"ഞാൻ എനിക്കും നിനക്കും മധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും" എന്ന് ഉല്പത്തി 17:7-ൽ കർത്താവ് പറയുന്നു. എന്റെ സുഹൃത്തേ, ദൈവം നിങ്ങളെ തന്റെ പൈതലാക്കി മാറ്റാൻ ഒരു നിയമം ചെയ്തിട്ടുണ്ട്, ഒരു നിത്യനിയമം തന്നെ. എന്താണ് ഈ നിയമം? ഇത് പ്രാവുകളുടെയോ കുഞ്ഞാടുകളുടെയോ കാളകളുടെയോ രക്തവുമായല്ല, മറിച്ച് യേശുക്രിസ്തുവിലൂടെ കുരിശിൽ ചൊരിയപ്പെട്ട ദൈവത്തിൻറെ രക്തത്തിലൂടെ ഉണ്ടാക്കിയ നിയമമാണിത്. അതെ, ദൈവം, യേശു എന്ന മനുഷ്യന്റെ രൂപത്തിൽ വന്നു. മറിയ എന്ന കന്യകയുടെ ഗർഭപാത്രത്തിലെ ദൈവത്തിന്റെ വിത്തിൽ നിന്നാണ് അവൻ രൂപപ്പെട്ടത് എന്നതിനാൽ അവന്റെ രക്തം ശുദ്ധമായിരുന്നു. ഒരു മനുഷ്യനും സ്പർശിക്കാത്ത ആ കന്യകയുടെ ഗർഭപാത്രത്തിൽ ദൈവം മാംസമായ യേശുവായി പിറന്നു. അവന്റെ രക്തം ദൈവത്തിൻറെ വിശുദ്ധ രക്തമായിരുന്നു. നിങ്ങളുടെ പാപങ്ങളും എന്റെ പാപങ്ങളും, പാപം കൊണ്ടുവന്ന എല്ലാ ശാപങ്ങളും വഹിച്ചുകൊണ്ട് യേശു കുരിശിലേക്ക് പോയി. നമ്മുടെ പാപമോചനത്തിനായുള്ള ഒരു യാഗമായി അവൻ സ്വയം സമർപ്പിച്ചു. ഇന്ന്, യേശുവിന്റെ രക്തത്താൽ, വിശ്വാസത്തോടെ അവന്റെ അടുക്കൽ വന്ന് അവന്റെ രക്തത്താൽ നമ്മെ കഴുകാൻ അവനോട് അപേക്ഷിക്കുമ്പോൾ, നാം എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കപ്പെടുന്നു.
യേശുവിന്റെ രക്തം അന്വേഷിച്ചു നിങ്ങൾ പോകേണ്ട ആവശ്യമില്ല. അത് ഒരിക്കൽ എന്നെന്നേക്കുമായി ചൊരിയപ്പെട്ടിരിക്കുന്നു. വിശ്വാസത്താൽ നിങ്ങൾ അത് അവകാശപ്പെടേണ്ടതുണ്ട്. "കർത്താവായ യേശുവേ, എന്റെ പാപം ക്ഷമിക്കണമേ. കർത്താവായ യേശുവേ, അങ്ങയുടെ വിശുദ്ധ രക്തത്താൽ എന്നെ കഴുകി എന്റെ ഹൃദയത്തെ ശുദ്ധീകരിക്കണമേ. കർത്താവായ യേശുവേ, എന്റെ പാപ സ്വഭാവം നീക്കേണമേ. കർത്താവേ, എന്നെ ശുദ്ധീകരിക്കണമേ" നിങ്ങൾ ഒരു പാപിയാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട്, നിങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട്, യേശുവിന്റെ രക്തത്തിന്റെ ശുദ്ധീകരണ ശക്തിയിൽ ആശ്രയിച്ചുകൊണ്ട്, ആത്മാർത്ഥമായ ഹൃദയത്തോടെ ഈ പ്രാർത്ഥന ചൊല്ലുക. ഇപ്പോൾ തന്നെ, അവൻ നിങ്ങളെ ശുദ്ധീകരിക്കും. ഇപ്പോൾ തന്നെ, നിങ്ങൾ എവിടെയായിരുന്നാലും, നിങ്ങൾ ഒരു ദൈവപൈതലായിത്തീരും. ദൈവം നിങ്ങളുമായി ചെയ്ത ഉടമ്പടിയാണിത്, അവനും നിങ്ങളും, പിതാവും പൈതലും എന്ന നിലയിൽ പരസ്പരം ബന്ധപ്പെട്ടിരിക്കും. അവന്റെ രക്തം നിങ്ങളിലേക്ക് ഒഴുകി നിങ്ങളെ കഴുകുമ്പോൾ, നിങ്ങൾ പുതിയവരും ശുദ്ധരുമായി മാറും. നിങ്ങൾക്ക് ഈ അനുഗ്രഹം വേണ്ടേ? നിങ്ങൾ എവിടെയായിരുന്നാലും യേശുവിനോട് നിലവിളിക്കുക. നിങ്ങൾക്ക് ഇപ്പോൾ യേശുവിന്റെ പൈതലാകാൻ കഴിയും. ഇത് ഒരു നിത്യ നിയമമാണ്.
