എന്റെ വിലയേറിയ ദൈവപൈതലേ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തിൽ ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു! ഇന്ന് നാം ചിന്തിക്കുന്നത് രൂത്ത് 2:12-നെക്കുറിച്ചാണ്, അത്  ഇപ്രകാരം പറയുന്നു, “നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്കട്ടെ; യിസ്രായേലിന്റെ ദൈവമായ യഹോവ, നിനക്കു പൂർണ്ണപ്രതിഫലം തരുമാറാകട്ടെ.”

മോവാബ്യരുടെ ദൈവത്തെ പിന്തുടർന്ന് തൻറെ ജനത്തിൻറെ വഴികളിൽ വളർന്ന ഒരു മോവാബ്യ സ്ത്രീയായിരുന്നു രൂത്ത്. എന്നിരുന്നാലും, ഒരു യിസ്രായേല്യ കുടുംബത്തിൽനിന്ന് വിവാഹം കഴിച്ചതിനുശേഷം, അവൾ വലിയ വിശ്വാസമുള്ള ഒരു സ്ത്രീയെ അതായത് അവളുടെ അമ്മായിയമ്മയായ നൊവൊമിയെ കണ്ടുമുട്ടി. ദൈവത്തിൻറെ വഴികൾ പിന്തുടരുന്നതിൽ അർപ്പണബോധമുള്ള ഒരു സ്ത്രീയായിരുന്നു നൊവൊമി. അവൾ തന്റെ മരുമക്കളെ വളരെയധികം സ്നേഹിച്ചു, രൂത്ത് ആ സ്നേഹത്തിലേക്ക് ആഴത്തിൽ ആകർഷിക്കപ്പെട്ടു. നൊവൊമിയുടെ വിശ്വാസവും ഭക്തിയും കാരണം രൂത്തും യിസ്രായേലിൻറെ ദൈവത്തെ പിന്തുടരാൻ തുടങ്ങി. ആ സമയത്ത് അവരുടെ അവസ്ഥ വളരെ മോശമായിരുന്നു. അവർ വളരെ ദരിദ്രരായിരുന്നു, അവർക്ക് ഒന്നും കഴിക്കാൻ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, അവരുടെ പോരാട്ടങ്ങൾക്കിടയിലും, രൂത്ത് നൊവൊമിയോടൊപ്പം വിശ്വാസത്തിൽ ഉറച്ചുനിന്ന് ഉത്സാഹത്തോടെ കർത്താവിനെ അന്വേഷിച്ചു. കർത്താവ് അവളുടെ ഹൃദയം കണ്ട് അവളിൽ പ്രസാദിച്ചു. രൂത്ത് 2:12-ൽ നാം വായിക്കുന്നതുപോലെ, അവൾ യിസ്രായേലിന്റെ സർവ്വശക്തനായ ദൈവത്തിന്റെ ചിറകിൻ കീഴിൽ വന്നു അവനിൽ അഭയം കണ്ടെത്തി.

