എൻ്റെ വിലയേറിയ സുഹൃത്തേ, കർത്താവ് ഇന്ന് നിങ്ങളോട് പറയുന്നത് ഇതാണ്. സദൃശവാക്യങ്ങൾ 10:22-ൽ അവൻ്റെ വചനം ഇപ്രകാരം പ്രഖ്യാപിക്കുന്നു, “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.”

കർത്താവ് അബ്രഹാമിനോട് സംസാരിച്ചപ്പോൾ അവൻ ഇങ്ങനെ വാഗ്ദാനം ചെയ്തു, "ഞാൻ നിന്നെ അനുഗ്രഹിക്കും നീ ഒരു അനുഗ്രഹമായിരിക്കും." ആവർത്തനപുസ്‌തകം 7:13-ൽ കർത്താവ് പറയുന്നു, "ഞാൻ നിന്നെ സ്നേഹിച്ചു അനുഗ്രഹിച്ചു വർദ്ധിപ്പിക്കും." ഇതാണ് സുഹൃത്തേ, ദൈവത്തിൻ്റെ ഹൃദയം. മർക്കൊസ് 10:16-ൽ കൊച്ചുകുട്ടികൾ യേശുവിൻ്റെ അടുക്കൽ വന്നപ്പോൾ, "അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു." അതെ, അവൻ അവരെ അനുഗ്രഹിച്ചു. ഇത് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ ഹൃദയമാണ് സുഹൃത്തേ.

സങ്കീർത്തനം 115:12 & 14 പ്രഖ്യാപിക്കുന്നു, “യഹോവ നമ്മെ ഓർത്തിരിക്കുന്നു; അവൻ അനുഗ്രഹിക്കും.... യഹോവ നിങ്ങളെ മേല്ക്കുമേൽ വർദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ!" തീർച്ചയായും, കർത്താവ് നിങ്ങളെയും നിങ്ങളുടെ മക്കളെയും വർദ്ധിപ്പിക്കും. യേശുവിൻ്റെ നാമത്തിൽ അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും, നിങ്ങളുടെ സന്തോഷത്തെ നശിപ്പിക്കാൻ ഒരിക്കലും ഒരു ദുഃഖവും അവൻ അനുവദിക്കുകയുമില്ല. ഇതാണ് നിങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ മനസ്സ്.

നിങ്ങൾ അവനുമായി പങ്കാളിയാകുമ്പോൾ, മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിന് നിങ്ങളുടെ വഴിപാട് നൽകുമ്പോൾ, കർത്താവ് നിങ്ങളെ സമ്പന്നരാക്കും, കാരണം യേശു ഇതിനകം വില നൽകിയിട്ടുണ്ട് (II കൊരിന്ത്യർ 8:9). അവൻ്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു അവൻ ദരിദ്രനായിത്തീർന്നു. എല്ലാ ദിവസവും അവനോട് ഇപ്രകാരം നന്ദി പറയുക, "യേശുവേ, കർത്താവേ, എന്റെ ദാരിദ്ര്യം സ്വയം ഏറ്റെടുത്തതിന് നന്ദി. അങ്ങ് ഇതിനകം ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ എന്നെ സമ്പന്നനാക്കേണമേ. അങ്ങയുടെ കഷ്ടപ്പാടുകളിലൂടെ അങ്ങ് എനിക്ക് നൽകുന്ന അനുഗ്രഹം ഞാൻ സ്വീകരിക്കുന്നു." നിങ്ങൾ ഈ പ്രാർത്ഥന വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ, ദൈവം നിങ്ങൾക്ക് പ്രതിഫലം നൽകുകയും നിങ്ങളെ സമ്പന്നരാക്കുകയും ചെയ്യും. നിങ്ങൾ അവനെ സ്നേഹിക്കുകയും അവൻ്റെ ശുശ്രൂഷയ്ക്ക് സമർപ്പിക്കുകയും ചെയ്യുമ്പോൾ, ഒരു ദുഃഖവും നിങ്ങളെ സ്പർശിക്കില്ലെന്ന് ദൈവം ഉറപ്പാക്കും. ഈ അനുഗ്രഹങ്ങൾ നിങ്ങൾ ഭാരമില്ലാതെ ആസ്വദിക്കും. ഈ കൃപ നിങ്ങളുടെ മേൽ ഒഴുകട്ടെ.

