എന്റെ വിലയേറിയ ദൈവപൈതലേ, ദൈവത്തിന്റെ സാന്നിധ്യത്തിൽ നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തന്റെ വിലയേറിയ വചനത്തിലൂടെ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇന്ന്, കർത്താവ് നമുക്ക് സങ്കീർത്തനം 18:29-ൽ നിന്ന് മനോഹരമായ ഒരു വാഗ്ദത്തം നൽകിയിട്ടുണ്ട്. അത് ഇപ്രകാരം പറയുന്നു, “നിന്നാൽ ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.” യെശയ്യാവ് 40:31-ലും നാം വായിക്കുന്നു, "യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും." സങ്കീർത്തനം 34:10-ൽ ദൈവവചനം പ്രഖ്യാപിക്കുന്നു, "ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മെക്കും കുറവില്ല." അതെ, എന്റെ സുഹൃത്തേ, ദൈവത്തിന് എല്ലാം സാധ്യമാണ്! എന്റെ സ്വന്തം ജീവിതത്തിൽ, ഈ സത്യത്തെക്കുറിച്ചുള്ള മനോഹരമായ ഒരു അനുഭവം എനിക്കുണ്ടായി. എൻറെ ഭർത്താവ് ജീവിച്ചിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹം ദിവസങ്ങളോളം പ്രസംഗിക്കുകയും ഞാൻ അദ്ദേഹത്തെ അനുഗമിക്കുകയും എനിക്ക് കഴിയുന്ന വിധത്തിൽ സഹായിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അദ്ദേഹം മരിച്ചതിനുശേഷം സിഡ്നിയിൽ നിന്നും ഓസ്ട്രേലിയയിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും എനിക്ക് ഒരു കോൾ ലഭിച്ചു. 23 ദിവസത്തിനുള്ളിൽ എനിക്ക് 17 പ്രാവശ്യം പ്രസംഗിക്കേണ്ടിവന്നു! ഇത് എൻ്റെ മുമ്പിൽ മറികടക്കാനാവാത്ത മതിലായി തോന്നി. ഞാൻ ഇതുവരെ ഇങ്ങനെ പ്രസംഗിച്ചിട്ടില്ലാത്തതിനാൽ ഞാൻ വിഷമിച്ചു.

എന്നാൽ പിന്നീട് ഒരു കുടുംബം എനിക്കായി അവരുടെ വീട് തുറന്നുതരുകയും അവിടെ പ്രാർത്ഥനയിൽ സമയം ചെലവഴിക്കാൻ എന്നെ ക്ഷണിക്കുകയും ചെയ്തു. ഞാൻ മൂന്ന് ദിവസം ഉപവാസത്തിനും ദൈവത്തിന്റെ സാന്നിധ്യം തേടുന്നതിനും നീക്കിവെച്ചു. ആ സമയത്ത്, എനിക്ക് ആവശ്യമായ എല്ലാ സന്ദേശങ്ങളും നൽകിക്കൊണ്ട് കർത്താവ് തൻറെ വചനത്തിലൂടെ എന്നെ ശക്തിപ്പെടുത്തി. ഞായറാഴ്ച ഞാൻ പള്ളിയിൽ പോയപ്പോൾ, കർത്താവ് എനിക്ക് നൽകിയ അതേ വാക്യത്തിൽ നിന്നാണ് പാസ്റ്റർ പ്രസംഗിച്ചത്! ദൈവത്താൽ നമുക്ക് എന്തും ചെയ്യാൻ കഴിയും! ദൈവവചനത്തിലൂടെ ഞാൻ ശക്തിപ്പെട്ടു. ഞാൻ പരിശുദ്ധാത്മാവിന്റെ ശക്തിയിൽ മുന്നോട്ട് പോയി, ദൈവം അത്ഭുതങ്ങൾ ചെയ്തു. അനേകർ രക്ഷിക്കപ്പെട്ടു, അനേകർ കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ടു. എന്റെ ജീവിതത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ യേശു എന്നോടൊപ്പമുണ്ടായിരുന്നതിനാൽ, അവന്റെ മഹത്വത്തിനായി എല്ലാം മനോഹരമായി ചെയ്യാൻ എനിക്ക് കഴിഞ്ഞു.

അതെ, എന്റെ സുഹൃത്തേ, അതേ കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും! അവനെ മുറുകെപ്പിടിക്കുക, എല്ലാം പൂർത്തിയാക്കാൻ അവൻ നിങ്ങളെ പ്രാപ്തരാക്കും. നിങ്ങളുടെ ദൈവത്തിന് എല്ലാം സാധ്യമാണ്. ഇപ്പോൾ നമുക്ക് ദൈവത്തിൻറെ സന്നിധിയിൽ നിലവിളിക്കാം. ഇതുവരെ നിങ്ങൾക്ക് ചെയ്യാൻ കഴിയാത്തതെന്തും, നിങ്ങൾ അത് മനോഹരമായ രീതിയിൽ നിറവേറ്റും!

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങേയ്ക്ക് എല്ലാം സാധ്യമാണെന്ന് വിശ്വസിച്ചുകൊണ്ട്, നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞാൻ അങ്ങയുടെ സന്നിധിയിൽ വരുന്നു. കർത്താവേ, എന്റെ മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും മറികടക്കാൻ അങ്ങ് എന്നെ പ്രാപ്തയാക്കുമെന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ അങ്ങയോട് പറ്റിനിൽക്കുന്നു. കർത്താവേ, എന്റെ ശക്തി പുതുക്കുകയും പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കാൻ എന്നെ സഹായിക്കുകയും ചെയ്യേണമേ. പിതാവേ, എന്റെ ഭയങ്ങളും ബലഹീനതകളും പരിമിതികളും ഞാൻ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. എന്റെ ജീവിതത്തിനായി അങ്ങ് ഉദ്ദേശിച്ചതെല്ലാം നിറവേറ്റാൻ അങ്ങയുടെ പരിശുദ്ധാത്മാവിലൂടെ എന്നെ ശക്തിപ്പെടുത്തേണമേ. എന്റെ ബലഹീനതയിൽ അങ്ങയുടെ ദിവ്യശക്തി പൂർണമാകട്ടെ. കർത്താവേ, എന്നോടൊപ്പം നിൽക്കുന്നതിനും എന്നെ നയിക്കുന്നതിനും എല്ലാം സാധ്യമാക്കിയതിനും അങ്ങേക്ക് നന്ദി. യേശുവിൻ്റെ  നാമത്തിൽ, ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.