എന്റെ സുഹൃത്തേ, നിങ്ങളുടെ കാര്യം എങ്ങനെയാണ്? യിസ്രായേലിന്റെ ദൈവത്തെ നിങ്ങളുടെ ജീവിതത്തിലേക്ക് സ്വീകരിച്ചിട്ടുണ്ടോ? അവൻ നിങ്ങളുടെ രക്ഷകനാണോ? രൂത്ത് ഒരു മോവാബ്യ സ്ത്രീയാണെങ്കിലും, പൂർണ്ണഹൃദയത്തോടെ കർത്താവിനെ അന്വേഷിച്ചു, അവളുടെ വിശ്വാസം നിമിത്തം അവൾക്ക് സമൃദ്ധമായി അനുഗ്രഹം ലഭിച്ചു. ദൈവം അവളെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തുകയും ബോവാസ് എന്ന ധനികന്റെ ഭാര്യയാക്കുകയും ചെയ്തു. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന്, അവൾക്ക് എല്ലാം നൽകപ്പെട്ടു. അവളുടെ ജീവിതം രൂപാന്തരപ്പെട്ടു! ഇന്ന്, നിങ്ങൾക്കും ശൂന്യത, നഷ്ടം, അല്ലെങ്കിൽ അനുഗ്രഹങ്ങൾ ഇല്ലെന്ന് തോന്നുന്നുവെങ്കിൽ, "എനിക്ക് ഒന്നുമില്ല-സമാധാനമില്ല, സന്തോഷമില്ല, പ്രതീക്ഷയില്ല" എന്ന് നിങ്ങൾ കരയുന്നത് നിങ്ങൾ കണ്ടെത്തിയേക്കാം. എന്നാൽ യിസ്രായേലിൻറെ ദൈവത്തിൻറെ സംരക്ഷണത്തിൻ കീഴിൽ വരിക! അവൻ സ്നേഹപൂർവം നിങ്ങളെ ഇപ്രകാരം വിളിക്കുന്നു, 'എന്റെ അടുക്കൽ വരൂ, ഞാൻ നിങ്ങളെ അനുഗ്രഹിക്കാം.' രൂത്തിനെ അനുഗ്രഹിച്ച അതേ ദൈവം നിങ്ങളെയും അനുഗ്രഹിക്കും. ഒന്നുമില്ലായ്മയിൽ നിന്ന്, നിങ്ങൾക്ക് എല്ലാം നൽകാൻ അവന്  കഴിയും! അതാണ് അവൻറെ വാഗ്ദാനം.

സദൃശവാക്യങ്ങൾ 10:22-ൽ നാം വായിക്കുന്നതുപോലെ, "യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല." എന്റെ സുഹൃത്തേ, യിസ്രായേലിന്റെ ഈ ദൈവത്തെ നിങ്ങൾ സ്വീകരിച്ചിട്ടുണ്ടോ? നിങ്ങൾക്കുവേണ്ടിയാണ് അവൻ ക്രൂശിൽ തന്റെ ജീവൻ നൽകിയത്. ഇന്ന് തന്നെ കുരിശിങ്കലേക്ക് വരിക. യേശുവിനെ നിങ്ങളുടെ രക്ഷകനായി സ്വീകരിക്കുക, അപ്പോൾ അവൻ നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും പുതിയ ജീവിതവും നൽകും!

PRAYER:
സ്വർഗ്ഗസ്ഥനായ പിതാവേ, നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. അങ്ങയുടെ സ്നേഹത്തിന്റെയും അഭയത്തിന്റെയും ചിറകിൻ കീഴിലേക്ക് എന്നെ വിളിച്ചതിന് അങ്ങേക്ക് നന്ദി. അങ്ങ് രൂത്തിനെ അനുഗ്രഹിച്ചതുപോലെ, എന്റെ ജീവിതം രൂപാന്തരപ്പെടുത്താൻ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു. എനിക്ക് ശൂന്യത അനുഭവപ്പെടുമ്പോൾ, അങ്ങ് എന്റെ ദാതാവാണെന്ന് എന്നെ ഓർമ്മിപ്പിക്കണമേ. രൂത്തിനെപ്പോലെ, അങ്ങയെ ജാഗ്രതയോടെ അന്വേഷിക്കാൻ എന്നെ സഹായിക്കണമേ. കർത്താവേ, എന്റെ ഉത്കണ്ഠകളും ഭാരങ്ങളും അങ്ങയുടെ ശക്തമായ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു. സന്തോഷവും സമൃദ്ധിയും നൽകിക്കൊണ്ടുകൊണ്ടു എന്റെ ജീവിതത്തിൽ അങ്ങയുടെ അനുഗ്രഹങ്ങൾ നിറഞ്ഞു കവിയട്ടെ. അങ്ങയുടെ കുരിശിനും, അങ്ങയുടെ സ്നേഹത്തിനും, അങ്ങയുടെ അനന്തമായ കൃപയ്ക്കും നന്ദി. യേശുവേ, അങ്ങ് എനിക്ക് ഒരു പുതിയ ജീവിതം നൽകുമെന്ന് പൂർണ്ണമായി വിശ്വസിച്ചുകൊണ്ട് ഞാൻ അങ്ങയെ എന്റെ കർത്താവും രക്ഷകനുമായി സ്വീകരിക്കുന്നു.  യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.