അതെ, നാം പ്രലോഭനങ്ങൾ നിറഞ്ഞ ഒരു ലോകത്തിലാണ് ജീവിക്കുന്നത്. ജീവിതത്തിലെ വ്യത്യസ്ത സമയങ്ങളിലാണ് അവ നമ്മുടെ നേരെ വരുന്നത്. എന്നാൽ ഓരോ തവണയും പ്രലോഭനങ്ങൾ വരുമ്പോൾ, കർത്താവ് നിങ്ങളെ "ഞാൻ എന്റെ രക്തം നിങ്ങൾക്കുവേണ്ടി ചൊരിഞ്ഞു" എന്ന് ഓർമ്മിപ്പിക്കും. നിങ്ങൾ നിലവിളിക്കുമ്പോൾ, അവന്റെ രക്തം നിങ്ങൾക്കുവേണ്ടി നല്ല കാര്യങ്ങൾ സംസാരിക്കുകയും നിങ്ങളെ ശക്തിപ്പെടുത്തുകയും പാപത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും. നിങ്ങൾ മുട്ടുകുത്തി, നിങ്ങളെ വീണ്ടും ശുദ്ധീകരിക്കാനും, വിശുദ്ധരായി സൂക്ഷിക്കാനും, വീണ്ടും ആ പാപങ്ങൾ ചെയ്യാതിരിക്കാൻ സഹായിക്കാനും അവനോട് അപേക്ഷിക്കുമ്പോൾ, അവൻ നിങ്ങളെ സഹായിക്കും. യേശുവിന്റെ ആത്മാവായ പരിശുദ്ധാത്മാവ്, നിങ്ങളുടെ ബലഹീനതയിൽ നിങ്ങളെ സഹായിക്കും. അവൻ നിങ്ങളെ സംരക്ഷിക്കും.
അതുകൊണ്ട് ഇന്ന്, യേശുവിനോട് തന്റെ രക്തത്താൽ നിങ്ങളെ കഴുകാൻ അപേക്ഷിക്കുക, യേശുവിന്റെ പരിശുദ്ധാത്മാവിനാൽ നിങ്ങളെ നിറയ്ക്കാൻ അപേക്ഷിക്കുക. അവന്റെ ആത്മാവ് നിങ്ങളെ ദുഷ്ടാത്മാവിന്റെ, പിശാചിന്റെ ദുഷ്ടാത്മാവിന്റെ പ്രലോഭനങ്ങളിൽ നിന്നും ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കും. അതെ, പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും, പക്ഷേ കർത്താവ് പറയുന്നു, "നിന്നോടുള്ള എന്റെ നിയമം ഒരിക്കലും നീങ്ങിപ്പോകില്ല, ഒരിക്കലും ഇളകിപ്പോകില്ല." ദൈവം തന്റെ പ്രിയ പൈതലായി നിങ്ങളെ സൂക്ഷിക്കാൻ നിങ്ങളുമായി ചെയ്ത നിയമമാണിത്. അതിനാൽ യേശുവിന്റെ അടുക്കൽ വരൂ. "പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും" എന്നു കർത്താവ് പറയുന്നു.
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ വിശുദ്ധ രക്തത്താൽ എന്നോടു ഒരു നിത്യ നിയമം ചെയ്തതിന് നന്ദി. ഇന്ന് ഞാൻ എന്റെ പാപങ്ങൾ ഏറ്റുപറഞ്ഞുകൊണ്ട് അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, അങ്ങയുടെ വിലയേറിയ രക്തത്താൽ എന്നെ കഴുകി പുതുക്കിപ്പണിയണമേ. എല്ലാ പാപകരമായ ചിന്തകളിൽ നിന്നും, വാക്കുകളിൽ നിന്നും, പ്രവൃത്തികളിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ. എന്റെ ബലഹീനതയിൽ എന്നെ സഹായിക്കാൻ അങ്ങയുടെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. ദുഷ്ടന്റെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും തന്ത്രങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. പിതാവേ, അങ്ങയുടെ പ്രിയ പൈതലെന്ന നിലയിൽ എന്നെ എന്നേക്കും അങ്ങയോട് ബന്ധിപ്പിക്കണമേ. അങ്ങയുടെ സ്നേഹത്തിന്റെ നിയമം എന്റെ ജീവിതത്തിൽ നിന്ന് ഒരിക്കലും നീക്കം ചെയ്യപ്പെടാതിരിക്കട്ടെ. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.