽ കൊണ്ടുവന്നു; എന്നാൽ സൌഖ്യം വരുത്തുവാൻ അവർക്കു കഴിഞ്ഞില്ല." യേശു ഭൂതത്തെ ശാസിച്ചു, ഉടനെ അത് ബാലനെ വിട്ടുപോയി, ആ നിമിഷം തന്നെ അവൻ സുഖം പ്രാപിച്ചു. പിന്നെ ശിഷ്യന്മാർ സ്വകാര്യമായി യേശുവിന്റെ അടുക്കൽ വന്നു: ഞങ്ങൾക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു. യേശു മറുപടി പറഞ്ഞു, “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ. നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോടു: ഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാൽ അതു നീങ്ങും; നിങ്ങൾക്കു ഒന്നും അസാദ്ധ്യമാകയുമില്ല."
നമുക്ക് ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള വിശ്വാസമാണിത്, അവനെ പൂർണ്ണമായും വിശ്വസിക്കുന്ന ഒരു വിശ്വാസം. നമ്മുടെ ജീവിതത്തിലെ പർവ്വതങ്ങളോട് സംസാരിക്കാനും നീങ്ങാൻ അവയോട് കൽപ്പിക്കാനും അവൻ ആഗ്രഹിക്കുന്നു, അവ നീങ്ങും. മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കായി വളരെയധികം പരിശ്രമിക്കുന്നത് നാം എത്ര തവണ കണ്ടിട്ടുണ്ട്? അവർ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, അവരുടെ വിദ്യാഭ്യാസത്തിന് പണം നൽകാനും, അവരെ വളർത്താനും, നന്നായി പഠിപ്പിക്കാനും അവർ കഠിനമായി പരിശ്രമിക്കുന്നു. എന്നാൽ ഇതിനെല്ലാം ശേഷം, കുട്ടി മോശമായി പെരുമാറുകയോ പരീക്ഷയിൽ പരാജയപ്പെടുകയോ ചെയ്യുമ്പോൾ, മാതാപിതാക്കൾക്ക് ഹൃദയം തകരുന്നു, "ഞാൻ എൻ്റെ കുട്ടിയെ നന്നായി പരിശീലിപ്പിച്ചു, ഞാൻ എല്ലാം പഠിപ്പിച്ചു - എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്?" എന്ന് ചിന്തിക്കുന്നു.
അതുപോലെ, എന്റെ പ്രിയ സുഹൃത്തേ, യേശുവിനും ഇത് അനുഭവപ്പെട്ടിരിക്കാം. "ഞാൻ അവർക്ക് ഒരുപാട് അത്ഭുതങ്ങൾ കാണിച്ചുകൊടുത്തു, അവർക്കറിയേണ്ടതെല്ലാം പഠിപ്പിച്ചു, എല്ലാവിധത്തിലും അവരെ സജ്ജീകരിച്ചു — എന്നാൽ എന്തുകൊണ്ട് അവർ വിശ്വസിക്കുന്നില്ല?" കടുകുമണിയോളം ചെറിയ വിശ്വാസമെങ്കിലും വേണമെന്നാണ് ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. നിങ്ങളുടെ മുൻപിൽ, മാറ്റാൻ അസാധ്യമെന്നു തോന്നുന്ന സാഹചര്യങ്ങൾ ഉണ്ടാകാം — സുഖപ്പെടാത്ത ഒരു രോഗം, പിടികിട്ടാത്ത ജോലി, കാലതാമസം നേരിടുന്ന ഒരു സ്ഥലം മാറ്റം, വന്നിട്ടില്ലാത്ത ഒരു അംഗീകാരം അല്ലെങ്കിൽ നിങ്ങൾക്ക് ഇതുവരെ കാണാൻ കഴിയാത്ത ഭാവി പങ്കാളി. എന്നാൽ നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ പോലും, നിങ്ങളുടെ ജീവിതത്തിലെ ഈ മലകൾ നീങ്ങും. നിങ്ങൾ കാത്തിരിക്കുന്നത് നിങ്ങൾക്ക് ലഭിക്കുകയും നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ അനുഭവപ്പെടുകയും ചെയ്യും.
ഇന്ന്, നാം പ്രാർത്ഥിക്കുമ്പോൾ, അചഞ്ചലമായ വിശ്വാസത്തോടെ, നമ്മുടെ ഹൃദയങ്ങളിൽ സംശയമോ ചോദ്യങ്ങളോ ഇല്ലാതെ, യേശുവിൻ്റെ ശക്തിയിൽ ഉറച്ച വിശ്വാസത്തോടെ പ്രാർത്ഥിക്കാം. നമ്മുടെ ജീവിതത്തിലെ പർവ്വതങ്ങൾ നീങ്ങും. നമ്മുടെ ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് വിശ്വസിച്ചുകൊണ്ട് നമുക്ക് ഇപ്പോൾ ഈ വിശ്വാസത്തോടെ പ്രാർത്ഥിക്കാം!
PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ ബലമുള്ള ശക്തിയിൽ ആശ്രയിച്ചുകൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ഞാൻ ഇന്ന് അങ്ങയുടെ സന്നിധിയിൽ വരുന്നു. എൻ്റെ വിശ്വാസം കടുകുമണി പോലെ ചെറുതാണെങ്കിലും അങ്ങേക്ക് ഒന്നും അസാധ്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. എൻ്റെ ജീവിതത്തിലെ പർവതങ്ങളും, ഞാൻ നേരിടുന്ന കാലതാമസങ്ങളും അനിശ്ചിതത്വങ്ങളും അങ്ങ് കാണുന്നു, അങ്ങയുടെ ദൈവിക ഇടപെടലിനായി ഞാൻ അപേക്ഷിക്കുന്നു. കർത്താവേ, ഈ പർവതങ്ങളെ നീക്കുകയും എൻ്റെ ജീവിതത്തിലേക്ക് രോഗശാന്തിയും കരുതലും അത്ഭുതങ്ങളും കൊണ്ടുവരികയും ചെയ്യേണമേ. അങ്ങയുടെ സ്നേഹത്തെയോ വാഗ്‌ദത്തങ്ങളെയോ ഞാൻ ഒരിക്കലും സംശയിക്കാതിരിക്കാൻ എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തേണമേ. ഞാൻ ചോദിക്കുന്നതിലും നിനെക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ അങ്ങേക്ക് കഴിയുമെന്ന് അറിഞ്ഞുകൊണ്ട്, എൻ്റെ എല്ലാ ആശങ്കകളും ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ കൃപയ്ക്കും ശക്തിക്കും നന്ദി, കാരണം അങ്ങിൽ എല്ലാം സാധ്യമാണ്. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.