പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളെ അഭിവാദ്യം ചെയ്യുന്നത് എത്ര സന്തോഷകരമാണ്! പ്രത്യേകിച്ച് ക്രിസ്തുവിലുള്ള എന്റെ പ്രിയ സഹോദരിമാരേ, ഞാൻ നിങ്ങൾക്ക് വളരെ അനുഗ്രഹീതമായ വനിതാ ദിനം ആശംസിക്കുന്നു. ഇന്ന്, നമുക്ക് 2 കൊരിന്ത്യർ 6:2 ധ്യാനിക്കാം, അവിടെ കർത്താവ് ഇപ്രകാരം പ്രഖ്യാപിക്കുന്നു, “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു.” തീർച്ചയായും, ശരിയായ സമയം ഇപ്പോഴാണ്. ഇന്ന് രക്ഷയുടെ ദിവസമാണ്. ഈ വാക്യം നമുക്ക് എത്ര വലിയ പ്രത്യാശ നൽകുന്നു! നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കേണ്ട ശരിയായ സമയമാണിതെന്ന് കർത്താവ് നമുക്ക് ഉറപ്പ് നൽകുന്നു. അതിനാൽ, പ്രിയ സുഹൃത്തേ, ഇന്ന് നിങ്ങളുടെ പ്രാർത്ഥന എന്തുതന്നെയായാലും അത് പൂർണ്ണഹൃദയത്തോടെ ദൈവത്തിന് സമർപ്പിക്കുക. അവൻ്റെ ദൃഷ്ടിയിൽ നിങ്ങൾ കൃപ കണ്ടെത്തിയിരിക്കുന്നു. ഈ വർഷം അനുഗ്രഹീതമായ മഴയുടെ വർഷമാണ്, നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും കർത്താവ് ഉത്തരം നൽകും.
നോഹ ദൈവത്തിൻ്റെ ദൃഷ്ടിയിൽ കൃപ കണ്ടെത്തി. ദൈവത്തിൻ്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ യേശു കൃപ കണ്ടെത്തി. മോശെ ദൈവത്തിൻ്റെ ദൃഷ്ടിയിൽ കൃപ കണ്ടെത്തി. ഈ കൃപ കാരണം, അവർ ആവശ്യപ്പെട്ടതെല്ലാം ദൈവം അവർക്ക് നൽകി. ഇത് നിങ്ങളുടെ നിമിഷമാണ്. ഇപ്പോൾ നിങ്ങളുടെ അത്ഭുതത്തിനുള്ള സമയമാണ്, പ്രിയ സുഹൃത്തേ! ഒരിക്കൽക്കൂടി കർത്താവ് പ്രഖ്യാപിക്കുന്നു, "ഇന്ന് രക്ഷയുടെ ദിവസമാണ്". “ഇന്നുമുതൽ ഞാൻ നിന്നെ അനുഗ്രഹിക്കും” എന്ന് കർത്താവ് ഉദ്ഘോഷിക്കുന്നത് വേദപുസ്തകത്തിലുടനീളം നാം കാണുന്നു. "ഇന്ന് നിങ്ങളുടെ വീട്ടിന്നു രക്ഷ വന്നിരിക്കുന്നു." ജനിക്കാൻ ഒരു ദിവസം, മരിക്കാൻ ഒരു ദിവസം, സ്നേഹിക്കാൻ ഒരു ദിവസം, വെറുക്കാൻ ഒരു ദിവസം തുടങ്ങി എല്ലാത്തിനും ദൈവം ദൈവിക നിർദ്ദേശങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
യേശു സക്കായിയുടെ ഭവനത്തിൽ പ്രവേശിച്ചപ്പോൾ, അവൻ അവൻ്റെ ജീവിതം പൂർണ്ണമായും പുനഃസ്ഥാപിച്ചു. കർത്താവ് പറഞ്ഞു, "ഇന്ന് രക്ഷയുടെ ദിവസമാണ്." മത്തായി 3:8-ൽ എഴുതിയിരിക്കുന്നതുപോലെ സക്കായിയുടെ മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്ച്ചു. അവൻറെ ജീവിതം പൂർണ്ണമായും മാറി. "അതുകൊണ്ടാണ് ലൂക്കൊസ് 19:8 - ൽ സക്കായി പറയുന്നത്, "എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു." എന്തൊരു പരിവർത്തനം!
കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനാണ് യേശു ഈ ലോകത്തിലേക്ക് വന്നത്. ഇന്ന് നിങ്ങളുടെ വീട്ടിന്നു രക്ഷ വരട്ടെ. ഇപ്പോൾ പ്രസാദകാലമാണ്. ഇന്ന് രക്ഷയുടെ ദിവസമാണ്. അതിനാൽ, പ്രിയ സുഹൃത്തേ, ഇന്ന് ഒരു പ്രതിജ്ഞയെടുക്കുക. കാലതാമസം വരുത്തരുത്! നിങ്ങളുടെ പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കുകയും ദൈവത്തിന് പൂർണ്ണമായും സ്വയം സമർപ്പിക്കുകയും ചെയ്യുക. "ഞാൻ യേശുവിനെ പിന്നീട് തിരഞ്ഞെടുക്കാം" എന്ന് പറയരുത്. നിങ്ങൾക്ക് "പിന്നീട്" ഇല്ലായിരിക്കാം. ഇപ്പോൾ സ്വീകാര്യമായ സമയമാണ്. കരുണയുടെ ദിവസം അവസാനിക്കുകയാണ്. യേശു ഉടൻ തിരിച്ചുവരും, കരുണയുടെ വാതിലുകൾ എന്നെന്നേക്കുമായി തുറന്നിരിക്കില്ല. നാം ഇന്ന് പ്രവർത്തിക്കണം, ഇപ്പോൾ തന്നെ!
ഒരു ദിവസം, എന്റെ ഭർത്താവ് ലോകമെമ്പാടും നിന്ന് അയച്ച എല്ലാ പ്രാർത്ഥനാ വിഷയങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുമ്പോൾ, ഒരു പ്രത്യേക വാക്യം അദ്ദേഹത്തിന്റെ മുമ്പിൽ തെളിഞ്ഞു, യോഹന്നാൻ 9:4. യേശു തന്നെ അദ്ദേഹത്തോട് സംസാരിക്കുന്നതുപോലെ തോന്നി, "എന്നെ അയച്ചവന്റെ പ്രവൃത്തി പകൽ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു." അതെ, പ്രിയ സുഹൃത്തേ, ഇപ്പോൾ പ്രവർത്തിക്കാനുള്ള സമയമാണ്. ദൈവത്തെ സേവിക്കാനുള്ള സമയമാണിത്. ഇപ്പോൾ പശ്ചാത്തപിക്കാനുള്ള സമയമാണ്. കാലതാമസം വരുത്തരുത്! ക്രിസ്തുവിനെ ഉടൻ സ്വീകരിക്കുക. നിങ്ങളുടെ ഭൂതകാലത്തിൽ സംഭവിച്ചതെന്തും ഉപേക്ഷിക്കുക. രക്ഷിക്കപ്പെടാനുള്ള ഈ ദൈവിക അവസരം നഷ്ടപ്പെടുത്തരുത്. കർത്താവ് തന്റെ വലിയ കരുണയിലും കൃപയിലും ഇന്ന് നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ തയ്യാറാണ്. നിങ്ങൾ നിങ്ങളുടെ ഹൃദയം ദൈവത്തിന് സമർപ്പിക്കുമോ? ഇപ്പോൾ മുട്ടുകുത്തി പ്രാർത്ഥിക്കുക. നിങ്ങളെത്തന്നെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുക. ക്രിസ്തുവിൽ നിങ്ങൾക്ക് കൃപ ലഭിക്കും. ഇന്ന് നിങ്ങളുടെ രക്ഷയുടെ ദിവസമാണ്.
PRAYER:
സ്നേഹവാനായ കർത്താവേ, അങ്ങയുടെ അനന്തമായ കാരുണ്യത്തിനും സ്നേഹത്തിനും നന്ദിയുള്ളവളായി ഞാൻ ഇന്ന് അങ്ങയുടെ സന്നിധിയിൽ വരുന്നു. ശരിയായ സമയത്ത്, അങ്ങ് ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുമെന്ന് അങ്ങ് വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇന്ന് രക്ഷയുടെ ദിവസമാണ്. കർത്താവേ, ഞാൻ എന്റെ ഹൃദയം പൂർണ്ണമായും അങ്ങേക്ക് സമർപ്പിക്കുന്നു. എല്ലാ ഭാരവും എല്ലാ പാപവും എല്ലാ സംശയവും ഞാൻ അങ്ങയുടെ പാദങ്ങളിൽ സമർപ്പിക്കുന്നു. എന്നെ ശുദ്ധീകരിക്കേണമേ, എന്റെ ആത്മാവിനെ പുതുക്കേണമേ, അങ്ങയുടെ കൃപ എന്നിൽ വസിക്കട്ടെ. കർത്താവേ, എന്റെ അത്ഭുതത്തിനുള്ള സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ അങ്ങയുടെ ദൈവിക സമയത്തിൽ വിശ്വസിക്കുന്നു. യേശുവേ, ഞാൻ ഇപ്പോൾ അങ്ങയെ തിരഞ്ഞെടുക്കുന്നു. ഞാൻ എന്റെ ഭൂതകാലത്തിൽ നിന്ന് വ്യതിചലിക്കുകയും അങ്ങ് എനിക്ക് വാഗ്ദാനം ചെയ്യുന്ന പുതിയ ജീവിതം സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങയുടെ രക്ഷ ഇന്ന് എൻ്റെ വീട്ടിലേക്കും കുടുംബത്തിലേക്കും എൻ്റെ ഹൃദയത്തിലേക്കും വരട്ടെ. കർത്താവേ, ഞാൻ പറയുന്നത് കേട്ടതിന് അങ്ങേക്ക് നന്ദി. യേശുവിൻ്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.