എൻ്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങൾക്ക് വന്ദനം പറയുന്നു. ഇന്ന്, നമുക്ക് 1കൊരിന്ത്യർ 10:13-ൽ കാണുന്ന, ദൈവത്തിൽ നിന്നുള്ള മനോഹരമായ ഒരു വാഗ്‌ദത്തത്തെക്കുറിച്ച് ധ്യാനിക്കാം. അത് ഇപ്രകാരം പറയുന്നു, “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും." ഈ വാക്യത്തിൽ രണ്ട് പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, "ദൈവം വിശ്വസ്തനാണ്, നിങ്ങൾക്ക് കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ അവൻ നിങ്ങളെ അനുവദിക്കുകയില്ല." രണ്ടാമതായി, "പരീക്ഷയോടൊപ്പം, അവൻ രക്ഷപ്പെടാനുള്ള ഒരു വഴിയും നൽകും, അങ്ങനെ നിങ്ങൾക്ക് അത് സഹിക്കാൻ കഴിയും."

നിങ്ങൾക്ക് പരീക്ഷ നേരിടുമ്പോൾ, എൻ്റെ സുഹൃത്തേ, വിഷമിക്കേണ്ട കാര്യമില്ല. ചിലപ്പോൾ, വേദന അസഹനീയമായി തോന്നുന്നുണ്ടാകാം, എന്തുകൊണ്ടാണ് നിങ്ങൾ പരീക്ഷ നേരിടുന്നതെന്നും എന്തുകൊണ്ടാണ് കർത്താവ് അത് അനുവദിച്ചതെന്നും നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ ധൈര്യപ്പെടുക! നിങ്ങൾക്ക് സഹിച്ചുനിൽക്കാൻ കർത്താവ് ഒരു വഴി നൽകും. ഇത് എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട കാര്യമാണ്. നമ്മുടെ ദൈവത്തിൻ്റെ പ്രധാന ഗുണങ്ങളിൽ ഒന്ന് എന്താണ്?  I കൊരിന്ത്യർ 1:9 ഉം I തെസ്സലൊനീക്യർ 5:24 ഉം പറയുന്നു, "കർത്താവ് വിശ്വസ്തനാണ്." അതെ, നാം സേവിക്കുന്ന കർത്താവ് തീർച്ചയായും വിശ്വസ്തനാണ്. ദൈവവചനത്തിൽ നിന്ന് നാം വായിക്കുകയും അവകാശപ്പെടുകയും ചെയ്യുന്നതെന്തും അവൻ തീർച്ചയായും നിറവേറ്റും. തൻ്റെ ജനത്തിന് വിജയം നൽകുന്നതിൽ അവൻ എപ്പോഴും ശ്രദ്ധാലുവാണ്.

അതിനാൽ, എൻ്റെ സുഹൃത്തേ, പരീക്ഷയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾ ഭയപ്പെടേണ്ടതില്ല. മോശയുടെയും ദാവീദിൻ്റെയും ജീവിതം നോക്കൂ. അവർ കർത്താവിനോട് വളരെ വിശ്വസ്തരായിരുന്നു (എബ്രായർ 3:5, II ശമൂവേൽ 2:6). രണ്ടുപേരും നിരവധി പരീക്ഷണങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നുപോയി, പക്ഷേ കർത്താവ് അവരോടൊപ്പം ഉണ്ടായിരുന്നു. വിശ്വസ്‌തരായി നിലകൊണ്ടതിനാൽ അവർക്ക് എന്തു സംഭവിച്ചു? സദൃശവാക്യങ്ങൾ 28:20 പറയുന്നു, "വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ." അതനുസരിച്ച്, അവർ രണ്ടുപേരും ദൈവത്തിൻ്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ സ്വീകരിച്ചു. കൂടാതെ, ലൂക്കൊസ് 19:17 പറയുന്നു, 'നിങ്ങൾ അത്യല്പത്തിൽ വിശ്വസ്തരാണെങ്കിൽ, കർത്താവ് നിങ്ങളെ പല കാര്യങ്ങൾക്ക് അധികാരമുള്ളവരാക്കും.'

നിങ്ങൾക്ക് ദൈവത്തിൽ എത്രമാത്രം വിശ്വാസമുണ്ട്? ദൈവം വിശ്വസ്തനാണെന്നും നിങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും നിങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, നാം ഇപ്പോൾ ധ്യാനിച്ചതുപോലെ നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും. ആ വിശ്വാസത്തോടെ നമുക്ക് തുടർന്നും വിശ്വസിക്കുകയും കർത്താവിങ്കലേക്ക് നോക്കുകയും ചെയ്യാം.

Prayer:
പ്രിയ പിതാവേ, അങ്ങ് വിശ്വസ്തനായ ദൈവമായതിനാൽ ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. എനിക്ക് രക്ഷപ്പെടാനുള്ള ഒരു മാർഗം അങ്ങ് നൽകുമെന്ന് ഉറപ്പുനൽകിയതിന് നന്ദി. അങ്ങയുടെ നുകം ചുമക്കാൻ എളുപ്പമാണ്. എന്തെന്നാൽ, അങ്ങ് എല്ലാം പരിപാലിക്കും. എല്ലാ സാഹചര്യങ്ങളിലും അങ്ങയെ വിശ്വസിക്കാനും ജയിക്കുന്നവളാകാനും എന്നെ സഹായിക്കേണമേ. അങ്ങ് ഒരിക്കലും എന്നെ കൈവിടുകയില്ല, വിജയത്തിൻ്റെ പാതയിലേക്ക് എന്നെ മനോഹരമായി നയിക്കും. കർത്താവേ, പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയെ വിശ്വസിക്കുന്നു, അങ്ങ് എന്നിൽ ഒരു നല്ല പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്നും അത് പൂർത്തിയാക്കാൻ അങ്ങ് വിശ്വസ്തനാണെന്നും എനിക്കറിയാം. അങ്ങ് എൻ്റെ ജീവിതത്തെ അലങ്കരിക്കാൻ പോകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.