കോയമ്പത്തൂരിൽ നിന്നുള്ള സഹോദരി. മേരി ക്രിസ്റ്റീന തൻ്റെ ശക്തമായ സാക്ഷ്യം പങ്കുവെച്ചു. അവൾക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു, ഒരു മകനും ഒരു മകളും. അവളുടെ ഭർത്താവ് ഒരു തേയിലത്തോട്ടത്തിൽ ജോലി ചെയ്യുകയും ശ്വാസംമുട്ടൽ മൂലം ബുദ്ധിമുട്ടുകയും ചെയ്തു, ജോലി ചെയ്യാൻ കഴിയാതെ വന്നതിനാൽ അവർക്ക് വരുമാനമില്ലാതായി. മേരിക്ക് അൾസർ ബാധിച്ചതിനാൽ അവൾക്ക് ഭക്ഷണം കഴിക്കാനോ ജോലി ചെയ്യാനോ കഴിയാതെയായി. എന്നാൽ അവളുടെ ഈ ആവശ്യത്തിൽ, അവൾ ഒരു യേശു വിളിക്കുന്നു യോഗത്തിൽ പങ്കെടുത്തു, പ്രാർത്ഥന സമയത്ത്, ഞാൻ പറഞ്ഞു, “ഇപ്പോൾ പരിശുദ്ധാത്മാവ് പറയുന്നു, എല്ലാ ബലഹീനതകളും യേശുവിൻ്റെ നാമത്തിൽ അപ്രത്യക്ഷമാകുന്നു. പരിശുദ്ധാത്മാവിൻ്റെ ശക്തി നിങ്ങളുടെ മേൽ വരുന്നു.” തൽക്ഷണം, പരിശുദ്ധാത്മാവ് അവളെ സ്പർശിച്ചു, അവളുടെ എല്ലാ ബലഹീനതകളും അപ്രത്യക്ഷമായി. അവൾ സാക്ഷ്യപ്പെടുത്താൻ മുന്നോട്ട് വന്നു, ഞാൻ അവളെക്കുറിച്ച് പ്രവചനമായി, "ദൈവം നിങ്ങളുടെ സാമ്പത്തിക ഭാരം നീക്കുന്നു" എന്ന് പ്രഖ്യാപിച്ചു.

പണം വളരെ കുറവാണെങ്കിലും അവൾ തന്റെ രണ്ട് മക്കളെയും ബാലജന പങ്കാളിത്ത പദ്ധതിയിൽ ചേർത്തു. അത്ഭുതകരമായി, അവളുടെ അമ്മയും സഹോദരിയും മകളുടെ വിദ്യാഭ്യാസത്തിന് പണം നൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് അവൾ യേശു വിളിക്കുന്നു അംബാസഡറായി, മറ്റുള്ളവരെ ശുശ്രൂഷയിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. പിന്നീട്, അവളുടെ തൊഴിലുടമ പറഞ്ഞു, "നിങ്ങളുടെ മകളുടെ വിദ്യാഭ്യാസത്തിൻ്റെ ബില്ലുകൾ ഞാൻ അടയ്ക്കാം." ഇന്ന്, അവളുടെ മകൾ വിവാഹിതയായി,  സന്തോഷത്തോടെ അമേരിക്കയിൽ സ്ഥിരതാമസമാക്കി. മകൻ കാരുണ്യ യൂണിവേഴ്സിറ്റിയിൽ ബി. കോം പൂർത്തിയാക്കി ഇപ്പോൾ ബൈബിൾ കോളേജിലാണ്. ദൈവം അവരെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. തീർച്ചയായും, കർത്താവിൻ്റെ അനുഗ്രഹം ഒരുവനെ സമ്പന്നനാക്കുന്നു, അവൻ അതിൽ ദുഃഖമൊന്നും ചേർക്കുന്നില്ല. എൻ്റെ സുഹൃത്തേ, ദുഃഖരഹിതമായ സമ്പത്തിൻ്റെ ഈ അനുഗ്രഹത്താൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, അനുഗ്രഹത്തിൻ്റെയും സമൃദ്ധിയുടെയും വാഗ്‌ദത്തങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് നന്ദിയുള്ള ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവിൻ്റെ അനുഗ്രഹം ഒരുവനെ സമ്പന്നനാക്കുന്നുവെന്നും അതിൽ അവൻ ദുഃഖമൊന്നും കൂട്ടുന്നില്ലെന്നും അങ്ങ് പറഞ്ഞു. ഈ വിലയേറിയ വാഗ്‌ദത്തം ഞാൻ എൻ്റെ ജീവിതത്തിനായി മുറുകെ പിടിക്കുന്നു. എൻ്റെ ദാരിദ്ര്യം സ്വയം ഏറ്റെടുത്ത് അങ്ങയുടെ ത്യാഗത്തിലൂടെ സമൃദ്ധിയുടെ വാതിൽ തുറന്നതിന് അങ്ങേക്ക് നന്ദി. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന സമ്പത്ത്, ദുഃഖമല്ല, സന്തോഷം നൽകുന്ന സമ്പത്താണ് എനിക്ക് ലഭിക്കുന്നത്. അങ്ങയുടെ അനുഗ്രഹം എനിക്കും എൻ്റെ കുടുംബത്തിനും സമൃദ്ധി നൽകട്ടെ, അങ്ങനെ ഞങ്ങൾക്ക് തഴച്ചുവളരാനും മറ്റുള്ളവർക്ക് അനുഗ്രഹമാകാനും കഴിയും. ഞാൻ എൻ്റെ വഴിപാടുകൾ നൽകുകയും അങ്ങയുടെ പ്രവൃത്തിയിൽ പങ്കാളിയാകുകയും ചെയ്യുമ്പോൾ, എല്ലാ ഭാരങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും അങ്ങ് എന്നെ സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കർത്താവേ, അങ്ങ് മക്കളെപ്പോലെ എന്നെ ആശ്ലേഷിക്കണമേ, അങ്ങയുടെ സന്തോഷവും സമാധാനവും എൻ്റെ ജീവിതത്തിൽ കവിഞ്ഞൊഴുകട്ടെ. യേശുവിൻ്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.