എന്റെ സുഹൃത്തേ, ദൈവം പറയുന്നു, “ ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു. ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും.” (II ദിനവൃത്താന്തം 1:12). ഇന്ന് ലോകം ഈ അഞ്ച് അനുഗ്രഹങ്ങൾക്കായി കൊതിക്കുന്നു. ദൈവമാണ് സകല ജ്ഞാനത്തിന്റെയും ഉറവിടം എന്ന് വേദപുസ്തകം പറയുന്നു (യാക്കോബ് 1:17), കൊലൊസ്യർ 2:3-ൽ, "ക്രിസ്തുവിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു" എന്ന് തിരുവെഴുത്ത് പ്രഖ്യാപിക്കുന്നു. നാം കർത്താവിനോട് യാചിക്കുമ്പോൾ, അവൻ തന്റെ ജ്ഞാനം നമുക്ക് സൗജന്യമായി നൽകുന്നുവെന്ന് വേദപുസ്തകം നമുക്ക് ഉറപ്പുനൽകുന്നു. ജ്ഞാനവും വിവേകവും നിറഞ്ഞ കർത്താവായ യേശുവിനെ നാം സ്വീകരിക്കുമ്പോൾ, നമ്മുടെ ഭൌമിക യാത്രയ്ക്കും യേശുവിനെ കൂടുതൽ ആഴത്തിൽ അറിയുന്നതിനും വേണ്ടി നമുക്ക് ദൈവികജ്ഞാനം ലഭിക്കുന്നു.
ഇന്ന്, ദൈവത്തിൻറെ ജ്ഞാനം നിങ്ങളുടെ ഉള്ളിൽ ഉള്ളതിനാൽ അവനെ സ്തുതിക്കുക. നിങ്ങളുടെ ഉള്ളിൽ ദൈവത്തെക്കുറിച്ചുള്ള അറിവ് ഉണ്ട്. ദൈവം നിങ്ങൾക്കായി നിശ്ചയിച്ച വഴികളിൽ നടക്കാൻ ജ്ഞാനം നിങ്ങളെ പ്രാപ്തരാക്കുന്നു. ലോകത്തിലും നിങ്ങളുടെ ജോലിയിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിവേകം നിങ്ങളെ സജ്ജരാക്കുന്നു. ജീവിതത്തിൽ മികവ് പുലർത്തുന്ന നിരവധി പേരുണ്ട്. അവർക്ക് അതിശയകരമായ ജ്ഞാനമുണ്ട്. അവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ ശോഭിക്കുകയും കൂടുതൽ സമ്പാദിക്കുകയും സൌന്ദര്യത്തിൽ വേറിട്ടുനിൽക്കുകയും അവരുടെ ജ്ഞാനം കാരണം ആളുകളെ തങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. എന്നാൽ പെട്ടെന്ന്, അവർക്ക് വിവേകത്തിന്റെ അഭാവം കാരണം അവർ വീഴുന്നു. ദുഷ്ടന്മാരുടെ ആക്രമണങ്ങളെയോ, ലോകത്തിലെ കഷ്ടപ്പാടുകളെയോ, ജീവിതത്തിലെ നഷ്ടങ്ങളെയോ എങ്ങനെ മറികടക്കണമെന്ന് അവർക്കറിയില്ല. വിവേകമില്ല.
അതുകൊണ്ടാണ് യേശു പറയുന്നത്, "ഞാൻ നിനക്ക് ജ്ഞാനവും വിവേകവും നൽകും. നീ പ്രകാശിക്കും, നീ എന്നേക്കും ശക്തനായി നിലനിൽക്കും." ദൈവഹിതം ചെയ്യുന്നവൻ ഉറച്ചുനിൽക്കുകയും എന്നേക്കും ജീവിക്കുകയും ചെയ്യും. അപ്പോൾ ധനവും സമ്പത്തും മാനവും അവരെ പിന്തുടരും. ദൈവം നിങ്ങൾക്ക് ഈ കൃപ നൽകട്ടെ.
