എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു! ഇന്ന് നമുക്ക് സങ്കീർത്തനം 3:5 ധ്യാനിക്കാം. അത് ഇപ്രകാരം പറയുന്നു, “ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.” ദൈവത്തിൽ നമുക്കുള്ള പ്രത്യാശയെ കുറിച്ച് നമ്മെ ഓർമിപ്പിക്കുന്ന എത്ര ശക്തമായ വാക്യം.

ഈ ലോകത്തിൻ്റെ ആകുലതകളാലും ഉത്കണ്ഠകളാലും ഭാരപ്പെട്ട് പലരും സമാധാനമില്ലാതെ ഉറങ്ങാൻ പോകുന്നു. എന്നാൽ എൻ്റെ പ്രിയ സുഹൃത്തേ, നിങ്ങൾക്ക് അമിതഭാരം അനുഭവപ്പെടുമ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യമുണ്ട് - ഞാനും ഭർത്താവും ശുശ്രൂഷയിലെ ഞങ്ങളുടെ സ്വന്തം അനുഭവങ്ങളിലൂടെ പഠിച്ച ചിലത്. ശുശ്രൂഷയിൽ ഞങ്ങൾക്ക് നിരവധി വെല്ലുവിളികളും പരീക്ഷണങ്ങളും നേരിട്ടു, എന്നാൽ ആ വിഷമ  നിമിഷങ്ങളിൽ ഞങ്ങൾ ഒരു കാര്യം ചെയ്തു: ഞങ്ങൾ മുട്ടുകുത്തി പ്രാർത്ഥിച്ചു. സമയം 11 മണിയോ, 2 മണിയോ, 3 മണിയോ ആകട്ടെ - ഞങ്ങളുടെ ഹൃദയം അസ്വസ്ഥമാകുമ്പോൾ, പ്രാർത്ഥനയിൽ കർത്താവിനോട് നിലവിളിക്കുന്നത് വരെ ഞങ്ങൾ ഉറങ്ങാൻ ശ്രമിച്ചില്ല.

നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: മുട്ടുകുത്തി പ്രാർത്ഥിക്കുക, നിങ്ങളുടെ ഹൃദയം ദൈവത്തിങ്കലേക്ക് പകരുക. കർത്താവ് എല്ലാ സമയത്തും - പകലും രാത്രിയും - നിങ്ങളെ കേൾക്കുന്നു, അവൻ എപ്പോഴും കേൾക്കാൻ തയ്യാറാണ്. അതാണ് നമ്മുടെ ദൈവത്തിൻ്റെ മഹത്വം. നിങ്ങൾ അവനോട് നിലവിളിക്കുമ്പോൾ അവൻ നിങ്ങളെ താങ്ങും. സങ്കീർത്തനം 18:35 ഉം 63:8 ഉം പ്രഖ്യാപിക്കുന്നതുപോലെ, "നിന്റെ വലങ്കൈ എന്നെ താങ്ങി." നമ്മെ താങ്ങിനിർത്താൻ ദൈവത്തിൻ്റെ ശക്തമായ കരം എപ്പോഴും ഉണ്ടായിരിക്കുമെന്ന്,  സങ്കീർത്തനക്കാരന്  അറിയാമായിരുന്നു. സങ്കീർത്തനം 145:14 നമ്മെ ഇപ്രകാരം ഓർമ്മിപ്പിക്കുന്നു, "വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു." എന്റെ സുഹൃത്തേ, ഇരുണ്ട സമയങ്ങളിൽ പോലും നിങ്ങളെ ഉയർത്താൻ ദൈവം അവിടെയുണ്ട്.

എന്നാൽ നിങ്ങൾ ചെയ്യേണ്ട ഒരു കാര്യമുണ്ട് : അവന്റെ സാന്നിധ്യത്തിൽ വസിക്കുക. സങ്കീർത്തനം 91:1 പ്രകാരം, 'അത്യുന്നതന്റെ മറവിൽ വസിക്കുന്നവൻ സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കും.' നിങ്ങൾ ദൈവത്തെ നിങ്ങളുടെ സങ്കേതമാക്കുമ്പോൾ, അവൻ നിങ്ങളെ നിലനിർത്തുകയും വിടുവിക്കുകയും അവൻ്റെ സമാധാനം നൽകുകയും ചെയ്യും. അപ്പോൾ നിങ്ങൾ അവൻ്റെ കരങ്ങളിൽ സുരക്ഷിതരാണെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് സമാധാനത്തോടെ വിശ്രമിക്കാം.

എൻ്റെ സുഹൃത്തേ, നിങ്ങളുടെ ഹൃദയത്തിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ? രാത്രിയിൽ വിശ്രമം കണ്ടെത്താൻ നിങ്ങൾ പാടുപെടുകയാണോ? കർത്താവിനെ മുറുകെ പിടിച്ച് പ്രാർത്ഥിക്കുക. അവൻ നിങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കുകയും അവൻ്റെ പൂർണ്ണമായ സമാധാനം നിങ്ങൾക്ക് നൽകുകയും ചെയ്യും.  

PRAYER:
വിലയേറിയ സ്വർഗ്ഗീയ പിതാവേ, എന്നെ താങ്ങുന്ന എൻ്റെ ദൈവമായതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എൻ്റെ എല്ലാ ഭാരങ്ങളും അങ്ങയുടെ മേൽ വയ്ക്കാമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കർത്താവേ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിൽ ആശ്രയിക്കുകയല്ലാതെ മറ്റൊന്നിനെക്കുറിച്ചും വിഷമിക്കാതിരിക്കാനും ഉത്കണ്ഠപ്പെടാതിരിക്കാനും എന്നെ സഹായിക്കേണമേ. ഇപ്പോൾ തന്നെ, എല്ലാ സാഹചര്യങ്ങളിലും ആദ്യം അങ്ങയെ അന്വേഷിക്കുന്നതിന് എന്നെ നയിക്കുന്ന അങ്ങ് എല്ലായ്പ്പോഴും എന്റെ മുൻഗണനയായിരിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ ആശങ്കകൾ മറ്റാരുമായും പങ്കുവെക്കുന്നതിന് മുമ്പ് പ്രാർത്ഥനയിൽ അങ്ങിലേക്ക് കൊണ്ടുവരാൻ എന്നെ സഹായിക്കേണമേ, കാരണം അങ്ങിൽ മാത്രമാണ് ഞാൻ യഥാർത്ഥ വിശ്രമവും എൻ്റെ പ്രശ്നങ്ങൾക്കുള്ള സമ്പൂർണ്ണ പരിഹാരവും കണ്ടെത്തുന്നത്. അങ്ങയുടെ ശക്തമായ വലങ്കൈ എന്നെ ഉയർത്തിപ്പിടിക്കട്ടെ, എല്ലാ സാഹചര്യങ്ങളിലും ഞാൻ ശക്തവും ശാന്തവുമായി തുടരട്ടെ, അങ്ങയുടെ കൃപയിലൂടെ ഒരു വിജയിയാകട്ടെ. അങ്ങയുടെ സമാധാനത്താൽ എന്നെ നിറയ്ക്കുകയും, എനിക്ക് സ്വസ്ഥമായ ഉറക്കം നൽകുകയും ചെയ്യേണമേ. എന്നെ രക്ഷിക്കാനും എന്നെ മാനിക്കാനും, അങ്ങ് എന്നോടൊപ്പമുണ്ടെന്ന് പൂർണ്ണമായി വിശ്വസിക്കുന്നു. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.