എന്റെ സുഹൃത്തേ, യേശു പറഞ്ഞു, “നിങ്ങൾ ഇച്ഛിക്കുന്നതു എന്തെങ്കിലും അപേക്ഷിപ്പിൻ; അതു നിങ്ങൾക്കു കിട്ടും” (യോഹന്നാൻ 15: 7). അതനുസരിച്ച്, നിങ്ങളുടെ ആശകൾ നിറവേറ്റാനും നിങ്ങളുടെ ഹൃദയത്തിൻ്റെ ആഗ്രഹങ്ങൾ നൽകാനും കർത്താവ് ആഗ്രഹിക്കുന്നു. സങ്കീർത്തനം 20:4-ൽ വേദപുസ്തകം പറയുന്നതുപോലെ, "നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ." എന്നാൽ നാം ആഗ്രഹിക്കുന്നതെന്തും അവൻ എപ്പോഴാണ് ചെയ്യുന്നത്? നാം യേശുവിൽ വസിക്കുകയും അവന്റെ വചനങ്ങൾ നമ്മിൽ നിലനിൽക്കുകയും ചെയ്യുമ്പോഴാണ് അത് സംഭവിക്കുന്നത്. അപ്പോൾ, നാം  അപേക്ഷിക്കുന്നതുപോലെ, നമ്മുടെ അപേക്ഷകൾ ദൈവഹിതവുമായി യോജിക്കുന്നതിനാൽ യേശു നമുക്കുവേണ്ടി അത് ചെയ്യും. ദൈവഹിതമനുസരിച്ച് ജീവിക്കുമ്പോൾ നമുക്ക് നിത്യജീവൻ ലഭിക്കും.

എന്നിരുന്നാലും, പിശാചിൻ്റെയോ ലോകത്തിൻ്റെയോ സ്വന്തം സ്വാർത്ഥ മോഹങ്ങളുടെയോ ഇഷ്ടം പിന്തുടർന്ന് നാം ദൈവഹിതത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ നാം നമ്മുടെമേൽ തന്നെ നാശം വരുത്തുന്നു. ദൈവമില്ലാതെ നാം നശിക്കുകയും മുടിഞ്ഞുപോകുകയും ചെയ്യുന്നു. പ്രശസ്തിയിലും വിജയത്തിലും അഭിമാനത്തിലും വലിയ ഉയരങ്ങൾ കൈവരിക്കുന്ന നിരവധി ആളുകൾ ലോകത്തിൽ താരങ്ങളായി ഉയരുന്നത് നാം കാണുന്നു. എന്നിട്ടും, അവർ തങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുമ്പോൾ, ദൈവമില്ലാതെ, അവർ തങ്ങളുടെ വിജയം നിലനിർത്താൻ പാടുപെടുന്നു. പലരും വീഴുന്നു. ചിലർ വിഷാദത്തോട് പോരാടുന്നു, ചിലർ മയക്കുമരുന്നിലേക്ക് തിരിയുന്നു, ചിലർക്ക് എല്ലാം നഷ്ടപ്പെടുന്നു, നിർഭാഗ്യകരമെന്നു പറയട്ടെ, ചിലർ സ്വന്തം ജീവൻ പോലും കളയുന്നു. എന്നാൽ നാം യേശുവിൽ തുടരുകയും നമ്മുടെ ജീവിതത്തെ അവന്റെ വചനവുമായി യോജിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, അവൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കും. നാം യാചിക്കുന്നതെന്തും അവൻ നമുക്കുവേണ്ടി ചെയ്യും, കാരണം നമ്മുടെ ആഗ്രഹങ്ങൾ അവന്റെ പരിപൂർണ്ണ ഹിതത്താൽ രൂപപ്പെടുന്നതായിരിക്കും. കർത്താവ് നിങ്ങൾക്കുവേണ്ടി അത് ചെയ്യും! അത്ഭുതകരമായി, അവൻ ജോലിയും വീടും സമാധാനവും സമൃദ്ധിയും നൽകും. നിങ്ങളുടെ പഠനത്തിലും അഭിമുഖങ്ങളിലും ബിസിനസ്സിലും ശുശ്രൂഷയിലും നിങ്ങളുടെ കൃഷിയിലും പോലും അവൻ നിങ്ങളെ ഉയർത്തും. ഇന്ന്, ഈ ദിവ്യമായ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ദൈവത്തിൻ്റെ കരം നിങ്ങളുടെ മേൽ വരുന്നു.

