വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. ഇന്ന്, നമുക്ക് 1 കൊരിന്ത്യർ 6:20 ധ്യാനിക്കാം, അത് ഇപ്രകാരം പറയുന്നു, “നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.”
യേശുക്രിസ്തു ക്രൂശിൽ തന്നെത്തന്നെ സമർപ്പിച്ചു. അവൻ കഷ്ടപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്തു. അവൻ ചൊരിഞ്ഞ വിലയേറിയ രക്തത്തിലൂടെ നമുക്ക് രക്ഷ പ്രാപിക്കാൻ കഴിയും. 2 കൊരിന്ത്യർ 5:17 - ൽ തിരുവെഴുത്ത് പറയുന്നതുപോലെ, "ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." നിങ്ങൾ ക്രിസ്തുവിലേക്ക് വരുമ്പോൾ, എല്ലാ പഴയ സ്വഭാവങ്ങളും പാപകരമായ വഴികളും നിങ്ങളുടെ ജീവിതത്തിൽ നിന്ന് നീക്കം ചെയ്യപ്പെടുകയും, നിങ്ങൾ പുതിയവരാകുകയും ചെയ്യും. ഈ ദിവ്യ പരിവർത്തനം എല്ലാവർക്കും ലഭിക്കുന്നതിനുവേണ്ടിയാണ് യേശു സ്വയം ഒരു യാഗമായി സമർപ്പിക്കാൻ ലോകത്തിലേക്ക് വന്നത്. യേശുക്രിസ്തുവിന്റെ രക്തത്തിന് നമ്മെ ശുദ്ധീകരിക്കാനും ഒരു പുതിയ സൃഷ്ടിയാക്കാനുമുള്ള ശക്തിയുണ്ട്.
ശൌലിന്റെ ജീവിതം നോക്കൂ. അവൻ ക്രിസ്തുവിനെ എതിർത്തവനും, അവനെതിരെ എല്ലാത്തരം തെറ്റുകളും ചെയ്തവനുമായ ഒരു മനുഷ്യനായിരുന്നു. എന്നിട്ടും, യേശു തന്റെ അതിരറ്റ സ്നേഹത്താലും കാരുണ്യത്താലും അവനെ സമീപിച്ചു. കർത്താവുമായുള്ള ഒരു കൂടിക്കാഴ്ച ശൌലിനെ പൂർണ്ണമായും മാറ്റിമറിച്ചു, അവൻ ദൈവത്തിന്റെ ഒരു വിശുദ്ധനായ പൗലൊസായി മാറി. എന്റെ സുഹൃത്തേ, യേശുവിന്റെ രക്തം ശൌലിനെ രൂപാന്തരപ്പെടുത്തിയതുപോലെ, അതിന് നിങ്ങളുടെ ജീവിതത്തെയും മാറ്റാൻ കഴിയും. ഇപ്പോൾ, കുരിശിലേക്ക് നോക്കുക. കർത്താവ് നിങ്ങളെ വിളിക്കുന്നു. നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങളെ പുതുതാക്കാനും അവൻ ആഗ്രഹിക്കുന്നു. അവൻ ശൌലിനെ പൌലൊസാക്കി മാറ്റിയതുപോലെ, അവന് നിങ്ങളെയും മാറ്റാൻ കഴിയും. കർത്താവ് പറയുന്നു, "എന്റെ പൈതലേ, എന്റെ അടുക്കൽ വരൂ, ഞാൻ നിനക്ക് ഒരു പുതിയ ഹൃദയം തരാം." അവൻ നിങ്ങൾക്കുവേണ്ടി മാത്രം ചെയ്ത ത്യാഗം കാണുക. താഴ്മയോടെ അവന്റെ മുമ്പാകെ വന്ന് കർത്താവിനോട് നിലവിളിച്ച് പറയുക, "പിതാവേ, എന്നോട് ക്ഷമിക്കണമേ. എന്റെ എല്ലാ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ. ശൌലിനെ പൗലൊസാക്കി മാറ്റിയതുപോലെ, കർത്താവേ, എന്നെയും മാറ്റണമേ!"
നിങ്ങളുടെ ഹൃദയത്തിൽ നിന്ന് ഈ പ്രാർത്ഥന ചൊല്ലുമ്പോൾ, നിങ്ങൾക്ക് യേശുക്രിസ്തുവിന്റെ രക്ഷ ലഭിക്കും. നിങ്ങൾ പാപത്താൽ ബന്ധിക്കപ്പെട്ടവരോ പാപശീലങ്ങളിൽ കുടുങ്ങിയവരോ ആണെങ്കിൽ കർത്താവിന്റെ അടുത്തേക്ക് വരൂ. അവന്റെ രക്തം നിങ്ങളെ പൂർണ്ണമായും ശുദ്ധീകരിക്കുകയും നിങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. ഇപ്പോൾ, നിങ്ങൾ പ്രാർത്ഥിക്കുമോ?
PRAYER:
പ്രിയ കർത്താവേ, അങ്ങയുടെ കരുണയും കൃപയും തേടി എളിമയുള്ള ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. എന്റെ രക്ഷയ്ക്കായി ചൊരിയപ്പെട്ട യേശുവിന്റെ വിലയേറിയ രക്തത്തിന് നന്ദി. കർത്താവേ, എന്റെ എല്ലാ പാപങ്ങളിൽ നിന്നും എന്നെ ശുദ്ധീകരിച്ച് ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയാക്കണമേ. ശൌലിനെ പൗലൊസാക്കി മാറ്റിയതുപോലെ, എന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തി എന്റെ ആത്മാവിനെ പുതുക്കണമേ. അങ്ങയുടെ വഴികളിൽ നടക്കേണ്ടതിന് അങ്ങയുടെ സ്നേഹവും സമാധാനവും നീതിയും കൊണ്ട് എന്നെ നിറയ്‌ക്കേണമേ. എല്ലാ പാപ സ്വഭാവങ്ങളും ഉപേക്ഷിച്ച്, അങ്ങിൽ നിന്ന് എന്നെ വേർതിരിക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ. എന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും അങ്ങയെ മഹത്വപ്പെടുത്താൻ എന്നെ സഹായിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണ്. ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അനുഗമിക്കേണ്ടതിന് എന്റെ വിശ്വാസം ശക്തിപ്പെടുത്തേണമേ. കർത്താവായ യേശുവേ, ഞാൻ എന്റെ ജീവിതം പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ പരിപൂർണ്ണ ഹിതത്തിൽ എന്നെ നയിക്കണമേ. അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും അങ്ങിൽ എന്നെ ഒരു പുതിയ വ്യക്തിയാക്കിയതിനും അങ്ങേക്ക് നന്ദി. ആമേൻ.