എൻ്റെ പ്രിയ സുഹൃത്തേ, നിങ്ങൾ യേശുവിൻ്റേതാണ്! ഇന്നത്തെ മനോഹരമായ വാഗ്ദത്തം II കൊരിന്ത്യർ 1:22-ൽ കാണാം, “ക്രിസ്തു യേശു നമ്മെ മുദ്രയിട്ടും ആത്മാവു എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളിൽ തന്നുമിരിക്കുന്നു.” അതെ, നിങ്ങളും ഞാനും യേശുവിന്റെ ഉടമസ്ഥരാണ്!
ഈ ദൈവിക ഉടമസ്ഥതയുടെ അടയാളമെന്ന നിലയിൽ, വരാനിരിക്കുന്ന കാര്യങ്ങൾ ഉറപ്പുനൽകുന്ന ഒരു നിക്ഷേപമായി അവൻ തൻ്റെ ആത്മാവിനെ, പരിശുദ്ധാത്മാവിനെ നമ്മുടെ ഹൃദയത്തിൽ സ്ഥാപിച്ചിരിക്കുന്നു. ദൈവത്തിൻ്റെ ആത്മാവ് നമ്മുടെ ഉള്ളിലെ ദൈവിക നിക്ഷേപമാണ്. അവൻ നമ്മുടെ ഹൃദയങ്ങളിൽ വസിക്കുന്നതിനാൽ, നമ്മുടെ ശരീരം പരിശുദ്ധാത്മാവിൻ്റെ ആലയമായിത്തീരുന്നു, അവനിലൂടെ ദൈവം തൻ്റെ മുദ്ര നമ്മുടെമേൽ സ്ഥാപിച്ചിരിക്കുന്നു. ഇന്ന്, നിങ്ങളുടെ ഹൃദയം ഉയർത്തി യേശുവിനോട് നിലവിളിക്കുക, "കർത്താവേ, എന്നെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ! അങ്ങയുടെ ആത്മാവ് എന്നിൽ വസിക്കട്ടെ, എൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ നിക്ഷേപം ആകട്ടെ." അതെ, പരിശുദ്ധാത്മാവ് നമ്മിലുള്ള ദൈവത്തിൻ്റെ വിലയേറിയ നിക്ഷേപമാണ്!
പഴയ കാലത്ത്, സ്വർണം തേടി, യാത്രക്കാർ നദീതീരങ്ങളിലൂടെ വളരെ ദൂരം യാത്ര ചെയ്യുമായിരുന്നു. മലകളിലെ വിള്ളലുകളിലും പാറകളിലും ഒളിഞ്ഞിരിക്കുന്ന സ്വർണ്ണം, നദികൾ വഴി ചെറിയ ചെറിയ നിക്ഷേപങ്ങളായി താഴേക്ക് ഒഴുകിവരും. ഈ അന്വേഷകർ ക്ഷമാപൂർവം ചെറിയ സ്വർണ്ണക്കഷണങ്ങൾ ശേഖരിക്കുകയും ശ്രദ്ധാപൂർവ്വം ബാഗുകളിൽ വയ്ക്കുകയും ചെയ്യും. ഈ നിധികൾ അവർ തോളിൽ ചുമന്ന് അടുത്തുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകുമ്പോൾ, ആളുകൾ അസാധാരണമായ ഒരു കാര്യം ശ്രദ്ധിക്കും. അവർ പറയും, "നിങ്ങൾ സ്വർണം കണ്ടെത്തിയിരിക്കുന്നു!' ആശ്ചര്യത്തോടെ, യാത്രക്കാർ ചോദിക്കും, "നിങ്ങൾക്ക് എങ്ങനെ അറിയാം?" ഗ്രാമവാസികൾ പുഞ്ചിരിച്ച് ഇങ്ങനെ മറുപടി നൽകും: "നിങ്ങളുടെ മുഖത്തേക്ക് നോക്കൂ! നിങ്ങൾ സ്വർണ്ണം പോലെ തിളങ്ങുന്നു." അവരറിയാതെ തന്നെ ആ സ്വർണ്ണനിക്ഷേപങ്ങൾ ശേഖരിക്കുമ്പോൾ അവരുടെ മുഖങ്ങൾ അതിൻ്റെ തേജസ്സും പ്രഭയും ഉൾക്കൊണ്ടിരുന്നു.
എന്റെ സുഹൃത്തേ, ഇന്ന് നിങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ നിക്ഷേപം ലഭിച്ചിരിക്കുന്നു! യേശുവിന്റെ മുദ്ര നിങ്ങളുടെ മേൽ ഉണ്ട്. നിങ്ങളുടെ മുഖം അവൻറെ സാന്നിധ്യത്താൽ പ്രകാശിക്കുന്നു! അവനെ സന്തോഷത്തോടെ വഹിക്കുക, കാരണം യേശുവിലുള്ള എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടേതാണ്. അവൻറെ ദിവ്യ തേജസ്സ് നിങ്ങളിലൂടെ പ്രകാശിക്കുകയും നിങ്ങളുടെ ജീവിതത്തെ പ്രകാശപൂരിതമാക്കുകയും ചെയ്യും.