ട്രിച്ചിയിൽ നിന്നുള്ള റെബേക്ക, ദൈവത്തിൻറെ വിശ്വസ്തതയെക്കുറിച്ചുള്ള ശക്തമായ ഒരു സാക്ഷ്യം പങ്കുവെച്ചു. അവരുടെ ഭർത്താവായ ഇസ്രായേൽ ഒരു സ്വകാര്യ കോളേജിൽ പ്രൊഫസറായി ജോലി ചെയ്തിരുന്നുവെങ്കിലും സഹപ്രവർത്തകരുടെ അസൂയ കാരണം അവിടെ നിന്ന്  പോകാൻ നിർബന്ധിതനായി. ഒരു പുതിയ ജോലി കണ്ടെത്താൻ അദ്ദേഹം പാടുപെട്ടു, അദ്ദേഹത്തിന് വാഗ്ദാനം ചെയ്ത ശമ്പളം മുമ്പ് സമ്പാദിച്ചതിനേക്കാൾ വളരെ കുറവായിരുന്നു. എന്നിരുന്നാലും, ഒരിക്കൽ ഉണ്ടായിരുന്ന അതേ ശമ്പളം ലഭിക്കണമെന്ന പുന:സ്ഥാപനത്തിനുള്ള ആഗ്രഹം അദ്ദേഹം മുറുകെപ്പിടിച്ചു.

ഈ ദുഷ്കരമായ സമയത്ത്, അവർ ട്രിച്ചിയിലെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലെ ഒരു പ്രാർത്ഥനാ സെഷനിൽ പങ്കെടുത്തു. അവിടെവെച്ച് ആവർത്തനപുസ്തകം 1:11-ൽനിന്ന് ദൈവം അവരെ ആയിരം ഇരട്ടിയായി അനുഗ്രഹിക്കുമെന്ന ഒരു പ്രാവചനികവാക്ക് അവർക്ക് ലഭിച്ചു. ഈ വാഗ്‌ദത്തത്തിൽ ഉറച്ചുനിന്നുകൊണ്ട് ഇസ്രായേൽ പ്രാർത്ഥനയ്ക്കായി എനിക്ക് കത്തെഴുതി, ദൈവം ശരിയായ ജോലി നൽകുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകി. താമസിയാതെ അദ്ദേഹം ഒരു സ്കൂളിൽ ഒരു അഭിമുഖത്തിൽ പങ്കെടുത്തു. അത്ഭുതകരമായി, അദ്ദേഹത്തിന് നഷ്ടപ്പെട്ട അതേ ശമ്പളം തന്നെ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടു! ദൈവത്തിൻറെ വചനം പ്രാവർത്തികമാവുകയും അവരുടെ കുടുംബം അവന്റെ സമൃദ്ധമായ അനുഗ്രഹം അനുഭവിക്കുകയും ചെയ്തു. എൻ്റെ സുഹൃത്തേ, ദൈവം അവർക്കുവേണ്ടി ചെയ്തതുപോലെ, അവൻ നിങ്ങൾക്കുവേണ്ടിയും ചെയ്യും! യേശുവിൽ വസിക്കുക, അവൻ നിങ്ങളെ അളവറ്റ രീതിയിൽ അനുഗ്രഹിക്കും.

PRAYER:
പ്രിയ കർത്താവേ, എന്റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള അങ്ങയുടെ വാഗ്‌ദത്തത്തിന് ഞാൻ നന്ദി പറയുന്നു. അങ്ങിൽ വസിക്കാനും അങ്ങയുടെ വചനങ്ങൾ എന്നിൽ വസിക്കാനും എന്നെ സഹായിക്കണമേ. എൻറെ പ്രാർത്ഥനകൾ അങ്ങയുടെ ഹൃദയത്തിൽ ആനന്ദം കൊണ്ടുവരുന്നതിന് എൻറെ ഹൃദയത്തെ അങ്ങയുടെ പരിപൂർണ്ണ ഹിതവുമായി യോജിപ്പിക്കേണമേ. ലോകത്തിന്റെ വഴികളിലേക്കോ എന്റെ സ്വന്തം ആഗ്രഹങ്ങളിലേക്കോ ശത്രുവിന്റെ പദ്ധതികളിലേക്കോ വഴിതെറ്റി പോകുന്നതിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ. അങ്ങിൽ എനിക്കു നിത്യജീവൻ ഉണ്ടെന്നു അറിഞ്ഞുകൊണ്ട് എല്ലാറ്റിലും ഉപരി ഞാൻ അങ്ങയെ അന്വേഷിക്കട്ടെ. അങ്ങയുടെ കൈ എന്റെമേൽ പതിക്കുകയും എന്റെ ജീവിതത്തിൽ സമാധാനവും സമൃദ്ധിയും ദൈവകൃപയും കൊണ്ടുവരികയും ചെയ്യട്ടെ. ഞാൻ അങ്ങിൽ നിലനിൽക്കുമ്പോൾ, അങ്ങയുടെ സ്നേഹനിർഭരമായ കൈകളാൽ ഞാൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ എന്നെത്തന്നെ അങ്ങയ്ക്ക് പൂർണ്ണമായും സമർപ്പിക്കുന്നു. യേശുവിൻ്റെ  നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.