പ്രിയ സുഹൃത്തേ, ഇന്ന് നമുക്ക് സങ്കീർത്തനം 94:18-ലെ മനോഹരമായ ഒരു വാക്യം ധ്യാനിക്കാം. ഇവിടെ, ദാവീദ് ഇപ്രകാരം പ്രഖ്യാപിക്കുന്നു, “എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.” എന്തൊരു വാഗ്‌ദത്തം! ഈ ലോകത്തിലെ ഒരു ദുഷ്ടതയ്ക്കും ഒരു പ്രയാസത്തിനും നിങ്ങളെ തകർക്കാനോ പ്രതീക്ഷയ്ക്ക് അപ്പുറത്തേക്ക് വീഴ്ത്താനോ കഴിയില്ല. നിങ്ങൾക്ക് ഇനി പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് തോന്നുമ്പോഴും, കർത്താവ് നിങ്ങളെ താങ്ങി നിർത്തും. ദാവീദ് തന്നെ ജീവിതത്തിൽ വളരെയധികം അനുഭവിച്ചു. അവനെ നശിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അവനെതിരെ ഗൂഢാലോചന നടത്തിയ ശത്രുക്കളാൽ അവൻ ചുറ്റപ്പെട്ടിരുന്നു. അതുകൊണ്ടാണ് സങ്കീർത്തനം 38:16-ൽ അവൻ ഇങ്ങനെ നിലവിളിച്ചത്, “ അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പു പറയുമല്ലോ." ദാവീദിന്റെ ഹൃദയം നിലവിളിച്ചു, “കർത്താവേ, ആരും എന്നെ നിരാശപ്പെടുത്തരുതേ.” ഇതായിരുന്നു അവന്റെ ആത്മാർത്ഥമായ പ്രാർത്ഥന.

ദൈവം വിശ്വസ്തനായിരുന്നു. കർത്താവ് നിങ്ങളെ ഒരിക്കലും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല. അതുകൊണ്ടാണ് സങ്കീർത്തനം 18:35-ൽ നാം വായിക്കുന്നത്, "നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു." അതെ, കർത്താവ് നീതിമാന്മാരെ സംരക്ഷിക്കുന്നു. വീണ്ടും, സദൃശവാക്യങ്ങൾ 24:16 ൽ, "നീതിമാൻ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും." എന്തുകൊണ്ട്? ദൈവസ്നേഹം നിമിത്തം അവൻ നമ്മെ താങ്ങും. അബ്രഹാമിനോട് ചെയ്തതുപോലെ, അവൻ നമ്മുടെ പേരും മഹത്തരമാക്കും. കർത്താവ് പറഞ്ഞു, "ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും." ഇങ്ങനെയാണ് ദൈവം നീതിമാന്മാരെ ശക്തിയും സംരക്ഷണവും അവന്റെ അചഞ്ചലമായ സ്നേഹവും നൽകി അനുഗ്രഹിക്കുന്നത്. ഓ, ദൈവത്തിന് നിങ്ങളോടും എന്നോടും എത്രമാത്രം സ്നേഹമാണ്. യേശുവിന്റെ സ്നേഹം വളരെ സവിശേഷമാണ്. ദൈവസ്നേഹത്തിൽ നിന്ന് നമ്മെ വേർപെടുത്താൻ ഒന്നിനും കഴിയില്ല - പാപത്തിനോ രോഗത്തിനോ ഈ ലോകത്തിലെ ഒരു ശക്തിക്കോ കഴിയില്ല.

നിങ്ങൾ കഷ്ടപ്പെടുന്നുണ്ടാകാം. ഒരുപക്ഷേ നിങ്ങൾ വളരെക്കാലമായി ഒരേ പാപവുമായി പോരാടുന്നുണ്ടാകാം. എന്നാൽ ഇത് ഓർക്കുക, യേശുക്രിസ്തുവിന്റെ രക്തം നിങ്ങളുടെ എല്ലാ പാപങ്ങളിൽ നിന്നും നിങ്ങളെ ശുദ്ധീകരിക്കും. നിങ്ങളുടെ ലംഘനങ്ങൾ നിമിത്തം യേശു മുറിവേൽപ്പിക്കപ്പെട്ടു. നിങ്ങളുടെ അകൃത്യങ്ങൾ നിമിത്തം അവൻ തകർന്നു. അവന്റെ മുറിവുകളാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു. അവന്റെ വലങ്കൈ നിങ്ങളെ താങ്ങും. അവൻ നിങ്ങളെ ഒരിക്കലും വീഴാൻ അനുവദിക്കില്ല. ദൈവത്തിന്റെ കരുണയും സ്നേഹവും നിങ്ങളെ താങ്ങും.

PRAYER:
പ്രിയ കർത്താവേ, എന്റെ കാൽ വഴുതുമ്പോഴും അങ്ങയുടെ കാരുണ്യം എന്നെ ഉയർത്തുന്നു. അങ്ങയുടെ ദയയാൽ എന്നെ താങ്ങി, അങ്ങയുടെ രക്ഷയുടെ പരിചകൊണ്ട് എന്നെ വലയം ചെയ്യേണമേ. ശത്രുക്കൾ എഴുന്നേൽക്കുമ്പോഴും കഷ്ടതകൾ വരുമ്പോഴും, എന്റെ പാറയും എന്റെ സംരക്ഷകനുമായിരിക്കണമേ. എന്നെ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുന്നതിനും എപ്പോഴും എന്റെ അരികിൽ നിൽക്കുന്നതിനും നന്ദി. അങ്ങയുടെ സൗമ്യത എന്നെ രൂപപ്പെടുത്തുകയും എന്നെ നീതിമാനാക്കുകയും ചെയ്യട്ടെ. അങ്ങയുടെ വലതുകൈ എന്നെ ശക്തനാക്കട്ടെ. കർത്താവായ യേശുവേ, അങ്ങയുടെ വിലയേറിയ രക്തത്താൽ എന്റെ പാപങ്ങൾ കഴുകിക്കളയണമേ. എന്റെ ജീവിതത്തിലെ എല്ലാ ശാരീരികവും വൈകാരികവും ആത്മീയവുമായ മുറിവുകളും സുഖപ്പെടുത്തണമേ. അങ്ങ് എന്നെ ഒരിക്കലും കൈ വിടുകയില്ലെന്ന് വിശ്വസിച്ചുകൊണ്ട്, അങ്ങയുടെ സ്നേഹമുള്ള കരങ്ങളിൽ ഞാൻ വിശ്രമിക്കുന്നു. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.