ചെന്നൈയിൽ നിന്നുള്ള രാജ് പോൾ മോസസ് തൻ്റെ ശക്തമായ സാക്ഷ്യം പങ്കുവയ്ക്കുന്നു: "എനിക്ക് എന്റെ ഇളയ സഹോദരനെ നഷ്ടപ്പെട്ടു, കൂടാതെ എനിക്ക് ജോലിയും നഷ്ടപ്പെട്ടു. ഞാൻ വിഷാദത്താൽ വലഞ്ഞു, പക്ഷേ ആരോ എന്നെ യേശു വിളിക്കുന്നു പ്രാർത്ഥനാ ഗോപുരത്തിലേക്ക് കൊണ്ടുവന്നു. പ്രാർത്ഥന മധ്യസ്ഥർ എനിക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അഗാധമായ സമാധാനം എന്റെ ഹൃദയത്തിൽ നിറഞ്ഞു. ഞാൻ യേശു വിളിക്കുന്നു പരിപാടികൾ കാണാൻ തുടങ്ങി, എന്റെ ഭാവിക്കായി അവനെ വിശ്വസിച്ചുകൊണ്ട് ഞാൻ എന്റെ ജീവിതം യേശുവിന് സമർപ്പിച്ചു. ഒരു ദിവസം, ഡോ. പോളിൻറെ സന്ദേശം കേൾക്കുമ്പോൾ, പ്രാർത്ഥനയിലൂടെ അനുഗ്രഹങ്ങൾ നേടുന്നതിനെക്കുറിച്ച് അദ്ദേഹം അതിൽ സംസാരിച്ചിരുന്നു. താമസിയാതെ, ഞാൻ ഒരു തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു. ഞാൻ അദ്ദേഹത്തിൻറെ വാക്കുകൾ ഓർക്കുകയും പ്രാർത്ഥിക്കുകയും ദൈവത്തോട് ഒരു പ്രതിജ്ഞ ചെയ്യുകയും ചെയ്തു, 'കർത്താവേ, അങ്ങ് എനിക്ക് ഈ ജോലി നൽകിയാൽ, മറ്റുള്ളവർ അനുഗ്രഹിക്കപ്പെടുന്നതിനായി ഞാൻ എൻറെ ആദ്യ മാസത്തെ ശമ്പളം യേശു വിളിക്കുന്നു ശുശ്രൂഷകൾക്കായി സമർപ്പിക്കാം.' ദൈവകൃപയാൽ ഞാൻ ആ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടു! എൻ്റെ ജീവിതം അഭിവൃദ്ധി പ്രാപിക്കാൻ തുടങ്ങി. ഇന്ന് ദൈവം എനിക്ക് സ്നേഹനിധിയായ ഭാര്യയെയും സുന്ദരിയായ ഒരു മകളെയും നൽകി അനുഗ്രഹിച്ചിരിക്കുന്നു. ഞാനും യേശു വിളിക്കുന്നു അംബാസഡേഴ്‌സ് മീറ്റിംഗിൽ പങ്കെടുത്തു, അവിടെ ദൈവം എന്നെ പരിശുദ്ധാത്മാവിൽ നിറച്ചു. ഇപ്പോൾ, ഞാൻ യേശു വിളിക്കുന്നു ശുശ്രൂഷകളുടെ സേവനത്തിലൂടെ കർത്താവിനെ സേവിക്കുന്നു, എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു!" എന്റെ പ്രിയ സുഹൃത്തേ, ദൈവം രാജ് പോൾ മോസസിനെ അനുഗ്രഹിച്ചതുപോലെ, അവൻ നിങ്ങളെയും അനുഗ്രഹിക്കും! ദൈവം തന്റെ മുദ്ര നിങ്ങളുടെമേൽ വച്ചിരിക്കുന്നു; പരിശുദ്ധാത്മാവിന്റെ നിക്ഷേപം നിങ്ങളുടെ ഉള്ളിൽ ഇരിക്കുന്നു. യേശുവിനോടൊപ്പം ശോഭിക്കുക!
PRAYER:
പ്രിയ സ്വർഗ്ഗീയപിതാവേ, അങ്ങയുടെ മുദ്ര എന്നിൽ സ്ഥാപിച്ചതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു.അങ്ങയുടെ പരിശുദ്ധാത്മാവിനെ ഒരു ദൈവിക നിക്ഷേപമായി എൻ്റെ ഹൃദയത്തിൽ സ്ഥാപിച്ചതിന് നന്ദി. കർത്താവേ, ഞാൻ എന്നെത്തന്നെ പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ സാന്നിധ്യം വസിക്കുകയും പ്രകാശിക്കുകയും ചെയ്യുന്ന ഒരു ആലയമായിരിക്കട്ടെ എൻറെ ജീവിതം. അത് കണ്ടെത്തുന്നവരുടെമേൽ സ്വർണ്ണം പ്രകാശിക്കുന്നതുപോലെ അങ്ങയുടെ മഹത്വം എന്നിലൂടെ പ്രകാശിക്കട്ടെ. ഞാൻ പോകുന്നിടത്തെല്ലാം എൻറെ മുഖവും എൻറെ ജീവിതവും അങ്ങയുടെ സാന്നിധ്യത്തെ പ്രതിഫലിപ്പിക്കട്ടെ. യേശുവിനെ സന്തോഷത്തോടെ വഹിക്കാനും അവന്റെ അനുഗ്രഹങ്ങൾ മറ്റുള്ളവരുമായി പങ്കിടാനും എന്നെ സഹായിക്കേണമേ. അങ്ങയുടെ എല്ലാ അനുഗ്രഹങ്ങളും ക്രിസ്തുയേശുവിൽ എനിക്കുള്ളതാണെന്ന വാഗ്‌ദത്തത്തിൽ ഞാൻ സന്തോഷിക്കുന്നു. കർത്താവേ, ഞാൻ എന്നേക്കും അങ്ങയുടേതാണ്, അങ്ങയുടെ മഹത്വത്തിനായി മുദ്രയിടപ്പെടുകയും നിറയുകയും പ്രകാശിക്കുകയും ചെയ്യുന്നു! യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.