എൻ്റെ വിലയേറിയ സുഹൃത്തേ, ഇന്നത്തെ വാഗ്‌ദത്തം യോഹന്നാൻ 16:13-ൽ നിന്നുള്ളതാണ്, അത് ഇപ്രകാരം പ്രഖ്യാപിക്കുന്നു, “സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും.” അതെ, സത്യത്തിന്റെ ആത്മാവ്! യേശു പീലാത്തൊസിന്റെ മുമ്പിൽ നിന്നപ്പോൾ പീലാത്തൊസ് അവനോട് ചോദിച്ചു, "എന്താണ് സത്യം?" യേശു നേരത്തെ തന്നെ  "സത്യത്തിന്നു സാക്ഷിനിൽക്കേണ്ടതിന്നു ഞാൻ ജനിച്ചു" എന്ന് ഉത്തരം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ പീലാത്തൊസ് ഇപ്പോഴും ചോദിച്ചു, "എന്താണ് സത്യം?" എന്റെ സുഹൃത്തേ, സത്യം ഒരു 'എന്ത്' അല്ല; സത്യം ഒരു 'അവൻ' ആണ്. അതെ, സത്യം യേശുവാകുന്നു!

ഇന്ന്, ആളുകൾ എല്ലായിടത്തും സത്യം അന്വേഷിക്കുന്നു, പർവതശിഖരങ്ങളിലും താഴ്‌വരകളിലും  സമുദ്രങ്ങൾ കടന്നും അർത്ഥം തേടുന്നു, ഉത്തരങ്ങൾക്കായി തിരയുന്നു. എന്നാൽ യേശു തന്നെ പ്രഖ്യാപിച്ചു, “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു.” അവൻ മാത്രമാണ് ശുദ്ധവും മാറ്റമില്ലാത്തതും ശാശ്വതവുമായ പരമമായ സത്യം. നിങ്ങൾ സത്യം അറിയുമ്പോൾ നിങ്ങൾ സ്വതന്ത്രരാകും! പാപത്തിൽ നിന്ന് മോചനം, ശാപങ്ങളിൽ നിന്ന് മോചനം, നിങ്ങളിൽ നിന്ന് തന്നെ മോചനം നേടുന്നു. അതെ,  നിങ്ങൾ യേശുവിൻ്റെ പ്രതിച്ഛായയായി രൂപാന്തരപ്പെടും. അതിനാൽ, ഇന്ന് കർത്താവിനോട് നിലവിളിക്കുക, "കർത്താവേ, അങ്ങാണ് സത്യം! സത്യം കണ്ടെത്താനുള്ള മനുഷ്യനിർമിത വഴികളാൽ ചുറ്റപ്പെട്ട, നുണകൾ നിറഞ്ഞ ഒരു ലോകത്തിലാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ അങ്ങ് മാത്രമാണ് സത്യം, കർത്താവായ യേശുവേ, എനിക്ക് അങ്ങയെ വേണം!" നിങ്ങൾ ഇത് പൂർണ്ണഹൃദയത്തോടെ  പ്രാർത്ഥിക്കുമ്പോൾ, സത്യത്തിൻ്റെ ആത്മാവ്, അതായത് യേശുവിൻ്റെ ആത്മാവ്, നിങ്ങളിലേക്ക് പ്രവേശിക്കും. നിങ്ങളുടെ ആത്മാവും അവൻ്റെ ആത്മാവും ഒന്നിച്ച് നിങ്ങളെ ദൈവിക സത്യത്താൽ നിറയ്ക്കും.

എന്റെ സുഹൃത്തേ, സത്യം യേശുവാകുന്നു. യേശു വിശുദ്ധിയിൽ ഉൾപ്പെട്ടിരിക്കുന്നു. യേശു സ്നേഹത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണ്. അവന്റെ സ്നേഹം നിങ്ങളിൽ വസിക്കുമ്പോൾ, നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തുതന്നെയായാലും അത് നിങ്ങൾക്ക്  ജീവിക്കാനുള്ള പ്രത്യാശ നൽകുന്നു. ദുഃഖത്തിൽ പോലും, അവന്റെ ശബ്ദം ഉയർന്ന് പറയും, "എന്റെ പൈതലേ, ഞാൻ നിന്നെ സ്നേഹിക്കുന്നു. എന്റെ ശക്തിയാൽ ഞാൻ നിന്നെ താങ്ങിനിർത്തും." നിങ്ങൾക്ക് എന്ത് പാപമോ നഷ്ടമോ വേദനയോ വന്നാലും, നിങ്ങളുടെ ഉള്ളിലെ സത്യത്തിന്റെ ആത്മാവ് നിങ്ങളെ വിശുദ്ധീകരിക്കുകയും നിങ്ങളെ ദൈവത്തിന്റെ പൈതലായി ജീവിപ്പിക്കുകയും ചെയ്യും. സത്യം നിങ്ങളെ പാപത്തിൽ നിന്നും ദുഃഖത്തിൽ നിന്നും ഭയത്തിൽ നിന്നും മോചിപ്പിക്കും. നിങ്ങളുടെ ജീവിതം സത്യമായ യേശുവിന് സമർപ്പിക്കുകയും  അനുഗ്രഹിക്കപ്പെടുകയും ചെയ്യുക!

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, എന്നെ നയിക്കാനും സ്വതന്ത്രനാക്കാനും സത്യമായ യേശുവിനെ അയച്ചതിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. കർത്താവേ, ഞാൻ എൻ്റെ ജീവിതം അങ്ങേക്ക് സമർപ്പിക്കുന്നു. അങ്ങയുടെ സത്യാത്മാവിനാൽ എന്നെ നിറയ്ക്കണമേ. നുണകളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ഈ ലോകത്ത്, അങ്ങയുടെ ദൈവിക സത്യത്തിൽ നടക്കാൻ എന്നെ സഹായിക്കണമേ. എല്ലാ പാപങ്ങളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും ഭയങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കുകയും എന്നെ അങ്ങയുടെ പ്രതിച്ഛായയാക്കി മാറ്റുകയും ചെയ്യേണമേ. അങ്ങയുടെ വിശുദ്ധിയും സ്നേഹവും എന്നിൽ വസിക്കട്ടെ, "എൻ്റെ പൈതലേ, ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുന്ന അങ്ങയുടെ ശബ്ദം ഞാൻ കേൾക്കട്ടെ. കർത്താവേ, എന്നെ വിശുദ്ധീകരിക്കേണമേ, അങ്ങ് തിരഞ്ഞെടുത്തവനായി ജീവിക്കാൻ എന്നെ സഹായിക്കേണമേ. എൻ്റെ ഹൃദയം അങ്ങയെ മാത്രം അന്വേഷിക്കട്ടെ, അങ്ങയുടെ സത്യം എൻ്റെ ജീവിതത്തിൽ പ്രകാശിക്കട്ടെ. യേശുവിൻ്റെ  നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.