കാരുണ്യ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥിയായ ഡാർവിൻ തങ്കപ്പനാണ് ഇതിന്റെ ജീവിക്കുന്ന സാക്ഷ്യം. നാഗർകോവിലിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവൻ കാരുണ്യയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. അവിടെവെച്ച് അവൻ ജീവിതത്തോട് ക്രിയാത്മകമായ മനോഭാവം വളർത്തിയെടുക്കുകയും ഉയരാൻ ദൃഢനിശ്ചയം ചെയ്യുകയും ചെയ്തു. അവൻ കർത്താവിനെ അനുസരിക്കുകയും അവന്റെ ഇഷ്ടം നിറവേറ്റുകയും ചെയ്തപ്പോൾ ദൈവം അവനെ ഉയർത്തി. യേശു തന്റെ മാതാപിതാക്കളെ അനുസരിക്കുകയും വലിയ ജ്ഞാനവും സ്ഥാനവും നേടുകയും ചെയ്തതുപോലെ, ദൈവഹിതത്തെ അനുസരിക്കുകയും എല്ലാറ്റിനുമുപരിയായി ശോഭിക്കുകയും ചെയ്തപ്പോൾ, ഡാർവിനും അത് അനുഭവപ്പെട്ടു. ബിരുദാനന്തര ബിരുദത്തിനുശേഷം, തൊഴിൽ വിപണി കഠിനമായിരുന്നു, പക്ഷേ ദൈവം അവന് ഒരു നല്ല ജോലി നൽകി, അവൻ തന്റെ ഔദ്യോഗികജീവിതത്തിൽ ഉയർന്നു. പിന്നീട്, ദൈവത്തിന്റെ ജ്ഞാനവും അറിവും, ആസിർ ടെക്നോളജീസ് (ASIR) എന്ന കൺസൾട്ടിംഗ് സേവന കമ്പനി സ്വന്തമായി ആരംഭിക്കാൻ അവനെ പ്രാപ്തനാക്കി. അവൻ ഒരു മുഴുവൻ സമയ ബിസിനസ്സ് ആരംഭിച്ചു, ഇന്ന് അവൻ അതിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്,അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് പ്രവർത്തിക്കുന്നു, ഇന്ത്യയിൽ ശാഖകളുണ്ട്. എന്റെ സുഹൃത്തേ, നിങ്ങളെയും ഉയർത്താൻ ദൈവം ആഗ്രഹിക്കുന്നു!
PRAYER:
സ്വർഗ്ഗീയ പിതാവേ, ജ്ഞാനം, വിവേകം, ധനം, സമ്പത്ത്, മാനം എന്നിവയെക്കുറിച്ചുള്ള അങ്ങയുടെ വാഗ്‌ദത്തത്തിന് ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങ് എന്റെ മുമ്പിൽ വെച്ച പാതയിൽ നടക്കാൻ എന്റെ ഹൃദയത്തിൽ ദൈവീക ജ്ഞാനം നിറയ്‌ക്കേണമേ. വിശ്വാസത്തോടും വിവേകത്തോടും കൂടി ജീവിതത്തിലെ വെല്ലുവിളികളെ മറികടക്കാനുള്ള അറിവ് എനിക്ക് നൽകേണമേ. എല്ലാറ്റിനുമുപരിയായി അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ; ജ്ഞാനത്തിൻറെ നിക്ഷേപങ്ങളൊക്കെയും അങ്ങിൽ മറഞ്ഞിരിക്കുന്നു എന്നു ഞാൻ അറിയുന്നു. മറ്റുള്ളവരെ അങ്ങയുടെ സ്നേഹത്തിലേക്കും സത്യത്തിലേക്കും ആകർഷിക്കുന്ന അങ്ങയുടെ ജ്ഞാനത്താൽ എൻറെ ജീവിതം പ്രകാശിക്കട്ടെ. എന്റെ കൈകളുടെ പ്രവൃത്തിയെ അനുഗ്രഹിക്കുകയും അങ്ങയുടെ ഇഷ്ടപ്രകാരം അഭിവൃദ്ധി പ്രാപിക്കാൻ എന്നെ നയിക്കുകയും ചെയ്യട്ടെ. ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയുടെ നാമത്തിന് മഹത്വം നൽകാൻ അങ്ങയുടെ കൃപ എന്നെ ഉയർത്തട്ടെ. കർത്താവേ, അങ്ങയുടെ വഴികളിൽ നടക്കുന്നവരെ പിന്തുടരുന്ന അങ്ങയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾക്ക് അങ്ങേയ്ക്ക് നന്ദി. യേശുവിന്റെ നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു, ആമേൻ.